ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ ഒഡീഷയിൽ കൂട്ട ഒഴിപ്പിക്കൽ. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി എട്ടുലക്ഷം പേരെയാണ് ഒഴിപ്പിക്കുന്നത്. പത്തുലക്ഷം പേരെ പാർപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങൾ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.
റെയിൽവേ 81 ട്രെയിനുകൾ റദ്ദാക്കി. ഹൗറ-ചെന്നൈ സെൻട്രൽ കോറോമാൻഡൽ എക്സ്പ്രസ്, പാറ്റ്ന-എറണാകുളം എക്സ്പ്രസ്, ന്യൂഡൽഹി-ഭുവനേശ്വർ രാജധാനി എക്സ്പ്രസ്, ഹൗറ-ഹൈദരാബാദ് ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ഭുവനേശ്വർ-രാമേശ്വരം എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ചില ട്രെയിനുകൾ. റദ്ദാക്കിയ ട്രെയിനുകളിൽ സീറ്റ് ബുക്ക് ചെയ്തവർ മൂന്നു ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയാൽ പണം മടക്കി നൽകുമെന്ന് റെയിൽവേ അറിയിച്ചു.
ചുഴലിക്കാറ്റ് വ്യാഴാഴ്ച ഒഡീഷയിൽ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബ്രഹ്മപുർ മുതൽ പുരി വരെയുള്ള നഗരങ്ങളിൽ അപകടകരമായ കാറ്റ് ദുരന്തം വിതയ്ക്കുമെന്നും അഞ്ചു ജില്ലകളിൽ കനത്തനാശനഷ്ടങ്ങൾക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങൾക്കും മുൻകരുതൽ സ്വീകരിക്കാൻ നിർദേശമുണ്ട്.