നടുറോഡിൽ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ യുവാവിന്റെ ശ്രമം. തളിപ്പറന്പ് സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിംഗ് അസിസ്റ്റൻഡുമായ രമയെയാണ് ഭർത്താവ് ഷനോജ് കുമാർ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണു സംഭവം.
എൻജിഒ ക്വാട്ടേഴ്സ് പരിസരത്തുനിന്നു ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് ഷനോജ്കുമാർ പെട്രോൾ ഒഴിക്കുകയായിരുന്നു. ഇതോടെ രമ ഓടി തൊട്ടടുത്തുള്ള വീട്ടിൽ അഭയം തേടി. തുടർന്ന് വീട്ടുകാരും സമീപവാസികളും ചേർന്ന് ഷനോജ്കുമാറിനെ പിടികൂടുകയായിരുന്നു. രമയ്ക്കു പരിക്കില്ല.
അഞ്ചുവർഷം മുന്പ് വിവാഹിതരായ ഷനോജ്കുമാറും രമയും ഇപ്പോൾ രണ്ടിടത്തായാണു താമസം. ഇവർ വിവാഹ മോചനത്തിനു ശ്രമിക്കുന്നതിനിടെയാണ് അപായപ്പെടുത്താൻ ഷനോജ്കുമാർ ശ്രമിച്ചത്. ഷനോജ്കുമാറിനെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകശ്രമത്തിന് കേസെടുത്തതായും ചേവായൂർ പോലീസ് അറിയിച്ചു.