വി.
മത്തായിയുടെയും വി. ലൂക്കായുടെയും സുവിശേഷങ്ങളിലാണല്ലോ തിരുപ്പിറവിയെക്കുറിച്ചുള്ള വിവരണം നമുക്കു ലഭിക്കുക. ലോകത്തിനു മുഴുവന്‍ സന്തോഷമാകേണ്ട വാര്‍ത്തയാണ് മാലാഖമാര്‍ അന്നു അറിയിച്ചത്. സഭാമക്കള്‍ ഏറെ ആഘോഷത്തോടെ കൊണ്ടാടുന്ന തിരുനാളാണ് ഇന്നത്. ഇത് ന്യായവും യുക്തവുമാണെന്ന് നമുക്കറിയാം. പക്ഷേ നമ്മെ വേദനിപ്പിക്കുന്ന ഒരു കാര്യവും തിരുപ്പിറവിയോട് അനുബന്ധിച്ചോര്‍ക്കേണ്ടതുണ്ട്. ബേത്‌ലഹേമില്‍ പിറന്ന കുഞ്ഞിന് ഈശോ എന്നു പേരിട്ടു എന്ന പറഞ്ഞശേഷം ഉടനെ വി. മത്തായി അവതരിപ്പിക്കുന്നത് കിഴക്കുനിന്നുവന്ന ജ്ഞാനികളുടെ സന്ദര്‍ശനത്തെക്കുറിച്ചാണ്. അവര്‍ വന്നത് യൂദന്മാരുടെ രാജാവായി ജനിച്ച ശിശുവിനെ കാണാനായിരുന്നു. ആ യാത്രയില്‍ വഴികാട്ടിയ ഒരു നക്ഷത്രത്തെക്കുറിച്ചും അന്നത്തെ രാജാവായിരുന്ന ഹേറോദേസിനെ അവര്‍ അറിയിച്ചു.

ഹേറോദേസ് ഏറെ പരിഭ്രാന്തനായി എന്നു പറയേണ്ടതില്ലല്ലോ. അങ്ങനെയൊരു ശിശു വളരുന്നത് തനിക്കും കുടുംബത്തിനും ഭീക്ഷണിയാകുമെന്നായിരുന്നു അയാളുടെ ചിന്ത. തിടുക്കത്തില്‍ വേദപണ്ഡിതന്മാരെയും പ്രധാനപുരോഹിതരെയും വിളിച്ചുകൂട്ടിയ ഹേറോദേസ് ശിശുവിന്റെ ജനനസ്ഥലത്തെക്കുറിച്ച് ആരാഞ്ഞു. മിശിഹാ ബേത്‌ലഹേമിലാണ് ജനിക്കുന്നതെന്നു മനസ്സിലാക്കിയ ഹേറോദേസ് കിഴക്കുനിന്നെത്തിയ ജ്ഞാനികളെ വിളിച്ച് അവര്‍ പോയി ശിശുവിനെ ആരാധിച്ചശേഷം തനിക്കും പോയി ശിശുവിനെ വണങ്ങാനായി തിരികെവന്ന് വിവരമറിയിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ഈ ജ്ഞാനികള്‍ ഈശോയെ കണ്ടുവണങ്ങിയതിനു ശേഷം സ്വര്‍ഗ്ഗത്തില്‍നിന്നു കിട്ടിയ അറിയിപ്പനുസരിച്ച് മറ്റൊരുവഴിയെ തിരിച്ചുപോയി.

പിന്നീട് കര്‍ത്താവിന്റെ ദൂതന്‍ യൗസേപ്പിനു സ്വപ്നത്തില്‍ നല്കിയ സന്ദേശമനുസരിച്ച് അദേഹം ശിശുവിനെയും മാതാവിനെയും കൂട്ടി ഈജിപ്തിലേക്ക് ധൃതിയില്‍ യാത്രയായി. അങ്ങനെ ഈശോയെക്കുറിച്ചുള്ള മറ്റൊരു പ്രവചനവും നിറവേറി. ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചുവെന്നറിഞ്ഞതിനാല്‍ രോഷാകുലനായ ഹേറോദേസാകട്ടെ അവരില്‍നിന്നു മുന്‍പ് ലഭിച്ച വിവരങ്ങളെ ആധാരമാക്കി ജറുസലേമിലും പരിസരങ്ങളിലും രണ്ടുവയസില്‍ താഴെയുള്ള ആണ്‍കുട്ടികളെയെല്ലാം വധിക്കാന്‍ കല്പ്പിച്ചു (മത്താ. 2,17). അങ്ങനെ ഈശോയുടെ നാമത്തെ പ്രതി രക്തസാക്ഷിത്വം പുല്കിയ അവരെ, സഭ മറക്കുന്നില്ല. തിരുപ്പിറവിയോടനുബന്ധിച്ച് ആഘോഷിക്കുന്ന ‘കുഞ്ഞിപ്പൈതങ്ങളുടെ ഓര്‍മ്മ’ (ഡിസംബര്‍ 28) നമുക്ക് പ്രചോദനമാകേണ്ടതുണ്ട്. ഈശോയ്ക്കുള്ള ആദ്യ രക്തസാക്ഷികളാണല്ലോ അവര്‍.

രക്തസാക്ഷികള്‍ സഭയുടെ അടിത്തറ

യൂദായില്‍ മാത്രമല്ല ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടത്. സുവിശേഷസന്ദേശം അറിയപ്പെടാനിടയായ ഇടങ്ങളിലെല്ലാം സഭാമക്കള്‍ പീഡനങ്ങള്‍ സഹിച്ചു. റോമാസാമ്രാജ്യത്തിലാരംഭിച്ച പീഡനങ്ങള്‍ എല്ലാ നാടുകളിലും തുടര്‍ന്നു. പഴയകാലത്തുതന്നെ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലും ചൈനയിലുമെല്ലാം മതപീഡനങ്ങള്‍ സാധാരണമായിരുന്നു.

ആധുനിക കാലത്ത് ഹിറ്റ്‌ലറും സ്റ്റാലിനും മാവോയുമെല്ലാം വിശ്വാസത്തിന്റെ പേരില്‍ എത്ര ക്രൈസ്തവരെയാണു രക്തസാക്ഷികളാക്കിയത്, ചില പ്രത്യയശാസ്ത്രങ്ങള്‍ അടിസ്ഥാനപരമായിതന്നെ മതവിരുദ്ധങ്ങളാണല്ലോ. ഇത്തരം പ്രത്യയശാസ്ത്രങ്ങളിലടിയുറച്ചു നിന്നപ്പോഴാണ് ചൈനയും റഷ്യയുമെല്ലാം മതങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചത്. ഭാരതത്തിലാകട്ടെ തീവ്രവര്‍ഗ്ഗീയത മതപീഡനത്തിനു അരങ്ങൊരുക്കുന്ന കാഴ്ച്ചയാണിന്ന് ദൃശ്യമാവുക. സമ്പൂര്‍ണ്ണ ആധിപത്യത്തിനുള്ള ശ്രമമാണ് അവര്‍ ഇന്നു നടത്തുന്നത്. ~ഒരു സ്ഥലത്ത് തങ്ങളുടെ ഒരു ക്ഷേത്രമുണ്ടെങ്കില്‍ മറ്റു മതങ്ങളുടെ ആരാധനാലയം അവിടെ പാടില്ല എന്നാണ് ഈയിടെ ഒരു വിദ്വാന്‍ പറഞ്ഞുവച്ചത്. മറ്റു മതസ്ഥരൊന്നും ഇന്ത്യയില്‍ വേണ്ട എന്ന തിവ്രനിലപാട് പലരും പലപ്പോഴായി പ്രകടമാക്കിയിട്ടുണ്ടല്ലോ.ഇപ്പോള്‍ ഭരണകൂടത്തിനും രാഷ്ട്രീയനേതാക്കള്‍ക്കും ന്യായാധിപന്മാര്‍ക്കുപോലും മതകാര്യങ്ങളില്‍ ഇടപെടാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുകയാണല്ലോ.

തിരുപ്പിറവിയോടൊപ്പം ഇശോയ്ക്കായി രക്തസാക്ഷിത്വം വരിച്ച കുഞ്ഞിപ്പൈതങ്ങളെയും നാം മറന്നുകളയരുത്.ക്രസ്മസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങള്‍ ഏവര്‍ക്കും നേരുന്നു. ധീരതയോടെ ക്രിസ്തവിനു സാക്ഷ്യം വഹിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ.