കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ നടന്ന കള്ളവോട്ടുകൾക്കെതിരേ പഴുതടച്ച നിയമനടപടികളുമായി കോൺഗ്രസ്. ഇതിനായി ജില്ലയിലെ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. കള്ളവോട്ട് നടന്ന ബൂത്തുകളിലെ പോളിംഗ് ഏജന്റുമാരുടെ ഒരു യോഗം ഇന്ന് നിയമവിദഗ്ധരുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10ന് ചേരുന്ന യുഡിഎഫ് പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നിയമ നടപടികൾ ചർച്ച ചെയ്യും.
കണ്ണൂർ ലോക്സഭാ മണ്ഡലം പരിധിയിൽ മട്ടന്നൂർ, തളിപ്പറന്പ്, ധർമടം അസംബ്ലി മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായാണ് യുഡിഎഫിന്റെ വിലയിരുത്തൽ. ധർമടം മണ്ഡലത്തിൽ പിണറായി, വേങ്ങാട്, പെരളശേരി പഞ്ചായത്തുകളിലും തളിപ്പറന്പിൽ മയ്യിൽ, മലപ്പട്ടം, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലും മടന്നൂർ മണ്ഡലത്തിൽ മട്ടന്നൂർ മുനിസിപ്പിലാറ്റി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കള്ളവോട്ട് നടന്നതായി നേതാക്കൾ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങളിലെ ബൂത്ത് ഏജന്റുമാരുടെ യോഗം വിളിച്ചുചേർക്കുന്നത്.
നിയമപരമായി ഉപയോഗിക്കാൻ കഴിയുന്ന തെളിവുകൾ ശേഖരിക്കുകയാണ് അഭിഭാഷക സമിതിയുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ നടക്കുന്ന യോഗം പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനുപുറമെയാണ് അടിത്തട്ട് മുതലുള്ള വിവരശേഖരണം നടത്തുന്നത്. വിവരാവകാശ നിയമപ്രകാരവും സ്ഥാനാർഥിയുടെ അപേക്ഷ നൽകിയും പരമാവധി രേഖകൾ സംഘടിപ്പിക്കും.