രു സര്‍ക്കാര്‍ ജോലി കിട്ടിയിട്ടുവേണം ലീവെടുക്കാന്‍ എന്ന പഴയ മോഹന്‍ലാല്‍ കഥാപോത്രത്തെപ്പോലെ ചിന്തിക്കുന്നവര്‍ ധാരാളമുണ്ടാകും. ജീവിത സുരക്ഷിതത്വവും സാമ്പത്തിക ഉന്നമനവും ഒക്കെയാണ് വ്യക്തികള്‍ സര്‍ക്കാര്‍ ജോലികള്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ സമുദായങ്ങളെ സംബന്ധിച്ചിടത്തോളം അത് അധികാരത്തിലുള്ള പങ്കുപറ്റലാണ്. ഇന്ത്യ ഒരു ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്ന് അറിയപ്പെടുമ്പോഴും ഇവിടുത്തെ ഭരണചക്രം തിരിക്കുന്നതില്‍ ബ്യൂറോക്രസിക്ക് വളരെ പ്രധാനപ്പെട്ട പങ്കാണ് ഉള്ളത്.

രാഷ്ട്രീയക്കാര്‍ ഭരണത്തിനു നേതൃത്വം കൊടുക്കുന്നെങ്കിലും അവര്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറിവരുന്നു. അതില്‍ പലരും വിദ്യാഭ്യാസം വേണ്ടപോലെ ഇല്ലാത്തവരും തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മുന്‍പരിചയം ഇല്ലാത്തവരും ആയിരിക്കും. മാത്രമല്ല, അവര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലായിരിക്കും കൂടുതല്‍ ശ്രദ്ധ വയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ ഭരണ നിര്‍വ്വഹണം നടക്കുന്നത് ബ്യൂറോക്രസിയുടെ കൈകളിലൂടെയാണ്. അതുകൊണ്ടുതന്നെ എല്ലാ സമുദായങ്ങളും തങ്ങളുടെ ആളുകളെ സര്‍ക്കാര്‍ ജോലികളില്‍ കയറിപ്പറ്റാന്‍ പരമാവധി നിര്‍ബന്ധിക്കുന്നു.

എന്നാല്‍ ഇവിടുത്തെ സുറിയാനി ക്രിസ്ത്യാനികളുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള സമൂഹമാണ് നമ്മുടേത്. പക്ഷേ, നമ്മുടെ ആളുകള്‍ക്ക് വിദേശഭ്രമം തലയ്ക്കുംപിടിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യമേഖലകളിലോ സ്വയം തൊഴിലുകളിലോ എന്തെങ്കിലും ജോലി കണ്ടെത്തുന്നതിന് ശ്രമിക്കുന്നില്ല. ഒരുകാലത്ത് സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ വളരെ വലിയ പ്രാതിനിധ്യം നമ്മുടെ സമുദായത്തിന് ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അത് ശോഷിച്ചുകൊണ്ടിരിക്കുകയാണ്.

ഏതെങ്കിലും ആശ്രിത നിയമനങ്ങള്‍ നടന്നെങ്കിലായി എന്ന അവസ്ഥയാണ് നമ്മുടേത്. കഴിവും ബുദ്ധിശക്തിയും ഉള്ളവര്‍പോലും അതിനു ശ്രമിക്കുന്നില്ല എന്നത് ഖേദകരമാണ്. എങ്ങനെ വേഗം പണമുണ്ടാക്കാം എന്ന ചിന്താഗതിയിലേയ്ക്ക് നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുന്നു. വിദേശ ഭ്രമത്തിന്റെ പിന്നില്‍ ഈ കാഴ്ചപ്പാടാണ്. എന്നാല്‍ സ്വരൂപിച്ച സ്വത്തും പണവുമൊക്കെ സംരക്ഷിക്കപ്പെടണമെങ്കില്‍ അധികാര കേന്ദ്രങ്ങളില്‍ സ്വാധീനംകൂടി വേണം എന്ന വസ്തുത വിസ്മരിക്കപ്പെട്ടുപോകുന്നു. എന്നാല്‍ അധികാരത്തിന്റെ ശക്തിയും സ്വാധീനവും ഒക്കെ വ്യക്തമായിട്ട് അറിയാവുന്ന സമുദായങ്ങള്‍ സര്‍ക്കാര്‍ ജോലിക്കുവേണ്ടിയുള്ള നിരന്തര പരിശ്രമത്തിലാണ്. ഗുജറാത്തില്‍ നടന്ന പട്ടേല്‍ പ്രക്ഷോഭം ഒരു ഉദാഹരണമാണ്.

സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങളെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരുന്നതിനായി ഭരണഘടനാ ശില്‍പികള്‍ സംവരണം ഏര്‍പ്പെടുത്തി. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം തുടര്‍ന്നശേഷം നിര്‍ത്തലാക്കണമെന്ന് അവര്‍ ഉദ്ദേശിച്ച സംവരണം എഴുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും തുടരുന്നു. സാമ്പത്തിക സംവരണം ഭരണഘടന വിഭാവനം ചെയ്ത സംവരണ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നു വാദിക്കുന്നവര്‍ ഈ കാലദൈര്‍ഘ്യം സംഭവിച്ചതിലെ തത്ത്വവിരുദ്ധതയെക്കുറിച്ച് നിശബ്ദത പാലിക്കുന്നു.

തങ്ങള്‍ക്ക് ഭരണഘടനയുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കണം എന്നാല്‍ മറ്റുള്ളവര്‍ക്ക് യാതൊന്നും ലഭിക്കാന്‍ പാടില്ല എന്ന തീവ്ര സങ്കുചിത മനോഭാവമാണ് ഒരു സമുദായം വച്ചുപലര്‍ത്തുന്നത്. സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് പാര്‍ലമെന്റില്‍ വോട്ടുചെയ്ത ലീഗ് എംപിമാര്‍ തങ്ങള്‍ യുഡിഎഫിന്റെ ബാനറിലാണ് മത്സരിച്ചതെന്നും അതിനാല്‍തന്നെ ഇതര സമുദായങ്ങള്‍ തങ്ങള്‍ക്കു വോട്ടുചെയ്തിട്ടുണ്ടെന്നും ബോധപൂര്‍വ്വം വിസ്മരിച്ചു. ടഉജക കോട്ടയത്ത് എംപിയുടെ ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതുംകൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഇവരുടെ സങ്കുചിതത്വത്തിന്റെ ഭീകരത വെളിവാകും. അതേസമയം ഇവര്‍ ഇരട്ട സംവരണത്തിന്റെ ആനുകുല്യങ്ങള്‍ ആവോളം അനുഭവിക്കുന്നവരാണെന്ന് ഓര്‍ക്കണം.

ന്യൂനപക്ഷ ആനുകൂല്യങ്ങളും ഛആഇ സംവരണവും ഒരേപോലെ ആസ്വദിക്കുന്നു. കുലീനതയുടെ കൂച്ചുവിലങ്ങില്‍ കുടുങ്ങിപ്പോയ സുറിയാനി ക്രിസ്ത്യാനി ഇതെല്ലാം കണ്ണും മിഴിച്ച് നോക്കിനില്‍ക്കുന്നു. സാമ്പത്തിക സംവരണ ബില്‍ പാര്‍ലമെന്റില്‍ ഇരു സഭകളിലും അവതരിപ്പിച്ച് പാസാക്കപ്പെട്ടു. അതിന്റെ താത്ത്വിക വശങ്ങളെക്കുറിച്ച് ധാരാളം വിശകലനങ്ങള്‍ നടന്നു. അതിന്റെ പ്രായോഗിക വശങ്ങള്‍ ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച നടത്തുന്ന ഒരു മുഖം മിനുക്കല്‍ പരിപാടിയായി മാത്രം ഇതിനെ പലരും കരുതുന്നുണ്ട്. നോട്ടു നിരോധനവും വികലനയങ്ങളും കര്‍ഷകരോഷവും സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന കരകയറാനുള്ള ഒരു അവസാന പരിശ്രമമായിരിക്കും.

എങ്കിലും ഇത് എങ്ങനെയെങ്കിലും പ്രായോഗികമായി തീര്‍ന്നാല്‍ ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജന പ്രദമായിരിക്കും. സംവരണം ഇല്ലാത്തതിനാല്‍ ലഭിക്കില്ല എന്ന ധാരണയോടെ ധാരാളം പേര്‍ ജടഇ പരീക്ഷയില്‍ നിന്നും വിട്ടുനില്‍ക്കുന്നു. എന്നാല്‍ സംവരണം ലഭിക്കും എന്ന ധാരണ പലരെയും അത്തരം പരീക്ഷകള്‍ എഴുതാന്‍ പ്രേരിപ്പിക്കുകയും അങ്ങനെ ജനറല്‍ മെറിറ്റില്‍ തന്നെ പലര്‍ക്കും ജോലിചെയ്യാന്‍ സാഹചര്യമുണ്ടാവുകയും ചെയയും. ഇതാണ് തങ്ങളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിരുന്നിട്ടുപോലും പലരും പ്രതിഷേധിക്കുന്നതിന്റെ കാരണം. സംവരണം ലഭിച്ചാലും ഇല്ലെങ്കിലും ഈ രാഷ്ട്രത്തിന്റെ ഭരണ സംവിധാനത്തില്‍ പങ്കുചേരാന്‍ എല്ലാവര്‍ക്കും കടമയുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുവാന്‍ വേണ്ടിയാണ് ഇത് എഴുതുന്നത്. അതു ക്രൈസ്തവസമൂഹത്തിന് അധികാരത്തില്‍ പങ്കുചേരാന്‍ മാത്രമല്ല, ക്രിസ്തീയ ധാര്‍മ്മികത ഈ രാഷ്ട്രത്തിന്റെ നിയമനിര്‍മ്മാണത്തിലും ഭരണസംവിധാനത്തിലും നിലനിര്‍ത്തുന്നതിനുവേണ്ടി കൂടിയാണ്.