ശക്തമായ കാറ്റിലും മഴയിലും കരിമണ്ണൂരിൽ വ്യാപക നാശനഷ്ടം. സെന്റ് മേരീസ് ഫൊറോന പള്ളിയുടെ മണിമാളികയുടെ മുകളിൽ സ്ഥാപിച്ചിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് തകർന്ന് അൾത്താരയിലേക്കു വീണു. അൾത്താരയുടെ മുകളിലെ സീലിംഗും തകർത്താണ് കോൺക്രീറ്റിൽ തീർത്ത കുരിശ് വീണത്. അൾത്താരയ്ക്കും ചെറിയ കേടുപാടുകൾ സംഭവിച്ചു. കുരിശുവീണു മുഖവാരത്തിന്റെ ഒരു ഭാഗം തകർന്നതോടെ ഇതിലൂടെ മഴ വെള്ളവും അൾത്താരയിലേക്കു വീണു. പിന്നീട് ഇടവകക്കാരുടെ നേതൃത്വത്തിൽ മുഖവാരം പ്ലാസ്റ്റിക് പടുതയിട്ടു മൂടി വെള്ളം വീഴുന്നതു നിയന്ത്രിച്ചു.
കാറ്റിൽ കരിമണ്ണൂർ ടൗണിൽ നിർത്തിയിട്ടിരുന്ന ടെന്പോ ട്രാവലറിനു മുകളിലേക്കു മരത്തിന്റെ ശിഖരം വീണു ചെറിയ കേടുപാടുകൾ സംഭവിച്ചു. നിരവധിപേരുടെ കൃഷികളും കാറ്റിൽ നശിച്ചിട്ടുണ്ട്. വൈദ്യുതി ലൈനിലേക്കു മരങ്ങൾ കടപുഴകി വീണതോടെ പലേടത്തും വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്.
Source: deepika.com