മാര്‍ അപ്രേം തന്റെ മഹനീയകൃതികളിലൂടെ മനസ്സിലാക്കിത്തരുന്ന ഒരു മഹാസത്യമുണ്ട്: രണ്ടാമത്തെ വേദപുസ്തകമാണ് പ്രകൃതി. യോനാപ്രവാചകനെ പഠിപ്പിച്ചതുപോലെ ദൈവം നമ്മെയും ഈ പ്രകൃതിയിലൂടെ അനേകകാര്യങ്ങള്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. പ്രകൃതിപ്രതിഭാസങ്ങളിലൂടെ ദൈവം യോനായെ ദൈവഹിതത്തെക്കുറിച്ചുള്ള ആഴമായ അവബോധത്തിലേയ്ക്കു നയിച്ചു. യോനായുടെ ഹൃദയ തുറവ് ഉണ്ടെങ്കില്‍ നമുക്കും പ്രകൃതിയിലൂടെ ഈ ദൈവിക അറിവിന്റെ നിറവിലേയ്ക്കു വളരാന്‍ സാധിക്കും.
യോനാ പഠിച്ച ഒന്നാമത്തെ പാഠം താന്‍മൂലമാണ് ഈ പ്രകൃതിക്ഷോഭം ഉണ്ടായത് എന്നാണ്: ”ഞാന്‍ നിമിത്തമാണ് ഈ വലിയ കൊടുങ്കാറ്റ് നിങ്ങള്‍ക്കെതിരെ ഉണ്ടായിരിക്കുന്നതെന്നു ഞാന്‍ മനസ്സിലാക്കുന്നു” (യോനാ 1, 12). ഇത് നമ്മളും ഗ്രഹിക്കേണ്ട ഒരു സത്യമാണ്. പ്രകൃതിയെ നശിപ്പിക്കുകയും ചൂഷണം ചെയ്യുകയും മാലിന്യംകൊണ്ടു നിറയ്ക്കുകയും ആവാസവ്യവസ്ഥയെ തകിടംമറിക്കുകയും ചെയ്യുന്ന മനുഷ്യന്‍ പല പ്രകൃതിക്ഷോഭങ്ങള്‍ക്കും കാരണമാകുന്നു. പക്ഷേ, യോനായുടെ തിരിച്ചറിവ് നമുക്ക് ഉണ്ടാകുന്നില്ല.
രണ്ടാമത്തെ പാഠം ആഴിയുടെ അഗാധതയില്‍ ആഴുമ്പോഴും ദൈവത്തിന്റെ പരിപാലനത്തിന്റെ വലതുകരം നമ്മള്‍ പ്രതീക്ഷിക്കാത്തവിധത്തില്‍ നമ്മെ തേടിവരും എന്നതാണ്. ”യോനായെ വിഴുങ്ങാന്‍ കര്‍ത്താവ് ഒരു വലിയ മത്സ്യത്തെ നിയോഗിച്ചു” (1, 17). ഈ ദുരന്തമഖത്ത് അനേകര്‍ ഭയചകിതരായി കഴിഞ്ഞപ്പോള്‍ സര്‍ക്കാരും സൈന്യവും സന്നദ്ധപ്രവര്‍ത്തകരും പ്രത്യേകിച്ച് സഭയും മത്സ്യത്തോഴിലാളികളും ജീവരക്ഷയ്ക്കു നിദാനമായി. ഇതിനെ വലിയ ദൈവപരിപാലനമായി കാണാനും ദൈവത്തിനു നന്ദി പറയാനും നമുക്കു സാധിക്കണം.
മൂന്നാമത്തെ പാഠം, ജീവിതത്തിലെ ദുരിതങ്ങളും സഹനങ്ങളും ദൈവത്തെ തേടാനും ദൈവത്തെ ആശ്രയിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു എന്നുള്ളതാണ്. കപ്പലില്‍ കിടന്ന് ഉറങ്ങിയ യോന മത്സ്യത്തിന്റെ ഉദരത്തില്‍വച്ച് തന്റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു (2, 1). വെള്ളപ്പോക്കത്തിന്റെ നാശനഷ്ടങ്ങള്‍ താങ്ങാനാകാത്ത നിരാശയില്‍ ആണ്ടുപോയവരും ആത്മഹത്യയില്‍ അഭയം പ്രാപിച്ചവരുമുണ്ട്. എന്നാല്‍ മത്സ്യത്തിന്റെ ഉദരത്തിലെ അന്ധകാരത്തില്‍ യാതൊരു പ്രതീക്ഷയുമില്ലാതെ കഴിയുമ്പോഴും ദൈവത്തിന്റെപക്കല്‍ നിലവിളിച്ച യോന നമുക്ക് ഒരു ഉദാത്ത മാതൃകയാണ്.
നാലാമത്തെ പാഠം മനുഷ്യരുടെ പാപങ്ങള്‍ ദൈവശിക്ഷയ്ക്കു കാരണമാകുന്നു എന്നതാണ്. ”അവന്‍ വിളിച്ചുപറഞ്ഞ നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവെ നശിപ്പിക്കപ്പെടും” (3, 1). കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളം സാമ്പത്തികമായി വളര്‍ന്നു. കാലാവസ്ഥ, ഭൂപ്രകൃതി തുടങ്ങി മറ്റുള്ളവര്‍ക്കു ലഭിക്കാത്ത പല ദാനങ്ങളും ദൈവം ഈ നാടിനു സമൃദ്ധമായി നല്‍കി. എന്നാല്‍ മനുഷ്യരുടെ അഹങ്കാരം അതിലേറെ വര്‍ദ്ധിച്ചു. ജാതീയ, വര്‍ഗ്ഗീയ, രാഷ്ട്രീയ ചേരിതിരിവുകള്‍ അതിശക്തമായി.
കുരിശുവരകളും നാമജപങ്ങളും ഉയര്‍ന്നിരുന്ന പുണ്യസന്ധ്യകള്‍ ചന്ദനമഴകള്‍ക്കും ചാനല്‍ ചര്‍ച്ചകള്‍ക്കും വഴിമാറി. അശ്ലീലതകളെ നമ്മള്‍ റിയാലിറ്റി ഷോകള്‍ എന്നും സീരിയലുകള്‍ എന്നും വിളിച്ചു. ദൈവദൂഷണത്തെയും വ്യക്തിഹത്യയെയും വാര്‍ത്തകളെന്നും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ എന്നും വിളിച്ചു. കരുണയുടെ ഉറവകള്‍ വറ്റിയതിനാല്‍ വെള്ളത്തിന്റെ ഉറവകള്‍ ശക്തമായി. ഒരുനേരത്തെ വിശപ്പടക്കാന്‍ അരിയെടുത്തവനെ അടിച്ചുകൊന്നവര്‍ ഉള്‍പ്പെടുന്ന സമൂഹം ഒരുപിടി അരിക്കായി കേഴട്ടെ എന്നു ദൈവം കരുതിയിരിക്കാം. ഇനിയെങ്കിലും ദൈവതിരുമുമ്പിലാണ് ജീവിക്കുന്നത് എന്ന കരുതലോടെ ജീവിക്കണം എന്നാണ് പ്രകൃതി നമുക്ക് പറഞ്ഞുതരുന്ന പാഠം.
അഞ്ചാമത്തെ പാഠം, അനുതാപം ദൈവകരുണയിലേയ്ക്കു നമ്മെ നയിക്കും എന്നതാണ്. ”തങ്ങളുടെ ദുഷ്ടതയില്‍നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നുകണ്ട് ദൈവം മനസ്സുമാറ്റി” (3, 10). നിനെവെയിലെ ജനങ്ങള്‍ ദൈവശിക്ഷയെക്കുറിച്ചു കേട്ടപ്പോള്‍ തന്നെ അനുതപിച്ചു. എന്നാല്‍ നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം ആളുകളെങ്കിലും ഈ ഭീകര അവസ്ഥകള്‍ ആസ്വദിക്കുകയായിരുന്നു. മറ്റുള്ളവരുടെ വേദനകള്‍ സെല്‍ഫികളാക്കുകയും അവയില്‍നിന്ന് ട്രോളുകള്‍ ഉണ്ടാക്കുകയും വ്യാജസന്ദേശങ്ങള്‍ അയച്ച് ജനത്തെ പരിഭ്രാന്തരാക്കുകയും രക്ഷാപ്രവര്‍ത്തകരെ വഴിതെറ്റിക്കുകയും ചെയ്തുകൊണ്ട് ഈ ദുരിതാവസ്ഥയെ ഒരു ആഘോഷമാക്കിമാറ്റി. ദുഷ്ടതയില്‍ നിന്നു പിന്‍തിരിഞ്ഞെങ്കിലേ ദൈവകരുണയുണ്ടാകൂ എന്ന യോനായുടെ പാഠം അവരും പാലിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.
ആറാമത്തെ പാഠം, മറ്റുള്ളവരുടെ നാശം ആരും ആഗ്രഹിക്കാന്‍ പാടില്ല എന്നുള്ളതാണ്. നിനെവെയെ നശിപ്പിക്കാതെ ദൈവം കരുണ കാണിച്ചതില്‍ യോന ‘അസംതൃപ്തനും കുപിതനുമായി’ (4, 1). എന്നാല്‍ ദൈവം ചോദിച്ചു, ”നിനക്ക് കോപിക്കാന്‍ എന്തുകാര്യം’ (4, 4). കേരളത്തിലെ വര്‍ഗ്ഗീയ ചേരിതിരിവുകളുടെ ലക്ഷ്യം മറ്റുള്ളവരെ നശിപ്പിക്കുക എന്നുള്ളതാണ്. അതും ദൈവത്തിന്റെ പേരില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ദൈവം ഇത് ആഗ്രഹിക്കുന്നില്ലെന്നും മനുഷ്യരെ അതിനു ചുമതലപ്പെടുത്തിയിട്ടില്ലെന്നും യോനായെ പഠിപ്പിച്ചുകൊടുക്കുന്നു.
ഏഴാമത്തെ പാഠം, നമ്മുടേതെന്ന് നമ്മള്‍ കരുതുന്നതൊന്നും നമ്മുടേതല്ല ദൈവത്തിന്റേതാണ് എന്നുള്ളതാണ്. ദൈവം മുളപ്പിച്ചു യോനായ്ക്കു തണല്‍ നല്‍കിയ ചെടി ദൈവം തന്നെ പുഴുവിനെ വിട്ടു നശിപ്പിച്ചുകളഞ്ഞപ്പോള്‍ കോപിച്ച യോനായോട് അതിനുവേണ്ടി അധ്വാനിക്കാത്ത നിനക്ക് കോപിക്കാന്‍ എന്തുകാര്യം എന്നു ദൈവം ചോദിക്കുന്നു (4, 6-10). ഈ ജലപ്രളയം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്. നമ്മുടേതെന്ന് കരുതി നമ്മള്‍ അഹങ്കരിക്കുന്നതൊന്നും നമ്മുടേതല്ല ദൈവം കരുണതോന്നി നമുക്കു തരുന്ന ദാനങ്ങള്‍ മാത്രമാണ്.
പ്രകൃതിയെന്ന രണ്ടാമത്തെ വേദപുസ്തകത്തിലുടെ ദൈവം നമുക്കു തരുന്ന വെളിപ്പെടുത്തലുകള്‍ നമുക്കു സ്വീകരിക്കാം. ദൈവകരുണയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. ഈ ജലപ്രളയിത്തില്‍ ജീവഹാനി സംഭവിച്ച എല്ലാവര്‍ക്കും സത്യദര്‍ശനം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നഷ്ടങ്ങളും ദുരിതങ്ങളും പേറുന്നവരുടെ വേദനയില്‍ പങ്കുചേരുന്നു. സഹായഹസ്തങ്ങളുമായി ഓടിയെത്തി എല്ലാ സുമനസ്സുകളെയും പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളെ സത്യദര്‍ശനം ആദരവോടെ പ്രണമിക്കുന്നു.