നാലാംഘട്ട തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിൽ പശ്ചിമ ബംഗാളിൽ സംഘർഷം. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ ബാബുൽ സുപ്രിയോയുടെ വാഹനം തടഞ്ഞു തല്ലിപ്പൊട്ടിച്ചു. പോളിംഗ് സ്റ്റേഷനു പുറത്ത് ബിജെപി-തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ ഉടലെടുത്ത സംഘർഷത്തിലാണ് കേന്ദ്രമന്ത്രിയുടെ വാഹനം തകർന്നത്.
ചില്ലുകൾ തകർന്ന കാറിനുള്ളിൽ മന്ത്രി ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രശ്നബാധിതമായ എല്ലാ ബൂത്തുകളും സന്ദർശിക്കുമെന്നും കേന്ദ്രസേനയെ ഒപ്പംകൂട്ടുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
സംഘർഷക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തി ഉപയോഗിച്ചു. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. അസൻസോൾ എംപിയായ ബാബുൽ സുപ്രിയോയ്ക്കെതിരേ മൂണ്‍ മൂണ്‍ സെന്നിനെയാണ് തൃണമൂൽ രംഗത്തിറക്കിയിരിക്കുന്നത്.