ഫാ.ജയിംസ് കൊക്കാവയലില്‍

‘ഓപ്പണ്‍ ഡോര്‍സ്’ എന്നതു പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു അന്താരാഷ്ട്ര ഏജന്‍സിയാണ്. ഇവര്‍ വിവിധ രാഷ്ട്രങ്ങളിലെ ക്രൈസ്തവ പീഡനങ്ങളെ കുറിച്ച് നടത്തിയ പഠനങ്ങളുടെ വിവരങ്ങളാണ് താഴെ കൊടുക്കുന്നത്. ഈ റാങ്കിങ്ങില്‍ ഭരണകൂടം നേരിട്ട് പീഡനം നടത്തുന്ന രാഷ്ട്രങ്ങള്‍ക്ക് ഏറ്റവും കൂടിയ മാര്‍ക്കുകളും (ഉദാ. ഉത്തര കൊറിയ) ഭരണകൂടത്തിന്റെ പിന്‍തുണയോടെ പീഢനങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങള്‍ക്ക് അതിനു താഴെ മാര്‍ക്കുകളും (ഉദാ. ഇന്ത്യ) ഭരണകൂടം എതിര്‍ക്കുന്ന ഗ്രൂപ്പുകള്‍ നടത്തുന്ന പീഢനങ്ങള്‍ക്ക് ഏറ്റവും താഴ്ന്ന മാര്‍ക്കുകളും (ഉദാ. നൈജീരിയ) ആണ് നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പീഡന വിവരങ്ങള്‍ പുറത്തു വരുന്ന രാഷ്ട്രങ്ങളിലായിരിക്കില്ല യഥാര്‍ത്ഥത്തില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്നത്.

ദശകങ്ങളായി ഉത്തരകൊറിയ ആണ് ക്രൈസ്തവ പീഡനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം. ഇപ്പോള്‍ മറ്റ് പല രാജ്യങ്ങളും അതിനടുത്ത് എത്തിയിരിക്കുന്നു. 2018 ലെ വാര്‍ഷിക കണക്കുകളനുസരിച്ച് 22 കോടി ക്രിസ്ത്യാനികള്‍ പല തരത്തിലുള്ള പീഡനങ്ങള്‍ അനുഭവിച്ചു വരുന്നു .അതായത് 8% ത്തിലധികം ക്രിസ്ത്യാനികള്‍ ക്രിസ്തുമതം നിയമവിരുദ്ധമോ, നിരോധിക്കപ്പെട്ടതോ ശിക്ഷാര്‍ഹമോ ആയ സ്ഥലങ്ങളില്‍ ജീവിക്കുന്നു.

കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തരകൊറിയ 16 വര്‍ഷമായി ഒന്നാം സ്ഥാനത്ത് ആണ്. ഇവിടെ അമ്പതിനായിരത്തിലധികം ക്രിസ്ത്യാനികള്‍ ഏതെങ്കിലും ജയിലുകളിലോ, ലേബര്‍ ക്യാമ്പുകളിലോ ആണ്. ഉത്തര കൊറിയ തന്നെയാണ് 2018 ലെ 94/100 സ്‌കോറോടുകൂടി ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്.

രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് അഫ്ഗാനിസ്ഥാന്‍ ആണ് സ്‌കോര്‍ 93/100. ഈ രാജ്യങ്ങളിലെ ഭരണകൂടം ക്രിസ്ത്യാനികളുടെ വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം, ദേശീയ ജീവിതം, സഭ ജീവിതം, എന്നീ തലങ്ങളില്‍ നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുന്നു. മത പീഡനങ്ങളുടെയും അസഹിഷ്ണുതയുടെയും ഭീകര രൂപങ്ങളാണ് ഈ രാജ്യങ്ങളില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനായി അന്താരാഷ്ട്ര സമൂഹം നടത്തുന്ന എല്ലാ പരിശ്രമങ്ങളെയും ഈ മതപീഡനങ്ങള്‍ അസ്ഥാനത്താക്കുന്നു. ഉത്തര കൊറിയയിലെ പീഡനങ്ങളെ നമുക്ക് ഊഹിച്ചെടുക്കാന്‍ എങ്കിലും സാധിക്കും, പക്ഷേ അഫ്ഗാനിസ്ഥാനിലെ അവസ്ഥ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്താണ്. കഴിഞ്ഞ 25 വര്‍ഷത്തെ കണക്കെടുപ്പുകളില്‍ അഫ്ഗാനിസ്ഥാന്‍ എപ്പോഴും പത്താം സ്ഥാനത്തിന് ഉള്ളില്‍ വന്നിട്ടുണ്ട്. ഓരോ വര്‍ഷവും ഈ രാജ്യത്തിന്റെ റാങ്ക് നിലവാരം ഉയര്‍ന്നു വന്നിട്ടേ ഉള്ളൂ.

ഫാ.ജയിംസ് കൊക്കാവയലില്‍

പാക്കിസ്ഥാന്‍ 5-സ്ഥാനത്താണ് വന്നിരിക്കുന്നത്. ദേവാലയ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും നിര്‍ബന്ധിത വിവാഹങ്ങളും ആണ് ഇവിടുത്തെ പ്രധാന പീഡനങ്ങള്‍. അഫ്ഗാനിസ്ഥാനിലെ ഭീകരരെ സഹായിക്കുന്നു എന്ന കാരണത്താല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പാകിസ്ഥാന് ഉള്ള എല്ലാ സൈനിക ധനസഹായങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

ബൊക്കോ ഹറാവും ഫുലാനി തീവ്രവാദികളും ആക്രമണങ്ങള്‍ നടത്തുന്ന നൈജീരിയ 14 -ാം സ്ഥാനത്താണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് 35 -ാം സ്ഥാനത്താണ്. എന്നാല്‍ ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്കുകള്‍ മാത്രം എടുത്താല്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നു.

ആദ്യ പത്ത് സ്ഥാനങ്ങള്‍

1. ഉത്തര കൊറിയ
2. അഫ്ഗാനിസ്ഥാന്‍
3. സോമാലിയ
4. സുഡാന്‍
5. പാകിസ്ഥാന്‍
6. എരിത്രിയ
7. ലിബിയ
8. ഇറാക്ക്
9. യമന്‍
10. ഇറാന്‍

ഇതില്‍ ഉത്തരകൊറിയയും എറിത്രിയയുമൊഴികെ ബാക്കിയെല്ലാം ഇസ്ലാമിക രാഷ്ട്രങ്ങളാണ്. ഈ ലിസ്റ്റിലുള്ള 50 രാഷ്ട്രങ്ങളില്‍ 35 ഉം ഇസ്ലാമിക രാഷ്ട്രങ്ങളാണ്.

ഇസ്ലാമിക മുന്നേറ്റങ്ങള്‍

ലോകത്തില്‍ ഇന്ന് നടക്കുന്ന ഇസ്ലാമിക മുന്നേറ്റങ്ങള്‍ തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ഉള്ളവയാണ്. ലോകരാഷ്ട്രങ്ങളെ ഇസ്ലാമിക ആധിപത്യത്തില്‍ കൊണ്ടുവരിക, ശരിയത്ത് നിയമം നടപ്പിലാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

ഇസ്ലാമിക മുന്നേറ്റത്തിന് മൂന്നു ഭാഗങ്ങളാണ് ഉള്ളത്.

1. പീഡനങ്ങളും ആക്രമണങ്ങളും നടത്തുന്ന വ്യക്തികളും ഗ്രൂപ്പുകളും.

2. അനിസ്ലാമികമായ എല്ലാത്തിനോടും നി സഹകരിച്ച് അക്രമരഹിതമായി അവയെ പരാജയപ്പെടുന്നവര്‍.

3. ഇസ്ലാമിക ആശയങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടി സമൂഹത്തില്‍ പ്രഭാഷണങ്ങളിലൂടെയും മറ്റും പ്രചരണങ്ങള്‍ നടത്തുന്നവര്‍.

ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ഇവര്‍ സമൂഹത്തെ മുഴുവന്‍ മതമൗലിക വത്കരിക്കുന്നു. ഇസ്ലാമിക ന്യൂനപക്ഷ രാഷ്ട്രങ്ങളില്‍ ഇവര്‍ മുസ്ലിം സമുദായത്തെ മതമൗലിക വത്കരിക്കുന്നു.

ക്രിസ്ത്യന്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍

ലോകത്തിലെ എല്ലാ ദിവസവും ഏറ്റവും കുറഞ്ഞത് ആറ് ക്രിസ്ത്യന്‍ സ്ത്രീകള്‍ എങ്കിലും വധഭീഷണി ഭയന്ന് ബലാല്‍സംഗം ചെയ്യപ്പെടുകയോ, ലൈംഗിക ചൂഷണത്തിന് ഇരയാവുകയോ, നിര്‍ബന്ധിത വിവാഹത്തിന് വിധേയമാവുകയോ ചെയ്യുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണക്കുകള്‍ മാത്രമാണ്. യാഥാര്‍ഥ്യം ഇതിലും ഭീകരമാണ്. ക്രിസ്ത്യന്‍ സ്ത്രീകള്‍ ഇരട്ട പീഡനത്തിന് ഇരയാകുന്നു. മതത്തിന്റെ പേരിലും സ്ത്രീത്വത്തിന്റെ പേരിലും.

ഇന്ത്യയും മറ്റ് അനിസ്ലാമിക രാഷട്രങ്ങളും

ഈ 50 രാജ്യങ്ങളില്‍ 30 ലും പീഡനങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നതായാണ് കണക്ക്. ഇവയില്‍ ബഹുഭൂരിപക്ഷവും ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആണെങ്കിലും ഇതര രാജ്യങ്ങളിലും സ്ഥിതി ഇതുപോലൊക്കെ തന്നെയാണ്.

ഇന്ത്യയുടെ റാങ്ക് 2017 ലെ 15 ല്‍ നിന്ന് 2018 ല്‍ 11 ആയി ഉയര്‍ന്നിരിക്കുന്നു. 2014 ഇന്ത്യയ്ക്ക് വെറും 55-ാം സ്ഥാനം മാത്രമായിരുന്നു. നരേന്ദ്ര മോദിയുടെ ഭരണ കാലഘട്ടം അവസാനിക്കുമ്പോഴേക്കും അത് 11-ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. ചൈനയിലും വിയറ്റ്‌നാമിലും മതത്തിന്റെ പേരില്‍ അല്ല കമ്യൂണിസത്തിന്റെ പേരിലാണ് പീഡനങ്ങള്‍ നടക്കുന്നത്.

ശുഭ വാര്‍ത്തകള്‍

താന്‍സാനിയ, കോര്‍മസ് എന്നീ രാജ്യങ്ങള്‍ ഇസ്ലാമിക ആക്രമണങ്ങളെ നിയന്ത്രണ വിധേയമാക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഐഎസിന്റെ പരാജയവും ക്രിസ്ത്യാനികളുടെ അഭാവവും സിറിയയില്‍ പീഡനങ്ങള്‍ കുറയുന്നതിന് കാരണം ആയിട്ടുണ്ട്. ക്രൈസ്തവ ലോകത്തിനു കാര്യമായ ശുഭവാര്‍ത്തകളൊന്നും നിലവില്‍ പ്രതീക്ഷിക്കാനില്ല.

ദര്‍ശനം ന്യൂസ് വാട്ട്‌സാപ്പ് പത്രം ദിവസേന അതിരാവിലെ ലഭിക്കാന്‍ മൊബൈലില്‍ നിന്നും ഈ ലിങ്കില്‍ ക്ലിക് ചെയ്യുക* Follow this link to join my WhatsApp group: https://chat.whatsapp.com/HTu9RnLnx20FkxQ9xGt6H3