റഫാൽ കേസുകളിൽ ഒഴിഞ്ഞുമാറി കേന്ദ്ര സർക്കാർ. പുനഃപരിശോധനാ ഹർജികളിൽ മറുപടി നൽകുന്നതിന് കൂടുതൽ സമയം നൽകണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. വാദംകേൾക്കൽ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് വാദം മാറ്റിവക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ സമയം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് കത്തു സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗൊയി അധ്യക്ഷനായ ബെഞ്ച് സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിയുംവരെ റഫാൽ പ്രചാരണ വിഷയമാക്കാതിരിക്കാനുള്ള തന്ത്രമാണ് കേന്ദ്ര സർക്കാരിന്റെ സമയം തേടലെന്നു കരുതപ്പെടുന്നു.
നേരത്തേ, റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്ന ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കാൻ കോടതി തീരുമാനിച്ചിരുന്നു. റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ചർച്ച ചെയ്തതും അതിനെതിരേ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥരും ചർച്ചയ്ക്കു നിയുക്തമായ ഇന്ത്യൻ ടീമും എതിർത്തതും ചൂണ്ടിക്കാട്ടി ദ ഹിന്ദു ദിനപത്രം പുറത്തുവിട്ട രേഖകൾ തെളിവായി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.