ഏകീകൃത സിവില്‍കോഡിനായുള്ള മുറവിളികളും ചര്‍ച്ചകളും നമ്മുടെ രാഷ്ട്രീയ, സാമൂഹികമണ്ഡലങ്ങളില്‍ ഇടംപ്പിടിച്ചിട്ടു നാളുകളേറെയായി. ബഹുസ്വരതയുടെ സൗന്ദര്യം ലോകത്തിനു കാട്ടികൊടുക്കുന്ന ഭാരതം വിവിധ മതങ്ങളുടെ സംഗമഭൂമിയാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കും തങ്ങളുടെ വിശ്വാസത്തിനനുസൃതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഈ ആചാരനുഷ്ഠാനങ്ങളുടെ പരികര്‍മ്മത്തിനുള്ള സ്വാതന്ത്ര്യം വൈവിധ്യങ്ങളുടെ പരിപോഷണത്തിനു നിര്‍ണായകമാണ്.
കാലങ്ങളായി സഹിഷ്ണുതയില്‍ പുലരുന്ന ഈ സംസ്‌ക്കാരത്തെ തള്ളിക്കളഞ്ഞുകൊണ്ടേ എല്ലാവരും ഒരേരീതിയില്‍ പ്രവര്‍ത്തിക്കണമെന്ന അനുശാസിക്കുന്ന ഏകീകൃത സിവില്‍കോഡിനായി വാദിക്കാനാവുകയുള്ളു. നാനാത്വത്തിലുള്ള ഏകത്വത്തെക്കുറിച്ചഭിമാനിക്കുന്ന ഭാരതജനതയ്ക്കു നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുന്ന ഈ ഒരുമയുടെ മുഖം സ്വീകാര്യമാവില്ല.
മതസമൂഹങ്ങളുടെ വൈവിധ്യം സ്വാഭാവികമാണ്. വിവിധങ്ങളായ ദര്‍ശനങ്ങളെ വൈവിധ്യമാര്‍ന്നരീതിയില്‍ ജീവിക്കുന്നവരുടെ സമൂഹമാണ് ഓരോ മതവിഭാഗവുമെന്ന വസ്തുത മറന്നുകൂടാ. ഈ വൈവിധ്യങ്ങളെ അടിച്ചൊതുക്കി ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് ഈ നാട് ഇന്നോളം പരിപാലിച്ച ജനാധിപത്യമൂല്യങ്ങളുടെ നിഷേധമായിരിക്കും. മതസ്വാതന്ത്ര്യം വൈവിധ്യങ്ങളിലേക്കായിരിക്കും നമ്മെ നയിക്കുകയെന്നതു തീര്‍ച്ചയാണ്.
ഓരോ മതസമൂഹവും ലൗകികസംവിധാനങ്ങളെ മനസ്സിലാക്കുന്നതിലും അതിഭൗതികമായവയെ വ്യാഖ്യാനിക്കുന്നതിലും ഉപയോഗിക്കുന്ന ദര്‍ശനങ്ങള്‍ വ്യത്യസ്തമാണ്. മതം ഒരു നിര്‍ബന്ധിതസമൂഹമല്ലാത്തതിനാല്‍ എതിര്‍പ്പുള്ളവര്‍ക്ക് തങ്ങളുടേതായ കൂട്ടായ്മകള്‍ രൂപപ്പെടുത്തി തങ്ങളുടെ രീതികള്‍ സംരക്ഷിക്കാവുന്നതാണ്. എന്നാല്‍ രാഷ്ട്രങ്ങള്‍ നേരെമറിച്ച് നിര്‍ബന്ധിതസമൂഹങ്ങളാണ്. അതതു രാജ്യത്തെ പൗരന്മാര്‍ക്ക് തങ്ങളുടെ രാഷ്ട്രമനുശാസിക്കുന്ന ഭരണഘടനാപരമായ നിയമസംവിധാനത്തെ അനുസരിക്കാതെ തരമില്ല.
ചില പ്രത്യേകമേഖലകള്‍
ഹൈന്ദവവിഭാഗങ്ങള്‍ പിന്തുടര്‍ന്നിരുന്ന ആചാരങ്ങളുടെ ഭാഗമായിരുന്നല്ലോ സതി. അനാചാരങ്ങളുടെ ഉത്തമോദാഹരണമായി ഇന്ന് അവതരിപ്പിക്കപ്പെടുന്ന സതി നിരോധിച്ചത് വിദേശിയരായ ബ്രിട്ടീഷ് ഭരണാധികാരികളാണെന്ന് പറയാനാവും. പക്ഷേ ഹൈന്ദവര്‍ക്കിടയില്‍തന്നെ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ശക്തമായ പൊതുബോധമാണ് വലിയകോലാഹലങ്ങള്‍ കൂടാതെ ഈ നിരോധനം സാധ്യമാക്കിയത്. സതി ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായിരുന്നില്ല എന്നെ പറയാനാകൂ. സതി നടപ്പിലാക്കണമെന്ന് വാദിക്കുന്ന സമൂഹങ്ങളും ഇന്ന് നിലവിലില്ല.
മുത്തലാക്കിനെ ചൊല്ലിയും ഏറെ വാദപ്രതിവാദങ്ങള്‍ നടന്നുകഴിഞ്ഞല്ലോ. ചിലസാഹചര്യങ്ങളില്‍ സ്ത്രീകളെ മൊഴിചൊല്ലി വിവാഹബന്ധം അവസാനിപ്പിക്കുന്ന നിലപാട് പല മുസ്ലീം സമൂഹങ്ങളിലും നിലവിലുണ്ട്. അത് പരമ്പരാഗതവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ചിലരുടെ ധാരണ. ഇത് ഇന്നു തര്‍ക്കത്തിനു വിഷയമായിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതിനെ ക്രിമിനല്‍കുറ്റമാക്കാന്‍ ശ്രമിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചിരിക്കുകയാണല്ലോ ഇതേക്കുറിച്ച് കൂടുതല്‍ കേസുകളും ചര്‍ച്ചകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
പുറത്തുനിന്നുനോക്കുന്നവര്‍ക്ക് മുത്തലാക്ക് ഒരു വികലനടപടിയായി തോന്നാവുന്നതാണ് അതിനാല്‍ അന്യമതസ്തര്‍ക്ക് വലിയ എതിര്‍പ്പുകളില്ല. എന്നാല്‍ മുസ്ലീം സമുദായത്തില്‍ ശക്തമായ എതിര്‍പ്പിന്റെ സാധ്യതകളുണ്ടെന്നുള്ളത് തള്ളിക്കളയാനാവില്ല. തങ്ങളുടെ മതവിശ്വാസപാരമ്പര്യത്തിന്റെ ഭാഗമായി അവര്‍ ഇതിനെകാണുന്നതിനാല്‍ വലിയ എതിര്‍പ്പുകള്‍ക്ക് ഇതിടയാക്കും. പക്ഷേ പ്രധാനപ്പെട്ടകാര്യം ഇത് മതവിശ്വാസത്തിന്റെ ഭാഗമായി കാണുന്നവര്‍ ഏറെയുണ്ടെന്നതാണ്. അവരുടെ അംഗീകാരം ഇവിടെ സുപ്രധാനമാണ്. അവരുടെ വിശ്വാസത്തിന്റെ ഭാഗമാണവയെങ്കില്‍ നിയമനിര്‍മ്മാതാക്കള്‍ കരുതലോടെ വര്‍ത്തിക്കേണ്ടതുണ്ട്.
ശബരിമല സ്ത്രീപ്രവേശനം ഏറെ വിവാദങ്ങള്‍ക്കു വിഷയമായിട്ടുണ്ട്. സ്ത്രീസമത്വവാദികള്‍ ഇതിനെ വലിയതോതില്‍ പ്രശനവത്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. സമത്വത്തിന്റെ വിഷയം മാത്രമാണോ അതോ വിശ്വാസത്തെ ബാധിക്കുന്നതാണോ എന്നുകൂടിയുള്ള വിലയിരുത്തലുകള്‍ ഇവിടെ അനിവാര്യമാണ്. സ്ത്രീപ്രവേശനവിലക്ക് വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഒരു വിഭാഗവും അല്ലെന്ന് മറുപക്ഷവും അഭിപ്രായപ്പെടുന്നിടത്ത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. തങ്ങളുടെ സ്ഥാപിതതാത്പര്യങ്ങള്‍ക്കും പ്രത്യയശാസ്ത്രനിലപാടുകള്‍ക്കുമനുസൃതം ഒരുഭാഗത്തെ പിന്തുണയ്ക്കുവാനും മറുഭാഗത്തിന്റെ വിശ്വാസ അവകാശത്തിന്മേല്‍ കൈകടത്താനും സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് മറന്നുകൂടാ. നിയമനിര്‍മ്മാണം ഏവരേയും മാനിക്കുന്നതും നിഷ്പക്ഷവുമായിരിക്കണമല്ലോ.
മതവിശ്വാസത്തിന്റെ കാഴ്ച്ചപ്പാടില്‍ തെറ്റെന്നു കരുതുന്ന പലകാര്യങ്ങളെയും നിയമംകൊണ്ട് തെറ്റെന്ന് കാണിക്കുന്ന പ്രവണതയാണ് കാലങ്ങളായി നിലനിന്നിരുന്നത്. മതങ്ങള്‍ ധാര്‍മ്മികമൂല്യങ്ങളുടെ പരിപാലനത്തില്‍ ശ്രദ്ധാലുക്കളാകയാല്‍ ഈ പ്രക്രിയ പൊതുധാര്‍മ്മികതക്ക് ഇണങ്ങുന്നതായിരുന്നു. വിശ്വാസത്തിനു ഹാനികരമായീതീരുന്നവ സമൂഹത്തിന്റെ പൊതുധാര്‍മ്മിക മൂല്യങ്ങള്‍ക്കും വിരുദ്ധമായിതീരാന്‍ ഇടയുണ്ടെങ്കിലും അവയെ എതിര്‍ക്കുക വിശ്വാസസമൂഹത്തിന്റെ ചുമതലയായിരുന്നു. ഗര്‍ഭഛിദ്രം,സ്വവര്‍ഗ്ഗരതി, ദയാവധം തുടങ്ങിയവയെല്ലാം നിയമപരമായി അംഗീകരിക്കപ്പെടുമ്പോള്‍ സമൂഹത്തിന്റെ ധാര്‍മ്മിക അടിത്തറ ഇളകുകയും സാമൂഹ്യബോധം വികലമാവുകയും ചെയ്യും. ഇവയെല്ലാം മതവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്നവയാകയാല്‍ ഇത്തരം നീക്കങ്ങളെ എതിര്‍ക്കുക വിശ്വാസികളുടെ കടമയായിരുന്നു.
രാഷ്ട്രത്തലവന്മാര്‍ക്കുവേണ്ടിയും രാഷ്ട്രത്തിന്റെ സുസ്ഥിതിക്കുവേണ്ടിയും ദിവസേന പ്രാര്‍ത്ഥിക്കുകയും ന്യായമായ നയപരിപാടികളെ പൂര്‍ണ്ണയോജിപ്പോടെ പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ് ക്രിസ്ത്യാനികള്‍. ദൈവികവെളിപാടാണ് അവരുടെ വിശ്വാസത്തിന്റെ കാതല്‍. അതിനാല്‍ ആ വിശ്വാസത്തെ മാറ്റിക്കുറിക്കാനോ നിഷേധിക്കാനോ ക്രൈസ്തവര്‍ക്ക് സാധിക്കുകയില്ല. സത്യവിശ്വാസത്തെപ്രതി ജീവന്‍ഹോമിച്ച അനേകലക്ഷങ്ങളാണല്ലോ സഭയുടെ അടിസ്ഥാനം. വിശ്വാസത്തോടു ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ ഏറെ കരുതലോടെ വര്‍ത്തിക്കേണ്ടതുണ്ട.് ഭൗതീകാധികാരങ്ങള്‍ക്ക് അതീതമാണ് ആ രംഗം. വിശ്വാസികള്‍ക്ക് അവിടെ കൂടുതല്‍ കാര്യങ്ങളറിയുവാനും വിശ്വാസപരമായകാര്യങ്ങളില്‍ തീരുമാനമെടുക്കുവാനുമുള്ള അവകാശമുണ്ട്.
ഭൗതീകാധികാരികള്‍ ഔചിത്യബുദ്ധിയോടെ ഇവിടെ വേണ്ടത്ര അകലം പാലിക്കുകയാണ് ഉത്തമം. നമ്മുടെ ഭരണഘടന വിശ്വാസികള്‍ക്ക് നല്‍കുന്ന അവകാശപ്രകാരം എല്ലാ വ്യക്തികള്‍ക്കം അവരുടെ ധാരണക്കനുസൃതം വിശ്വസിക്കാനും ആ വിശ്വാസം ജീവിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം(To profess, practice and propagate) ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ട.് അതിന് വിഘ്‌നംസൃഷ്ടിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഗവണ്‍മെന്റുകള്‍ തിരിച്ചറിയേണ്ടതുണ്ട്.
സര്‍വ്വാധിപത്യ വര്‍ഗ്ഗീയവാദികള്‍ക്ക് ഇത് ഏറെ അസ്വസ്ഥത ജനിപ്പിക്കുന്നു. അവര്‍ തങ്ങളുടെ വിശ്വാസവും മൂല്യങ്ങളും അടിച്ചേല്‍പ്പിക്കുന്നതില്‍ താത്പര്യം പുലര്‍ത്തുന്നു. അതിനുതകുന്നവയാണ് അവരുടെ വാക്കും പ്രവൃര്‍ത്തികളും. ഈയിടെ ചിലര്‍ പറഞ്ഞുവച്ചത് ഇന്ത്യയില്‍ എല്ലാവരും ഹിന്ദുനാമങ്ങള്‍ ഉപയോഗിക്കണമെന്നാണ്. ഹിന്ദുസ്ഥാനിലുള്ളവരെല്ലാം ഹിന്ദുക്കളാണെന്നുള്ള പ്രഖ്യാപനവും ഈയടുത്തുണ്ടായല്ലോ ഇത്തരം ചിന്താരീതിയുള്ളവര്‍ വളര്‍ന്നുവരുന്ന സാഹചര്യം വൈവിധ്യങ്ങളാല്‍ സുന്ദരമാക്കപ്പെടുന്ന ഭാരതസംസ്‌ക്കാരത്തിനു ഒട്ടും ശോഭനീയമല്ല.
ഏകീകൃത സിവില്‍കോഡുവഴിയായി സഭയില്‍തന്നെ ഒട്ടേറെ ഭിന്നതകള്‍ രൂപപ്പെടുമെന്നതില്‍ സംശയംവേണ്ട. ഇന്നിപ്പോള്‍ വിവിധരംഗങ്ങളില്‍ സഭക്കെതിരായി പ്രചാരണം നടത്തുന്ന ശക്തികള്‍ പ്രബലരാകുന്തോറും സഭക്കെതിരായ അഭിപ്രായരൂപീകരണവും ശക്തമാകും. ഏകീകൃത സിവില്‍കോഡ് വിശ്വാസത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് മനസ്സിലാക്കുകയും ആവശ്യമായ നീക്കങ്ങള്‍ നടത്തുന്നതില്‍ അതീവജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്.