തിരുവനന്തപുരം: കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന് ഭീഷണി. ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിവസം നടന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കേരളം ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഫോടനം നടത്താന്‍ തീവ്രവാദികള്‍ തയ്യാറെടുക്കന്നതെന്നാണ് സന്ദേശം. നേരത്തെ ഏഴ് തീവ്രവാദികളെത്തിയെന്നായിരുന്നു സന്ദേശം. എന്നാല്‍ ഇവര്‍ 19 പേരുണ്ടെന്നാണ് പുതിയ വിവരം. ഇവര്‍ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയെന്ന് ഇന്നലെ വൈകീട്ടാണ് ബെംഗളൂരു സിറ്റി പൊലീസിന് ഫോൺ സന്ദേശം ലഭിച്ചത്. 

ബെംഗളൂരു സിറ്റി പൊലീസിന്‍റെ സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി. ഇവര്‍ പ്രധാനമായും ട്രെയിനുകളും ആള്‍ത്തിരക്കേറിയ നഗരങ്ങളെയും സ്ഫോടനത്തിനായി ലക്ഷ്യമിടാന്‍ സാദ്ധ്യതയുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു. ബെംഗളൂരു പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. 

ഇതിനിടെ ശ്രീലങ്കന്‍ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സുരക്ഷ ശക്തമാക്കി. ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന 50 പേരെയാണ് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ഐഎസ് സംഘത്തില്‍ ഉള്‍പ്പെട്ടെന്ന് സംശയിക്കുന്ന ഇവര്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചുകടന്ന ശേഷം അഫ്ഗാനിസ്ഥാനിലും സിറിയയിലുമായി കഴിയുകയാണെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.