ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് പരസ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികം നാളായില്ല. പുകവലിക്കെതിരെയുളള മുന്നറിയിപ്പാണിത്. ഈ മുന്നറിയിപ്പുകള്‍ ഒരു 20-30 വര്‍ഷങ്ങള്‍ക്കു മുമ്പ് അധികം പ്രചാരത്തിലില്ലായിരുന്നെങ്കിലും അന്നും ശ്വാസകോശം സ്‌പോഞ്ചുപോലെയായിരുന്നു. പുകവലി മൂലം ശ്വാസകോശത്തിനും മറ്റു ശരീരഭാഗങ്ങള്‍ക്കുണ്ടാകുന്ന അസുഖങ്ങളെല്ലാം ഒരുപോലെ തന്നെ. അന്ന് ഈ അപകടത്തിന്റെ ഗൗരവം ആളുകള്‍ക്കറിയില്ലായിരുന്നു. പിന്നീട് ധാരാളം ബോധവത്കരണവും മുന്നറിയിപ്പുകളും നല്കി. ഇപ്പോഴത്തെ മുന്നറിയിപ്പുകള്‍ ഫലം കണ്ടു, പുകവലിയുടെ അപകടം ആളുകള്‍ക്ക് ഏറെക്കുറെ മനസ്സിലായി. അപകടകരമായ കാര്യങ്ങളെക്കുറിച്ചുളള മുന്നറിയിപ്പുകള്‍ വേണ്ട സമയത്ത് നല്കിയില്ലെങ്കില്‍ അതുമൂലമുണ്ടാകുന്ന ആഘാതം വലുതായിരിക്കും.

മനുഷ്യജീവിതത്തെ പ്രായഭേദമെന്യേ, തൊഴില്‍ഭേദമെന്യേ ബാധിക്കുന്ന ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ബന്ധുക്കളെയും കുടുംബത്തെയും മൂല്യങ്ങളെയും തകര്‍ക്കുന്ന ഒരു അപകടകരമായ യാഥാര്‍ത്ഥ്യമാണ് പോണോഗ്രഫി അഥവാ അശ്ലീലകല. വലിയൊരു അപകടകരമായ പോണോഗ്രഫിയെക്കുറിച്ച,് അതുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ശരിയായ മുന്നറിയിപ്പും അവബോധവും ലഭിക്കാത്തത് അതേല്പിക്കുന്ന ആഘാതത്തിന്റെ അളവ് കൂട്ടിക്കൊണ്ടിരിക്കുന്നു. ‘പോണോഗ്രഫി ശുദ്ധതയുടെ മോഷ്ടാവ്’ എന്ന പുസ്തകത്തിന്റെ വരവ് ഈ സാഹചര്യത്തിലാണ്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വലിയ അപകടത്തിന്റെ ആഘാതത്തില്‍ നിന്നു രക്ഷപെടാനുളള മുന്നറിയിപ്പാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തെ ഒരു പ്രത്യേക രീതിയില്‍ എന്നൊന്നുമല്ല, ആരെയും എങ്ങനെയും ബാധിക്കാവുന്നതും ആഘാതമേല്പിക്കാവുന്നതുമായ ഒരു തിന്മയാണ് പോണോഗ്രഫി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതുമൂലം ഏല്‌ക്കേണ്ടിവരുന്ന ആഘാതത്തിന് അതിരില്ല. ഇതെല്ലാം വളരെ സമ്യക്കായി മനോഹരമായിട്ടാണ് ശ്രീ. ജോസി ജെ. ആലഞ്ചേരി 56 പേജുളള തന്റെ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ പരിശീലനത്തില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു പരിചയമുളള ശ്രീ. ജോസിക്ക് കുട്ടികളെയും കൗമാരക്കാരെയും യുവാക്കളെയും ബാധിക്കുന്ന, അവരുടെ നിഷ്‌കളങ്കതയും വിശുദ്ധിയും ധാര്‍മ്മികതയും കാര്‍ന്നുതിന്നുന്ന, പോണോഗ്രഫി എന്ന വിഷജന്തുവിനെ തുറന്നു കാട്ടുന്ന, അതില്‍ നിന്നു രക്ഷപെടാന്‍ മാര്‍ഗ്ഗം തെളിക്കുന്ന, ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ സാധിച്ചത് വലിയ ദൈവാനുഗ്രഹമാണ്. കുട്ടികളുടെ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ വിഷയത്തില്‍ മലയാളഭാഷയിലുളള ഒരു പ്രഥമ കൈപുസ്തകമാണ് ‘ശുദ്ധതയുടെ മോഷ്ടാവ്’. ഈ പുസ്തകത്തിന് കിട്ടുന്ന പ്രചാരം പോണോഗ്രഫി മൂലമുണ്ടാകുന്ന അധാര്‍മ്മികതയ്ക്കും ആഘാതത്തിനും ലൈംഗിക അരാജകത്വത്തിനും എതിരെയുളള മുന്നറിയിപ്പാണ്. ജോസി സാറിന് അഭിനന്ദനങ്ങള്‍. പുസ്തകത്തിന് പ്രചുരപ്രചാരവുമാശംസിക്കുന്നു.