ശ്രീലങ്കയിലുണ്ടായ ദാരുണമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മതതീവ്രവാദികളുടെ മാനസാന്തരത്തിനും കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കും മുറിവേറ്റവരുടെ സൗഖ്യത്തിനും ഹൃദയം തകർന്നവരുടെ ആശ്വാസത്തിനുംവേണ്ടി പ്രാർഥിക്കാൻ കെസിബിസി ആഹ്വാനം. ശ്രീലങ്കയിൽ കൊല്ലപ്പെട്ട നിഷ്കളങ്കരായ മനുഷ്യരോടും ദുരിതമനുഭവിക്കുന്ന സഹജീവികളോടും ആത്മീയമായും മാനസികമായും ഐക്യപ്പെടാൻ നമുക്കാവണമെന്നും കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ ചേർന്നു പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
മരണത്തിന്മേലുള്ള ജീവന്റെ വിജയം ക്രിസ്ത്യാനികൾ ആഘോഷിക്കുന്ന ഉയിർപ്പു തിരുനാൾദിനം ഭീകരർ ആക്രമണത്തിനു തെരഞ്ഞെടുത്തു എന്നതു പ്രത്യേകം ശ്രദ്ധാർഹമാണ്. സ്നേഹത്തിന്റെയും ക്ഷമയുടെയും പര്യായമായ യേശുക്രിസ്തുവിന്റെ ദിവ്യോപദേശങ്ങൾ ജീവിതപ്രമാണമാക്കുന്ന ക്രൈസ്തവർ ആത്മസംയമനം പാലിക്കുകയും പ്രത്യാശ കൈവിടാതെ ഈ ദുരന്തത്തെ നേരിടുകയും ചെയ്യണം.
ലോകമെന്പാടുമുള്ള തീവ്രവാദികൾക്കു മാനസാന്തരമുണ്ടാകാൻ പ്രാർഥിക്കണം. മതത്തിന്റെയും വംശത്തിന്റെയും പേരിൽ കൊല്ലും കൊലയും ശീലമാക്കിയ കഠിനഹൃദയങ്ങൾ അലിയണം. അവയെ അത്തരത്തിൽ പാകപ്പെടുത്തുന്ന വിദ്വേഷത്തിന്റെ ആശയസംഹിതകൾ ഇല്ലാതായിത്തീരണം. -ശത്രുവിനെ സ്നേഹിക്കുക’ എന്നു പഠിപ്പിക്കുകയും -പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല; ഇവരോട് പൊറുക്കണമേ’ എന്നു പ്രാർഥിക്കുകയും ചെയ്ത ക്രിസ്തുവിനെ തള്ളിക്കളഞ്ഞ്, -കണ്ണിനു പകരം കണ്ണ്; പല്ലിനു പകരം പല്ല്’ എന്ന യഹൂദരുടെ ആനുപാതിക നീതിക്കും മുന്പുള്ള, മൃഗീയവും പൈശാചികവുമായ കിരാതത്വത്തിലേക്കുള്ള തിരിച്ചുപോക്കാണ് മതഭീകരത.
ക്രിസ്തു സമ്മാനിച്ച സംസ്കാരസന്പന്നതയിൽ നിന്ന് മനുഷ്യകുലത്തെയും ചരിത്രത്തെയും അനേകം കാതം പിന്നോട്ടടിക്കുന്ന വെറുപ്പിന്റെയും അക്രമത്തിന്റെയും സംസ്കാരശൂന്യതയ്ക്ക് അറുതിവരണം.
നന്മയുടെ വർധനയും ധർമത്തിന്റെ സംസ്ഥാപനവും ദൈവം സാധ്യമാക്കുന്നത് നല്ലവരായ മനുഷ്യരുടെ ഇടപെടലുകളിലൂടെയാണ്. ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രക്കാർക്ക് അടിയറവു പറയാൻ തയാറല്ലെന്ന പ്രഖ്യാപനത്തോടെ സന്മനസുള്ള സകലരും കൈകോർത്തുപിടിക്കേണ്ട സമയമാണിത്. ലോകത്തിന്റെ വിവിധയിടങ്ങളിൽ ക്രൈസ്തവസമൂഹത്തിനുനേരേ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ സത്വരശ്രദ്ധയും അടിയന്തര ഇടപെടലും ഉണ്ടാകേണ്ടതുണ്ട്. -വെളിച്ചത്തെ കീഴടക്കാൻ ഇരുളിനു കഴിഞ്ഞില്ല’ എന്ന ബൈബിൾ വചനം ലോക മനഃസാക്ഷിയുടെ സൂര്യൻ ഇരുണ്ടുപോകുന്ന ഭീകര വീക്ഷണങ്ങളുടെ പശ്ചാത്തലത്തിലും വലിയ പ്രത്യാശയുടെ പ്രകാശധാരയായി വർത്തിക്കുന്നു.
നീതിയുടെ നിലവിളികൾ ഉയരുന്ന നിരപരാധികളുടെ ശവക്കൂനകൾ പുതിയ മാനവികതയുടെയും സാഹോദര്യ, സഹവർത്തിത്ത്വങ്ങളിൽ അധിഷ്ഠിതമായ പുതിയ മതാത്മകതയുടെയും വളക്കൂറുള്ള മണ്ണായി മാറണം. ദൈവത്തിന്റെ കൃപ കൂടാതെ ആർക്കും നന്മതിന്മകളെ വിവേചിച്ചറിയാനോ ദൈവം ആഗ്രഹിക്കുന്ന യഥാർഥ നന്മയിൽ സ്ഥായിയായി ഉറച്ചു നില്ക്കാനോ സാധിക്കില്ല. തിന്മയുടെയും പൈശാചികതയുടെയും നീരാളിപ്പിടുത്തത്തിൽ നിന്ന് തീവ്രവാദികളുടെ മനസുകൾക്കു മോചനം ലഭിക്കാൻ ദൈവം അവരുടെമേൽ കരുണ ചൊരിയട്ടെ. ദൈവകരുണയുടെ ഞായറായി സഭ ആചരിക്കുന്ന ഏപ്രിൽ 28നു കേരളസഭ പ്രാർഥനാദിനമായി ആചരിക്കണം. ശ്രീലങ്കൻ സഭയുടെയും ജനതയുടെയും മുറിവ് ഉണങ്ങുന്നതിനായി എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും പ്രത്യേകം പ്രാർഥനകൾ നടത്തണം.