രു പ്രണയമായിരുന്നു പ്രളയം. പ്രണയം രണ്ടുപേരെ ഒരുമിപ്പിക്കുന്നെങ്കില്‍ പ്രളയം ഇവിടെ അനേകായിരങ്ങളെ ഒരുമിപ്പിച്ചു. ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണത്തിന്റെയും വര്‍ഗ്ഗത്തിന്റെയും കെട്ടുപാടുകളില്‍നിന്നും വേര്‍തിരിവുകളില്‍ നിന്നും കേരള സമൂഹം സ്വാതന്ത്ര്യം നേടിയ നാളുകളായിരുന്നു ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനവും അതിനടുത്ത ദിവസങ്ങളും. എന്നാല്‍ വീണ്ടും വിഭജനങ്ങളിലേയ്ക്കും വിഭാഗീയതകളിലേയ്ക്കും ഈ സമൂഹം പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു.

ഉറക്കഗുളികകളും വേദനസംഹാരികളും മാത്രം കൊടുത്ത് രോഗികളെ കബളിപ്പിക്കുന്ന ഡോക്ടര്‍മാരെപ്പോലെയാണ് ഇവിടുത്തെ സര്‍ക്കാര്‍. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ച് വൈകാരികത നിറഞ്ഞ ശബരിമല വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഈ വിഷയത്തില്‍ മാത്രം ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നു. പ്രളയം മൂലമുണ്ടായ ഭീകര ദുരിതങ്ങള്‍ എല്ലാവരും വിസ്മരിച്ച അവസ്ഥയാണ്. കൃഷിയിടങ്ങളും വളര്‍ത്തുമൃഗങ്ങളും കിടപ്പാടം വരെയും നഷ്ടപ്പെട്ടവര്‍ ലക്ഷക്കണക്കിനാണ്. കുട്ടനാട്ടിലെ എല്ലാ മനുഷ്യരുടെയും അവസ്ഥ ഇതുതന്നെയാണ്. ഇവരെയൊക്കെ സാന്ത്വനിപ്പിക്കാന്‍ സര്‍ക്കാര്‍ പല വാഗ്ദാനങ്ങളും നല്‍കിയിരുന്നു. അതിലെ അടിയന്തിര ധനസഹായമായ 10000 തൂപപോലും ബഹുഭൂരിപക്ഷത്തിനും ലഭിച്ചിട്ടില്ല. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനവും കടലാസില്‍ ഉറങ്ങുന്നു. വീടിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍പോലും പലര്‍ക്കും ഒന്നു ലഭിച്ചിട്ടില്ല. പ്രളയ ബാധിത ജില്ലകളിലെ കാര്‍ഷികവായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കും എന്ന ബാങ്കുകളുടെ മോഹനവാഗ്ദാനം പിന്നീട് ആരും ആവര്‍ത്തിച്ചു കാണുന്നില്ല.

ഇവയോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഇനി ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങള്‍. അതിനുള്ള ശാസ്ത്രീയമായ ആസൂത്രണങ്ങളോ പദ്ധതികളോ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇതുവരെ പൂര്‍ണ്ണമായും പുനരുദ്ധരിച്ചിട്ടില്ല. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാന്‍ ചെയ്യേണ്ടത് അടിയന്തിര പ്രാധാന്യമുള്ള ഇത്തരം കാര്യങ്ങളാണോ അതോ ജാതി വിഷയങ്ങളില്‍ അനാവശ്യമായി ഇടപെട്ട് അവയെ രൂക്ഷമാക്കുകയാണോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ചോ ഇതുവരെ നടത്തിയ ഫണ്ട് ശേഖരണങ്ങളെക്കുറിച്ചോ കാര്യമായി ഒന്നും കേള്‍ക്കാനില്ല. അതിനായി ആഹ്വാനം ചെയ്തവരെയും കാണാനില്ല. ഇവയൊക്കെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുമെന്ന സംശയം ബലപ്പെടുകയാണ്.

ഈ സംസ്ഥാനമാകുന്ന പൊളിഞ്ഞുകിടക്കുന്ന വീട് പണിയാതെ മതില്‍ പണിയാനുള്ള തിടുക്കത്തിലാണ് സര്‍ക്കാര്‍. മതില്‍ ഒരിക്കലും ഐക്യത്തിന്റേതല്ല വിഭജനത്തിന്റേതാണ്. അതു ബര്‍ലിന്‍ മതില്‍ ആയാലും വനിതാമതില്‍ ആയാലും. നവോത്ഥാനചിന്തയെന്നും പുരോഗമനവാദമെന്നും നിരന്തരം പറയുന്ന സര്‍ക്കാര്‍ വനിതാമതിലിനു പങ്കെടുക്കാന്‍ ന്യൂനപക്ഷവിഭാഗങ്ങളെ ക്ഷണിക്കാത്തതിലൂടെ ഇവിടെ ഒരു വര്‍ഗ്ഗീയ വിഭജനം നടത്തുകയല്ലേ? അതുകൊണ്ടാവുമല്ലോ വര്‍ഗ്ഗീയമതില്‍ എന്ന വിശേഷണം ഇതിനു കൈവന്നത്. കേരളത്തിന്റെ നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍, മുസ്ലീം സംഘടനകള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ‘പ്രമുഖ ചരിത്രപണ്ഡിതനും നരവംശ ശാത്രജ്ഞനു’മായ വെള്ളാപ്പള്ളി ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞു. ഈ മതിലില്‍ രാഷ്ട്രീയ വിഭജനം ഉണ്ട് എന്നത് സുനിശ്ചിതമാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ തീര്‍ച്ചയായും ഇതില്‍ നിന്ന് വിട്ടുനില്‍ക്കും. കേരളത്തിലെ ജനങ്ങളെ ഇപ്രകാരം വര്‍ഗ്ഗീയമായും രാഷ്ട്രീയമായും വിഭജിക്കുന്ന ഈ മതിലിനു ചെലവാകുന്ന തുക, അത് എവിടെ നിന്നാണെങ്കിലും ഇവിടുത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവാക്കിയിരുന്നെങ്കില്‍ എത്ര ഉത്തമാമാകുമായിരുന്നു. അതിനാല്‍ ജനങ്ങളോടു പ്രതിബദ്ധതയുണ്ടെങ്കില്‍ വീട് പണിയണോ മതില്‍ പണിയണോ എന്ന് സര്‍ക്കാര്‍ ഒന്നുകൂടി ചിന്തിക്കണം.