ശ്രീലങ്കയിൽ ഐഎസ് ഭീകരാക്രമണത്തിൽ അതിദാരുണമായി കൊലചെയ്യപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും ആഗോള ഭീകരതയ്ക്കെതിരേ സമൂഹ മനഃസാക്ഷി ഉണർത്താനും രക്തസാക്ഷി ജ്വാല തെളിച്ചു.കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിലാണ് ജ്വാല തെളിച്ചത്. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം കേന്ദ്രഭാരവാഹികൾക്കു ദീപം പകർന്നു നൽകി ഉദ്ഘാടനം നിർവഹിച്ചു.
രക്തസാക്ഷിത്വം വഹിച്ച സഹോദരങ്ങളോടും നിഷ്കളങ്കരായ കുഞ്ഞുങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചു നാളെ കെസിബിസി ലോകസമാധാനത്തിനു വേണ്ടി നടത്തുന്ന പ്രാർഥനാ ദിനത്തിൽ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ എല്ലാ ഇടവകകളിലും രക്തസാക്ഷി ജ്വാല തെളിക്കാൻ കേന്ദ്ര കാര്യലയത്തിൽ ചേർന്ന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
ഭീകരാക്രമണത്തിനെതിരേ രൂപത കേന്ദ്രങ്ങളിൽ സമാധാന സദസും സംഘടിപ്പിക്കും. ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, പി.ജെ.പാപ്പച്ചൻ, ജോയി മുപ്രാപ്പള്ളി, സാജു അലക്സ്, ഡോ. ജോസുകുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, ജോർജ് കോയിക്കൽ, തോമസ് പീടികയിൽ, ആന്റണി തൊമ്മാന, സിജിൽ പാലക്കോടിയിൽ, റിൻസണ് മണവാളൻ, ജോസുകുട്ടി മാടപ്പള്ളി എന്നിവർ പ്രസംഗിച്ചു.