കാർമൽ പ്രൊവിൻസ് രജത ജൂബിലിയോടനുബന്ധിച്ച് മതസൗഹാർദ കുടുംബക്കൂട്ടായ്മയും സംസ്ഥാനതലത്തിൽ ചാവറ ക്വിസ് മത്സരവും നടത്തി. മതസൗഹാർദ കൂട്ടായ്മ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വിശ്വമാനവികതയും മതസൗഹാർദവും ഭൗതിക അതിർവരന്പുകളില്ലാത്ത സാഹോദര്യവും ഇന്നത്തെ ലോകത്ത് അനിവാര്യമാണെന്ന് ബിഷപ് പറഞ്ഞു. പ്രൊവിൻഷ്യാൾ ഫാ. പോൾ പാറക്കാട്ടേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു മഞ്ഞക്കുന്നേൽ, ഫാ. പോൾ നെടുന്പുറത്ത്, സിസ്റ്റർ മാരീസ് മാന്പിളളി, തോമസ് പാറയ്ക്കൽ, വർഗീസ് ഇന്നസെന്റ് എന്നിവർ പ്രസംഗിച്ചു. ചാവറ ക്വിസ് മത്സരത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനം മൂവാറ്റുപുഴ ഡിവൈഎസ്പി ഷാജിമോൻ ജോസഫ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സണ് ഉഷ ശശിധരൻ അധ്യക്ഷത വഹിച്ചു.
ഫാ. സിന്റോ ആലുങ്കൽ, ഫാ. എബിൻ കല്ലറയ്ക്കൽ, കെ.ജെ. സേവ്യർ എന്നിവർ പ്രസംഗിച്ചു. ഫാ. സിജു പോൾ ക്വിസ് മത്സരം നടത്തി. മത്സര ജേതാക്കളായ റോസ് മേരി, ആൻ മേരി (കരിമണ്ണൂർ), നിധിൻ ജോണ്, ഉലഹന്നൻ (കോട്ടയം), അനിറ്റ, അതുല്യ (കൈലാസം) എന്നിവർക്ക് ഫാ. പോൾ പാറക്കാട്ടേൽ കാഷ് അവാർഡും ട്രോഫിയും നൽകി. ഇന്നു സമാപന സമ്മേളനം നടക്കും. രാവിലെ 9.15ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. 11ന് പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സിഎംഐ പ്രിയോർ ജനറാൾ ഫാ. പോൾ ആച്ചാണ്ടി യോഗത്തിൽ അധ്യക്ഷത വഹിക്കും. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യ പ്രഭാഷണവും ജൂബിലി വർഷത്തിൽ പ്രൊവിൻസ് നിർമിച്ചു നൽകുന്ന 25 വീടുകളുടെ താക്കോൽ ദാനവും നിർവഹിക്കും.
അനുഗ്രഹ പ്രഭാഷണവും 25 നഴ്സിംഗ് വിദ്യാർഥികൾക്കുളള സ്കോളർഷിപ്പുവിതരണവും മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാർ ജൂലിയോസ് നിർവഹിക്കും. 400 വിദ്യാർഥികൾക്കുളള ചാവറ സ്കോളർഷിപ്പു വിതരണം എൽദോ ഏബ്രഹാം എംഎൽഎ നിർവഹിക്കും. ജയിൽ മിനിസ്ട്രി പ്രോജക്ട് ഉദ്ഘാടനം മോണ്. ജോസ് പ്ലാച്ചിക്കൽ നിർവഹിക്കും. ഗോ ഗ്രീൻ പദ്ധതിയുടെ ഉദ്ഘാടനം ഫാ. ജോസ് കുര്യേടത്ത് നിർവഹിക്കും. വിവാഹ സഹായധന വിതരണം സിസ്റ്റർ ആനി പോൾ നിർവഹിക്കും. ജൂബിലി സ്മരണിക പ്രകാശനവും ചടങ്ങിൽ നടക്കും. പ്രൊവിൻഷ്യാൾ ഫാ. പോൾ പാറക്കാട്ടേൽ, ഫാ. ടോമി നന്പ്യാപറന്പിൽ എന്നിവർ പ്രസംഗിക്കും.