വിശുദ്ധിയുടെ പാതയില്‍-33

തിരുനാള്‍: മാര്‍ച്ച് – 17

പ്രൊഫ. തോമസ് കണയംപ്ലാവന്‍

ആദിമസഭയിലെ ഒരു മഹാമിഷനറി, അയര്‍ലണ്ടിന്റെ അപ്പസ്‌തോലന്‍, ആര്‍മാഗിലെ ആദ്യത്തെ ബിഷപ്പ്, അത്ഭുതപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രഖ്യാതനാണ് വിശുദ്ധ പാട്രിക് (Saint Patrick). അഞ്ചാം ശതകത്തിന്റെ ആരംഭത്തില്‍ അയര്‍ലണ്ട് ഒന്നിലധികം പേഗന്‍ രാജാക്കന്മാരുടെ കീഴില്‍ വിഭജിക്കപ്പെട്ടിരുന്നു. വിഗ്രഹാരാധനയും അതിനോടു ബന്ധപ്പെട്ട മറ്റു തിന്മകളും വ്യാപകമായിരുന്നു. ഈ അന്ധകാരനിബിഡമായ ദേശത്തെ മുഴുവനും മിശിഹായുടെ സുവിശേഷവെളിച്ചത്താല്‍ പ്രകാശമാനമാക്കിയ മഹാ പ്രേഷിതനായിരുന്നു പാട്രിക്.

അന്നുമുതല്‍ ഇന്നോളം അയര്‍ലണ്ട് കത്തോലിക്കാവിശ്വാസം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. മതനവീകരണത്തിന്റെ കാലത്തുപോലും അയര്‍ലണ്ടിന്റെ വിശ്വാസം അചഞ്ചലമായി നിലകൊണ്ടു. ഇന്നു യൂറോപ്പില്‍ പൊതുവേ ക്രിസ്തീയവിശ്വാസം ദുര്‍ബ്ബലമായിട്ടുണ്ടെങ്കിലും അയര്‍ലണ്ടിനെ ഇതൊന്നും ബാധിച്ചിട്ടില്ല. വിശുദ്ധ പാട്രിക്കും അദ്ദേഹത്തിന്റെ ആത്മീയ പുത്രിയായ വിശുദ്ധ ബ്രിജീത്തായുമാണ് അയര്‍ലണ്ടിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥര്‍. ഐറീഷ് ജനത അവരെ ഭക്ത്യാദരങ്ങളോടെ സ്മരിക്കുന്നു.

ജനനം, ബാല്യം, അടിമത്തം

അയര്‍ലണ്ടിന്റെ അപ്പസ്‌തോലനായിത്തീര്‍ന്ന ഈ വിശുദ്ധന്‍ ജനിച്ചത് സ്‌കോട്ട്‌ലണ്ടിലാണ് – ഒരു കെല്‍ട്ടോ-റോമന്‍ കുടുബത്തില്‍. അത്ഭുതപ്രവര്‍ത്തകനായിരുന്ന ടൂഴ്‌സിലെ വിശുദ്ധ മാര്‍ട്ടിന്റെ സഹോദരപുത്രിയായിരുന്നു മാതാവ്. തീക്ഷ്ണമായ വിശ്വാസം ജ്വലിച്ചു നിന്ന ആ കുടുംബത്തില്‍ പാട്രിക് ദൈവഭയത്തിലും ഭക്തിയിലും വളര്‍ന്നുവന്നു.

ദൈവത്തിന്റെ വഴികള്‍ എത്ര നിഗൂഢം! വളഞ്ഞ വരിയിലൂടെ നേരേ എഴുതാന്‍ അവിടുത്തേക്കു കഴിയും. പതിനാറാമത്തെ വയസ്സില്‍ കാട്ടുജാതിക്കാര്‍ അവനെ പിടിച്ചുകൊണ്ടുപോയി അയര്‍ലണ്ടില്‍ അടിമയായി വിറ്റു. ആറു മാസക്കാലം ആ ബാലന്‍ ആടുമാടുകളെ നോക്കി അര്‍ദ്ധപ്പട്ടിണിയില്‍ കഴിഞ്ഞു കൂടി. ഈ അവസരം കൂടുതല്‍ ദൈവൈക്യത്തില്‍ വളരാന്‍ അവനു സഹായകമായി. അവന്‍ നിരാശപ്പെട്ടില്ല. ദൈവസ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും വളര്‍ന്ന് അവന്‍ തന്റെ ജീവിതത്തിന്റെ മഹാദൗത്യത്തിനുവേണ്ടി ഒരുങ്ങുകയായിരുന്നു.

അടിമത്തം കഴിഞ്ഞപ്പോള്‍ സ്വന്തം നാട്ടിലേക്കുള്ള കപ്പലില്‍ കപ്പല്‍ക്കൂലി കൂടാതെ യാത്രചെയ്യാന്‍ കപ്പല്‍ക്കാര്‍ പാട്രിക്കിനെ അനുവദിച്ചു. കപ്പലില്‍ അവനു കൂട്ടുകാരെയും ലഭിച്ചു. കപ്പലിറങ്ങിയശേഷം 29 ദിവസം കാല്‍നടയായി യാത്രചെയ്താണ് പാട്രിക് സ്വഭവനത്തില്‍ എത്തിയത്. പാട്രിക്കിന്റെ പ്രാര്‍ത്ഥന ദൈവം ശ്രവിച്ചു. മാര്‍ഗ്ഗ മദ്ധ്യേ അവനും കൂട്ടുകാര്‍ക്കും ഭക്ഷണം മുടങ്ങാതെ ലഭിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍കൂടി പാട്രിക്കിന് അടിമത്തം അനുഭവിക്കേണ്ടതായി വന്നു. ഇതു രണ്ടു മാസമേ നീണ്ടുള്ളു.

ഒരു സ്വപ്നം

അടിമത്തം കഴിഞ്ഞ് ആറു വര്‍ഷത്തിനുശേഷം പാട്രിക് ഫ്രാന്‍സിലും ഇറ്റലിയിലുമൊക്കെ യാത്രചെയ്തു. ഫ്രഞ്ചുതീരത്തുള്ള ലെറിന്‍സില്‍ കുറെനാള്‍ പഠിച്ചു. വൈദികനായിത്തീര്‍ന്ന അദ്ദേഹം 43-ാമത്തെ വയസ്സില്‍ മെത്രാനായി അഭിഷേചിക്കപ്പെട്ടു. ഒരിക്കല്‍ ഐറീഷ് ബാലികാബാലന്മാര്‍ തന്റെ നേര്‍ക്കു കൈനീട്ടുന്നതായ ഒരു സ്വപ്നം അദ്ദേഹത്തിനുണ്ടായി. അയര്‍ലണ്ടാണ് തന്റെ പ്രേഷിതപ്രവര്‍ത്തനത്തിനുള്ള പ്രദേശമെന്നു മനസ്സിലാക്കിയ വിശുദ്ധന്‍ അങ്ങോട്ടു തിരിച്ചു.

മിഷന്‍ പ്രവര്‍ത്തനം

എരിയുന്ന തീക്ഷ്ണതയോടെ ബിഷപ്പ് പാട്രിക് അയര്‍ലണ്ടിന്റെ എല്ലാ മുക്കിലും മൂലയിലുമെത്തി അനേകായിരങ്ങളെ മാനസാന്തരപ്പെടുത്തി. അദ്ദേഹം അയര്‍ലണ്ടില്‍ 350 മെത്രാന്മാരെ അഭിഷേചിച്ചു; 5000 പേര്‍ക്ക് വൈദിക പട്ടം നല്‍കി; പള്ളികള്‍ പണിയിച്ചു.

വിശുദ്ധന്റെ പ്രവര്‍ത്തനം തുടങ്ങി 30 വര്‍ഷം തികയും മുമ്പ് അയര്‍ലണ്ടിന്റെ ഭൂരിഭാഗവും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. അദ്ദേഹം അവരെ കത്തോലിക്കാവിശ്വാസത്തില്‍ ഉറപ്പിച്ചു. പ്രൊട്ടസ്റ്റന്റ് വിപ്ലവകാലത്തുപോലും അയര്‍ലണ്ടിലെ കത്തോലിക്കാവിശ്വാസത്തിന് ഇളക്കമുണ്ടായില്ല. ഇന്നും ആളുകള്‍ ”ഐറീഷ് വിശ്വാസം” പ്രത്യേകം എടുത്തുപറയാറുണ്ട്.

അത്ഭുതപ്രവര്‍ത്തകന്‍

ദൈവം തന്റെ വലിയ മിഷനറിമാര്‍ക്ക് അത്ഭുതപ്രവര്‍ത്തന വരം നല്‍കുന്നത് അനേകായിരങ്ങളുടെ മാനസാന്തരത്തിനും ദൈവമഹത്ത്വത്തിനും വേണ്ടിയാണ്. ഇവിടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദൈവമാണ്; വിശുദ്ധര്‍ അതിന് ഉപകരണങ്ങളാകുന്നുവെന്നു മാത്രം. വിശുദ്ധ പാട്രിക് ആയിരത്തോളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവയില്‍ മരിച്ചവരെ ഉയിര്‍പ്പിച്ച അത്ഭുതങ്ങളുമുണ്ട്. മൊത്തം മരിച്ച 39 പേരെ വിശുദ്ധന്‍ ഉയിര്‍പ്പിച്ചിട്ടുണ്ടെന്ന് ഒരു പക്ഷം; 33 പേരെന്ന് മറ്റൊരു പക്ഷം. ഏതായാലും ഒരു മിഷന്‍ പ്രവര്‍ത്തനകാലത്ത് ഇത്രയും മരിച്ചവരെ ഉയിര്‍പ്പിച്ച മറ്റൊരു വിശുദ്ധനുമില്ല. ‘SAINTS WHO RAISED THE DEAD” എന്ന പുസ്തകത്തിലെ ഒരദ്ധ്യായം മുഴുവനും വിശുദ്ധ പാട്രിക്കിന്റെ ഈദൃശ അത്ഭുതങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.

433-ല്‍ ഉയിര്‍പ്പുതിരുനാള്‍ ദിവസം പരിശുദ്ധ ത്രിത്വത്തെപ്പറ്റി വിശുദ്ധന്‍ പ്രസംഗിക്കുകയും അതു കേള്‍ക്കാനിടയായ രാജസഹോദരന്‍ ”കൊണാള്‍” ഉടന്‍ തന്നെ മാനസാന്തരപ്പെടുകയും ചെയ്തു. അതോടെ അയര്‍ലണ്ടിന്റ സുവിശേഷവല്‍ക്കരണം ത്വരിതഗതിയിലായി.

ഐറീഷ് സഭ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ നാമമാത്ര ക്രിസ്ത്യാനിയായിരുന്ന കൊറോട്ടിക് രാജാവ് പല ക്രിസ്ത്യാനികളെയും വധിക്കുകയും, അനേകരെ അടിമകളായി വില്‍ക്കുകയും ചെയ്തു. വിനയമൂര്‍ത്തിയായിരുന്ന വിശുദ്ധന്‍ ”പാപിയും അജ്ഞനുമായ പാട്രിക്” എന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ട് കൊറോട്ടിക്കിന് ഒരു കത്തെഴുതി. ഈ കത്ത് തന്റെ അജഗണങ്ങളായ ക്രൈസ്തവരോട് അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്‌നേഹവും പരിഗണനയും വ്യക്തമാക്കുന്നു.

അതുപോലെ തന്നെ ഡ്രൂയിഡസ് (Druids) എന്നു പറയപ്പെടുന്ന ഒരു കൂട്ടര്‍ അദ്ദേഹത്തെ വളരെയധികം മര്‍ദ്ദിക്കുകയുണ്ടായി. പന്ത്രണ്ടിലേറെ പ്രാവശ്യം അവര്‍ അദ്ദേഹത്തെയും അനുയായികളെയും ജയിലിലടയ്ക്കുകയും വധിക്കാനുദ്യമിക്കുകയും ചെയ്തു. എങ്കിലും ദൈവകൃപയാല്‍ അദ്ദേഹം എല്ലായിപ്പോഴും രക്ഷപ്പെട്ടു. സുവിശേഷം പ്രസംഗിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് തങ്ങള്‍ ഉപേക്ഷിച്ചതെല്ലാം നൂറുമടങ്ങ് ലഭിക്കുമെങ്കിലും ഒപ്പം പീഡനങ്ങളും അനുഭവിക്കേണ്ടിവരുമെന്നുള്ള ഈശോയുടെ വാക്കുകള്‍ നമുക്ക് മറക്കാതിരിക്കാം. ഇതെല്ലാം വരാനിരിക്കുന്ന മഹത്ത്വത്തിലേക്കാണു വിരല്‍ചൂണ്ടുന്നത്.
ഉപസംഹാരം

രണ്ടുമാസം മാത്രം നീണ്ടുനിന്ന രണ്ടാമത്തെ അടിമത്തം കഴിഞ്ഞ് സ്വതന്ത്രനായി വീട്ടിലെത്തിയ പാട്രിക്കിന് തന്റെ ഭാവിയിലത്തെ മഹാദൗത്യത്തെപ്പറ്റി പല ദര്‍ശനങ്ങളിലൂടെ ദൈവം മുന്‍കൂട്ടി അറിവു നല്‍കി. ആദ്യഘട്ടത്തില്‍ വിശുദ്ധന്‍ രാജകൊട്ടാരങ്ങളിലും മറ്റുമാണ് സുവിശേഷം പ്രസംഗിച്ചത്; പിന്നീട് അദ്ദേഹം എല്ലാ ജനവിഭാഗങ്ങളുടെയും ഇടയില്‍ സുവിശേഷപ്രഘോഷണം നടത്തി. വിശുദ്ധ പാട്രിക് ആര്‍മാഗിലാണ് (Armagh) തന്റെ മെത്രാസനം സ്ഥാപിച്ചത്.

ഐറീഷ് സഭയില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിനായി അദ്ദേഹം പല കൗണ്‍സിലുകളും നടത്തുകയുണ്ടായി. ഇതിന്റെ ഫലമായി ഐറീഷ് സഭ തിരുസ്സഭയിലെ മനോഹരമായ ഒരു പൂവാടിയും വിശുദ്ധരുടെ ഒരു നഴ്‌സറിയുമായിത്തീര്‍ന്നു. ഐറീഷ് മിഷനറിമാര്‍ ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട് തുടങ്ങി നിരവധി രാജ്യങ്ങളില്‍ സുവിശേഷദീപം കൊളുത്തി. ആധുനിക കാലത്ത് അമേരിക്കയിലെയും ഓസ്‌ട്രേലിയായിലെയും ക്രൈസ്തവസമൂഹങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ വിശുദ്ധ പാട്രിക്കിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും വിശ്വാസവും തീക്ഷ്ണതയും വലിയപങ്ക് വഹിച്ചിട്ടുണ്ട്. വിശുദ്ധന്റെ തിരുനാള്‍ദിനം അയര്‍ലണ്ടിന്റെ ദേശീയോത്സവമാണ്.