സിഎംഐ കോട്ടയം പ്രോവിഷൻഷ്യൽ ഹൗസിനും മാന്നാനം പ്രസിനും കോപ്പിറൈറ്റ് ഉള്ള, ആബേലച്ചൻ രചിച്ച “കുരിശിന്‍റെ വഴി’ അനധികൃതമായി അച്ചടിച്ചു വിതരണം ചെയ്തതിനെതിരേ കേസ്. അകംപുറം പേജുകളിൽ മനോരമയുടെ പരസ്യം ചേർത്താണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്.
രചയിതാവായ ആബേലച്ചന്‍റെ പേരോ അച്ചടിച്ച പ്രസിന്റെ പേരോ ഉൾപ്പെടുത്താതെ നിയമവിരുദ്ധമായി മനോരമ പ്രോഡക്‌ടിന്‍റെ പരസ്യം മാത്രം ചേർത്താണ് വിശുദ്ധ വാരത്തിൽ കുരിശിന്‍റെ വഴി പുസ്തകം അച്ചടിച്ചു പലേടത്തും വിതരണം ചെയ്തതായി പരാതിയുള്ളത്. മനോരമ പ്രോഡക്ടുകളുടെ പരസ്യത്തിനു പ്രചാരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുസ്തകം അനധികൃതമായി അച്ചടിച്ചതെന്നാണ് ആക്ഷേപം.
സിഎംഐ കോട്ടയം പ്രോവിൻസ് ഇതു സംബന്ധിച്ചു കോട്ടയം പോലീസ് ചീഫിനു പരാതി നൽകിയെന്നാണ് അറിയുന്നത്.