നീതിയുടെ കിരീടം ഒരുക്കി കാത്തിരിക്കുന്ന നല്ല തമ്പുരാനെയാണ് നാം ഇന്ന് ഈ വചനഭാഗത്തിലൂടെ കാണുന്നത്. ദൈവം ഒരുക്കി കാത്തിരിക്കുന്ന ആ കിരീടം നേടിയെടുക്കാൻ നാം എന്തൊക്കെ ചെയ്യണം എന്ന് വചനത്തിലൂടെ ഈശോ നമ്മെ പഠിപ്പിക്കുന്നു. ഈ ഭൂമിയിലുള്ള നമ്മുടെ ജീവിതം എന്നും ഒരു ഓട്ട മത്സരമാണ്. ഓട്ട മത്സരത്തിൽ ഒന്നാമനായി ഓടിയെത്തുന്നവനാണ് സാധാരണ സമ്മാനം ലഭിക്കുക. എന്നാൽ ഇവിടെ ഈശോ നമ്മോട് പറയുന്നത് ഒന്നാമതായി എത്തി കിരീടം നേടാനല്ല മറിച്ച് നിന്റെ ജീവിതത്തിൽ നീതിയുടെ കിരീടം നേടിയെടുക്കണമെങ്കിൽ നീ നിന്റെ വിശ്വാസം സംരക്ഷിക്കുന്നതിനായി ജീവിതാവസാനം വരെ നന്നായി പൊരുതണം എന്നാണ്. ഇന്ന് നമ്മിൽ ഏറിവരുന്ന പ്രവണത ഈ ലോക ജീവിതത്തിൽ ഒന്നാം സ്ഥാനം നേടി സ്ഥാനമാനങ്ങളും കിരീടവും നേടിയെടുക്കാനാണ്. അപ്രകാരം ഈ ലോകത്തിൽ കിരീടം നേടുമ്പോൾ നിത്യതയിലുള്ള എന്റെ കിരീടം നഷ്ടമാവുകയാണ് എന്ന് നാം മനസിലാക്കണം. ഈശോ നമ്മോട് പറയുന്നതു പോലെ വിശ്വാസം സംരക്ഷിച്ച് ജീവിതാവസാനം വരെ നന്നായി ഓടി തമ്പുരാനോടൊപ്പമാകുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ