1959 ഏപ്രിൽ 26 നു ധന്യൻ മാർ കാവുകാട്ട് പിതാവ് കൂദാശ ചെയ്ത പറാൽ സെന്റ് ആന്റണീസ് പള്ളിക്ക് ഇന്നു വജ്രജൂബിലി. ജൂബിലിയോടനുബന്ധിച്ചു നടക്കുന്ന ഏപ്രിൽ 25, 5.00 നു നടക്കുന്ന കൃതജ്ഞതാബലിയിൽ അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുംതോട്ടത്തോടൊപ്പം ഈ പള്ളിയിൽ സേവനം ചെയ്ത ബ. വൈദികർ സഹകാർമ്മികരാകും. തുടർന്നു വജ്രജൂബിലി സ്മാരക അജപാലന ഭവനത്തിന്റെ ശിലാസ്ഥാപനം അഭി. പിതാവ് നിർവഹിക്കും. അതോടൊപ്പം ഇടവക ദിനാചരണവും സ്‌നേഹവിരുന്നും നടക്കുന്നു.
1904 ൽ ആരംഭിച്ച “കൽദായ സുറിയാനി” സംഘത്തിലെ അംഗങ്ങളായ കണ്ടങ്കരി വർഗീസ് പോത്തൻ, നെൽപുരക്കൽ- തൈപ്പറമ്പിൽ മത്തായി തോമ്മാ, കറുകക്കളം-പുതുവീട്ടിൽ വർക്കി ഔസേഫ്, തുടങ്ങിയവരാണ് പറാൽ പ്രദേശത്തു ചങ്ങനാശേരി -കോട്ടയം കനാലിന്റെ തീരത്തു ഒരു കുരിശുപള്ളി പണിയാനുള്ള പരിശ്രമത്തിനു തുടക്കമിട്ടത്. 1949 ൽ സ്വാതന്ത്ര്യസമര സേനാനിയായും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനുമായ ഗ്രിഗറി കണ്ടങ്കരി തിരുകൊച്ചി മുഖ്യമന്ത്രിയായ പട്ടം തണുപിള്ളയെ ചെന്നു കണ്ടു പള്ളി പണിക്കുള്ള ഗവ. ഓർഡർ സമ്പാദിച്ചു. വി. ഫിലോമിനയുടെ നാമധേയത്തിൽ എസ്. ബി. ഹൈസ്കൂൾ ചാപ്പലിന്റെ മാതൃകയിൽ, അതെ വലുപ്പത്തിൽ പള്ളി പണിയാൻ തീരുമാനിച്ചു. അദ്ദേഹത്തോടൊപ്പം തൈപ്പറമ്പിൽ തോമ്മാ മത്തായി, ജോസഫ് കൊച്ചുകളം എന്നിവരും പള്ളിപണിയ്ക്കു നേതൃത്വം നൽകി. 1949 ഓഗസ്റ്റ് 7 നു മാർ ജെയിംസ് കാളാശ്ശേരി പള്ളിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് ഒരു ദശകത്തിനുശേഷമാണ് പള്ളിപണി പൂർത്തിയാക്കാൻ കഴിഞ്ഞത്. ചങ്ങനാശ്ശേരി പള്ളി വികാരിമാരായ കട്ടക്കയത്തിൽ ജേക്കബ് അച്ചൻ, കുളംകുത്തി അച്ചൻ, ജോസഫ് തുരുത്തുമാലിൽ കൈക്കാരനായ മുകുന്ദംകരി കുഞ്ഞ് എന്നിവരും ഏറെനാൾ മുടങ്ങിക്കിടന്ന പള്ളിപണി പൂർത്തിയാക്കാൻ സഹായിച്ചു. വെട്ടിത്തുരുത് കാവാലിക്കരയിൽനിന്നും വി. അന്തോനീസിന്റെ തിരുസ്വരൂപം ഇവിടെ പ്രതിഷ്ഠിച്ചതോടെ ഈ ദൈവാലയം വി. അന്തോണീസിസ് പള്ളി എന്നു അറിയപ്പെടുന്നു.
ഇരുനൂറോളം കുടുംബങ്ങളുള്ള ഈ ഇടവക 2012 മെയ് 19 നു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു.
വജ്രജൂബിലി സ്മാരകമായി പുതിയ അജപാലന ഭവനത്തിനു അഭി. പിതാവ് ശിലാസ്ഥാപനം നിർവഹിക്കും.
പരിപാടികൾക്ക് വികാരി റവ ഡോ ജോസ് കൊച്ചുപറമ്പിൽ, കൈക്കാരന്മാരായ ജോസഫ് ആന്റണി വട്ടക്കളം, ജോമോൻ മാത്യു മുളവന, കൺവീനർ ബിജു സേവ്യർ തോപ്പിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ജോൺസൺ തോമസ് കോയിപ്പള്ളി തുടങ്ങിയവർ നേതൃത്വം വഹിക്കും.
മോൺ. ജോസഫ് മുണ്ടകത്തിൽ, വെരി റവ.ഫാ. കുര്യൻ പുത്തൻപുര, ഐസക് ആലഞ്ചേരി, ഫാ. കുരുവിള കോക്കാട്ട്, ചാക്കോ പുതിയാപറമ്പിൽ, ജോസഫ് വട്ടക്കളം, തോമസ് പുതിയിടം, ഗ്രിഗറി ഓണംകുളം, ജോർജ് പഴയപുര, ജോൺ മുള്ളന്പാറ, ജോസഫ് പനക്കേഴം, ജോസഫ് വട്ടക്കളം, മാത്യു നടമുഖത്ത്, തോമസ് കുളത്തിങ്കൽ തുടങ്ങിയവർ തിരുക്കർമ്മങ്ങളിൽ സംബന്ധിക്കും.