കഴിഞ്ഞ ദിവസങ്ങളിൽ ശ്രീലങ്കയിലെ ന്യൂനപക്ഷമായ കത്തോലിക്കർക്കെതിരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയവും ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയും വേദനാജനകവും അപലപനീയവുമാണന്ന് സി.ബി.സി.ഐ. എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷനുമായ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത.
കൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യുവാനുള്ള ചില ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾ ആശങ്കാജനകമാണന്നും ഇത്തരം പ്രവണതകൾക്കെതിരെ പ്രാർത്ഥനയിൽ ശക്തി പ്രാപിച്ച് വിശ്വാസസാക്ഷ്യം നൽകണമെന്നും മാർ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. അതിരൂപതാ കേന്ദ്രത്തിൽ കൂടിയ വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ഇത്തരം സന്ദർഭങ്ങളിൽ പ്രതികാര വിദ്വേഷ മനോഭാവങ്ങൾ പ്രകടിപ്പിക്കാതെ സഭയെ പീഡിപ്പിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് വൈദിക സമ്മേളനം അഭിപ്രായപ്പെട്ടു .
മെയ് അഞ്ചാം തീയതി ശ്രീലങ്കയിലെ സഭക്കു വേണ്ടി പ്രാർത്ഥനാദിനമായി ആചരിക്കുവാനും എല്ലാ ഇടവകളിലെയും സ്തോത്ര കാഴ്ച ശ്രീലങ്കയിലെ സഭയക്ക് നൽകുവാനും തീരുമാനിച്ചു. മുന്നൂറിലധികം വൈദികർ പങ്കെടുത്ത യോഗത്തിൽ അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ വികാരി ജനറാൾ റവ. ഡോ. തോമസ് പാടിയത്ത്, അതിരൂപതാ ചാൻസിലർ റവ.ഡോ. ഐസക് ആലഞ്ചേരി വൈദിക സമിതി സെക്രട്ടറി റവ.ഡോ. ജോസ് നിലവന്തറ, റവ.ഡോ. ജേക്കബ് കോയിപ്പള്ളി എന്നിവർ പ്രസംഗിച്ചു. വികാരി ജനറാളന്മാർ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, റവ.ഡോ. ഫിലിപ്സ് വടക്കേക്കളം, അതിരൂപതാ പ്രൊക്കുറേറ്റർ റവ.ഫാ. ഫിലിപ്പ് തയ്യിൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നല്കി.