ബിഷപ് മാര്‍ ഏബ്രഹാം ഡി. മറ്റത്തിന്റെ (97) സംസ്കാരം മധ്യപ്രദേശിലെ സത്ന സെന്റ് വിന്‍സന്റ് കത്തീഡ്രലില്‍ നടത്തി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംസ്കാര ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ 9.30നു ദിവ്യബലിയോടെയാണു സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. ജബല്‍പുര്‍ ബിഷപ് ഡോ. ജെറാള്‍ഡ് അല്‍മെയ്ഡ വചനസന്ദേശം നല്കി. ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലെയോ കൊര്‍ണേലിയോ, ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, സത്ന ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍ എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.
മധ്യപ്രദേശിലെയും ചത്തീസ്ഗഢിലെയും പന്ത്രണ്ടോളം മെത്രാന്മാരും നൂറുകണക്കിനു വൈദികരും സമര്‍പ്പിതരും അല്മായരും സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുത്തു. നഗരികാണിക്കലിനുശേഷം കത്തീഡ്രല്‍ പള്ളിയില്‍ അള്‍ത്താരയ്ക്കു സമീപത്തു തയാറാക്കിയിട്ടുള്ള കല്ലറയിലായിരുന്നു സംസ്കാരം. സീറോ മലബാര്‍ രൂപതയായ സത്നയുടെ പ്രഥമ മെത്രാനാണു വിന്‍സന്‍ഷ്യന്‍ സന്യാസസമൂഹാംഗമായ മാര്‍ ഏബ്രഹാം ഡി. മറ്റം. കഴിഞ്ഞ പതിനാറിനു കൊച്ചി ഇടപ്പള്ളിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച ഇടപ്പള്ളിയിലെ വിന്‍സന്‍ഷ്യന്‍ ജനറലേറ്റിലാണു സംസ്കാരശുശ്രൂഷകളുടെ ആദ്യഭാഗം നടന്നത്.