ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആദ്യ രണ്ടു മണിക്കൂർ പിന്നിടുന്പോൾ വോട്ടിംഗ് യന്ത്രങ്ങൾക്ക് വ്യാപക തകരാർ. കോവളം ചൊവ്വരയിലെ 151-ാം ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുന്പോൾ തെളിയുന്നത് താമരചിഹ്നമാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്
76 പേർ വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയത്. വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. സംഭവത്തെ തുടർന്ന് തെര. കമ്മീഷൻ ഉദ്യോഗസ്ഥർ വോട്ടിംഗ് യന്ത്രം വിശദപരിശോധനയ്ക്കായി മാറ്റി. പിന്നീട് പുതിയ യന്ത്രം എത്തിച്ച് വോട്ടിംഗ് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് യുഡിഎഫ് വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, സംസ്ഥാനത്തെ ചില സ്ഥലങ്ങളിൽ വോട്ടിംഗ് യന്ത്രത്തിൽ തകരാറ് കണ്ടെത്തിയതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് വൈകി. രാവിലെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ടിംഗ് യന്ത്രത്തിന്റെ തകരാറിനെ തുടർന്ന് വോട്ട് ചെയ്യാതെ മടങ്ങി. കൊച്ചിയിലെ എറണാകുളം മാർക്കറ്റ് റോഡിലുള്ള സെന്റ് മേരീസ് സ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. ഒരു മണിക്കൂറോളം ബൂത്തില്‍ കാത്തുനിന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.