ഉയിർപ്പു തിരുനാൾ ആഘോഷിക്കുന്ന ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിലെ പ്രശസ്തമായ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്ഫോടന പരന്പരയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെയും പരിക്കേറ്റവരുടെയും വേദനയിൽ പങ്കുചേരുന്നതായി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
വംശീയതയുടെയും വർഗീയതയുടെയും മതവിദ്വേഷത്തിന്റെയും പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന, ഒരിക്കലും നീതീകരിക്കാനാവാത്ത കൊലപാതകങ്ങളുടെ തുടർച്ചയെന്നപോലെ ശ്രീലങ്കയിലും സംഭവിച്ച ഈ ദുരന്തത്തിൽ തന്റെ ഐക്യദാർഢ്യവും പ്രാർഥനാപൂർവകമായ പിന്തുണയും ശ്രീലങ്കയിലെ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റിന് അയച്ച സന്ദേശത്തിൽ കർദിനാൾ അറിയിച്ചു.
ഈസ്റ്റർദിന തിരുക്കർമങ്ങൾ നടന്നുകൊണ്ടിരിക്കവെ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻസ്, കൊളംബോയിലെ സെന്റ് ആന്റണീസ് എന്നീ കത്തോലിക്കാ ദേവാലയങ്ങളിലും ബട്ടിക്കലോവ സീയോൻ പ്രൊട്ടസ്റ്റന്റ് പള്ളിയിലും നടന്ന സ്ഫോടനങ്ങളിൽ നൂറുകണക്കിനു വിശ്വാസികൾക്കു ജീവൻ നഷ്ടപ്പെടുകയും അതിലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ശ്രീലങ്കയിലെ താരതമ്യേന സമാധാനപൂർണമായ സാഹചര്യത്തിലാണ് ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണം ഉണ്ടായത്. ആ രാജ്യത്തെ ജനസംഖ്യയിൽ കേവലം 15 ലക്ഷം മാത്രം വരുന്ന ക്രൈസ്തവർ ചെയ്തുവരുന്ന വിദ്യാഭ്യാസപരവും സാമൂഹികപരവുമായ സേവനങ്ങൾ എല്ലാവരും അംഗീകരിക്കുന്നതാണ്.
സമാധാനപൂർണമായ സഹവർത്തിത്വത്തിലൂടെ രാഷ്ട്രനിർമിതിയിൽ ഏർപ്പെട്ടിരിക്കുന്ന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ദിവസം തന്നെയാണ് അക്രമികൾ സ്ഫോടനങ്ങൾ നടത്തുന്നതിനു തെരഞ്ഞെടുത്തത് എന്നത് നിസാരമായി കാണാനാവില്ല.
ലോകം പുരോഗതിയുടെ ചിറകിൽ അതിവേഗം സഞ്ചരിക്കുന്പോഴും മനുഷ്യമനസുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന തിന്മയുടെ പ്രാകൃതമായ പ്രകടനങ്ങൾ പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ല. ഏറ്റവും ഹീനമായ ഈ ഭീകരാക്രമണത്തെ ലോകമനസാക്ഷിയോട് ചേർന്ന് അപലപിക്കുന്നു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണത്തോടൊപ്പം ആവശ്യമായ മുൻകരുതലുകളും ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതാണ്.
വേദനയുടെയും അരക്ഷിതത്വത്തിന്റെയും സാഹചര്യത്തിലൂടെ കടന്നുപോകുന്ന ശ്രീലങ്കയിലെ പൊതുസമൂഹത്തിനുവേണ്ടി പ്രാർഥിക്കാൻ മാർ ആലഞ്ചേരി വിശ്വാസികളെ ആഹ്വാനം ചെയ്തു.