പണ്ഡിതോചിതമായ ഇടപെടലുകളിലൂടെയും മാർഗനിർദേശങ്ങളിലൂടെയും സീറോ മലബാർ സഭയുടെ സിനഡിനെ ശക്തിപ്പെടുത്തിയ ഇടയനാണു ബിഷപ് മാർ ഏബ്രഹാം മറ്റമെന്നു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഇടപ്പള്ളി വിൻസൻഷ്യൻ ജനറലേറ്റിൽ ബിഷപ് മറ്റത്തിന്റെ സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗത്തെ ദിവ്യബലിയിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
നന്മ ചെയ്തു കടന്നുപോകുന്ന അജപാലകശ്രേഷ്ഠനാണ് മാർ മറ്റം. രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ ദർശനങ്ങളെ സഭയിലേക്കു സമന്വയിപ്പിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഉറവിടങ്ങളിലേക്കു തിരിച്ചുപോകാനും ശുശ്രൂഷകൾ കാലികമാക്കാനുമുള്ള കൗണ്‍സിലിന്റെ ഓർമപ്പെടുത്തൽ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. വിൻസൻഷ്യൻ പാതയിലൂടെ വിനയപൂർവമായിരുന്നു അദ്ദേഹത്തിന്റെ ശുശ്രൂഷകൾ. വിശാലമായ അറിവുകൾ നാം ആർജിക്കേണ്ടതുണ്ടെന്ന് വൈദികരെ അദ്ദേഹം ഓർമപ്പെടുത്തിയിട്ടുണ്ട്. ചിന്തയുടെ പാപ്പരത്വമില്ലാതെ, ഈടുറ്റ ദർശനങ്ങളിലൂടെ വഴിനടത്തിയ ഇടയനാണു നാം യാത്രാമൊഴിയേകുന്നതെന്നും മാർ കല്ലറങ്ങാട്ട് അനുസ്മരിച്ചു.