ഈസ്റ്റർദിന തിരുക്കർമങ്ങൾ നടന്നുകൊണ്ടിരിക്കുന്പോൾ ഇന്നലെ രാവിലെയാണു മൂന്നു ക്രൈസ്തവ ദേവാലയങ്ങളിൽ സ്ഫോടനം നടന്നത്. മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനമുണ്ടായി. പിന്നീടു മറ്റു രണ്ടിടത്തുകൂടി സ്ഫോടനം നടന്നു. തമിഴ് ഈഴത്തിനുവേണ്ടി കാൽനൂറ്റാണ്ടു നീണ്ടുനിന്ന ആഭ്യന്തര കലാപം അടിച്ചമർത്തപ്പെട്ടിട്ട് ഒരു ദശകം പിന്നിടുന്പോഴാണ് ഈ പൈശാചിക ആക്രമണത്തിനു ശ്രീലങ്ക സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ശ്രീലങ്ക എന്ന രാജ്യത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ എന്നും ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. ധാരാളം തമിഴ് വംശജർ അവിടെയുണ്ട്. വിനോദസഞ്ചാരമാണു ശ്രീലങ്കൻ സന്പദ്ഘടനയുടെ നട്ടെല്ല്. ആ നട്ടെല്ലൊടിക്കുകയെന്ന ലക്ഷ്യം മാത്രമായിരുന്നില്ല ഇന്നലെ സംഹാരപരന്പര നടത്തിയവർക്കുണ്ടായിരുന്നത്. നെഗോംബോ, ബെറ്റിക്കലോവ, കൊളംബോ എന്നിവിടങ്ങളിലെ പ്രശസ്തമായ ക്രൈസ്തവ ദേവാലയങ്ങളിലാണ് അവർ സ്ഫോടനം നടത്തിയത്. ഇതിൽ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻസ്, കൊളംബോയിലെ സെന്റ് ആന്റണീസ് എന്നീ കത്തോലിക്കാ ദേവാലയങ്ങൾക്ക് ഏറെ നാശമുണ്ടായി.
ഈസ്റ്റർ ദിനംതന്നെ ഇത്തരമൊരു ക്രൂരകൃത്യത്തിനു തെരഞ്ഞെടുത്തതു കഴിയുന്നത്ര ക്രൈസ്തവരെ സംഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കുമല്ലോ. പള്ളിയിൽ ആരാധനയ്ക്കെത്തിയ സാധാരണക്കാരായ വിശ്വാസികളാണു കൊലചെയ്യപ്പെട്ടത്. നിരവധി പേർക്കു ഗുരുതരമായി പരിക്കേറ്റു. സ്ഫോടനങ്ങളെത്തുടർന്നു ശ്രീലങ്കയിൽ കർഫ്യൂ പ്രഖ്യാപിക്കുകയും സമൂഹ മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. വ്യാജവാർത്തകൾ പരത്താതിരിക്കാൻവേണ്ടിയാണു സമൂഹമാധ്യമ നിയന്ത്രണം. ചില പ്രമുഖ ഹോട്ടലുകളെയും അക്രമികൾ ലക്ഷ്യമിട്ടു. ഇതിലൊന്നായ സിനമൺ ഗ്രാൻഡ് ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിക്കു വളരെ അടുത്താണ്. ഏതാനും വിദേശികളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. വ്യക്തമായ പദ്ധതിയോടെയാണ് അക്രമികൾ സ്ഫോടനങ്ങൾ നടത്തിയതെന്നതിനു സംശയമില്ല.
ശ്രീലങ്കയിലെ ജനസംഖ്യയിൽ 70.2 ശതമാനം ബുദ്ധമതക്കാരാണ്. ഹിന്ദുക്കൾ 12.6 ശതമാനവും മുസ്ലിംകൾ 9.7 ശതമാനവും വരും. 2012ലെ സെൻസസ്പ്രകാരം 15 ലക്ഷം മാത്രമാണു ക്രൈസ്തവർ. ഇതിൽ ഭൂരിപക്ഷവും റോമൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ടവരാണ്. കത്തോലിക്കർ ജനസംഖ്യയിൽ വളരെ കുറവാണെങ്കിലും ശ്രീലങ്കയുടെ വിദ്യാഭ്യാസ, സാമൂഹ്യ രംഗങ്ങളിൽ അവരുടെ സംഭാവന വലുതാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കുനേരേ നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമാണ് ഇന്നലെ ശ്രീലങ്കയിൽ ഉണ്ടായതെന്നുവേണം കരുതാൻ.
ദേശീയതയുടെ പേരിലും സംഘർഷങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അതു മുതലെടുപ്പു ദേശീയതയാണ്. താത്കാലിക ലാഭത്തിനുവേണ്ടി വിഭാഗീയത വളർത്തുന്നവർ സമൂഹത്തോടു വലിയ പാതകമാണു ചെയ്യുന്നത്. ഇക്കാര്യം അവർക്ക് അറിവില്ലാഞ്ഞിട്ടല്ല. സ്വന്തം ലാഭത്തിലുപരി സമൂഹത്തോട് ഒരു പ്രതിബദ്ധതയും അവർക്കില്ല. രാജ്യസുരക്ഷയുടെ പേരിൽപ്പോലും മുതലെടുപ്പും സംഘർഷം സൃഷ്ടിക്കലും നടക്കുന്നു.
അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്നതു രാഷ്ട്രതന്ത്രജ്ഞതയുടെ ഭാഗമാണ്. ആർക്കും അടിയറവു പറഞ്ഞുകൊണ്ടല്ല, സ്വന്തം കരുത്തു ബോധ്യപ്പെടുത്തിക്കൊണ്ടുതന്നെ ഇത്തരം ബന്ധങ്ങൾ വളർത്തിയെടുക്കാൻ സാധിക്കും. പല ഇന്ത്യൻ നേതാക്കൾക്കും അതു സാധിച്ചിട്ടുണ്ട്. ഇന്ത്യ അയൽ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ എക്കാലവും ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ചിലയവസരങ്ങളിൽ അതിൽ പാളിച്ചകളുണ്ടായി. കുറെക്കാലമായി പാക്കിസ്ഥാനുമായി സംഘർഷത്തിലാണെങ്കിലും മറ്റ് ഒട്ടുമിക്ക അയൽരാജ്യങ്ങളുമായും ഇന്ത്യ ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കുന്നു. എന്നാൽ, സമീപകാലത്തു ചൈന ഇക്കാര്യത്തിൽ ഇന്ത്യയെ കവച്ചുവച്ചു. പാക്കിസ്ഥാനിലും ശ്രീലങ്കയിലും മാലദ്വീപിലുമൊക്കെ പല പദ്ധതികളും തുടങ്ങി ചൈന ആ രാജ്യങ്ങളിൽ സ്വാധീനം ഉറപ്പിച്ചു. തക്കസമയത്ത് ഇടപെടാതിരുന്നതും ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാതിരുന്നതും നമ്മുടെ വീഴ്ചയാണ്.
ശ്രീലങ്കയിൽ ഇന്നലെ നടന്ന അക്രമങ്ങളിൽ ഇന്ത്യക്കു തീർത്തും നിസംഗത പാലിക്കാനാവില്ല. പരന്പരാഗത ബന്ധങ്ങളിൽ ഉലച്ചിൽ തട്ടാതിരിക്കാനും അവ കൂടുതൽ ദൃഢമാക്കാനും യുക്തിപൂർണമായ നടപടികൾ ആവശ്യമാണ്. പക്വമായ നീക്കങ്ങളിലൂടെ അയൽപക്ക ബന്ധങ്ങൾ ശക്തമാക്കുന്നതിനൊപ്പം ആ രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയിൽ നാം തത്പരരായിരിക്കുകയും അതിൽ വീഴ്ചകളുണ്ടാകുന്പോൾ ഉത്കണ്ഠ പങ്കുവയ്ക്കുകയും വേണം. അത് അനാവശ്യമായ കൈകടത്തലായി ചീത്രീകരിക്കപ്പെടരുത്.
കടപ്പാട് ദീപിക