യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓർമ പുതുക്കിയ ദുഃഖവെള്ളിയാഴ്ചയും വലിയശനിയാഴ്ചയായ ഇന്നലെയും മലയാറ്റൂർ കുരിശുമുടി കയറിയതു പതിനായിരങ്ങൾ. പെസഹാദിനത്തിലും ദുഃഖവെള്ളിയാഴ്ചയും ഉണ്ടായിരുന്ന തിരക്ക് ഇന്നലെയും തുടരുകയായിരുന്നു. ഇന്നലെ വൈകുന്നേരം കുരിശുമുടിയിൽ ശക്തമായ മഴ പെയ്തെങ്കിലും വിശ്വാസികൾക്കു മലകയറ്റത്തിനതു തടസമായില്ല.
ചെറുസംഘങ്ങളായി ഭാരമേറിയ മരക്കുരിശുമേന്തി നൂറുകണക്കിനു യുവജനങ്ങൾ മലകയറി. വലിയ പാറക്കല്ലുകളുടെ ഇടയിലൂടെ കുരിശുമേന്തി മലകയറുന്നവരുടെ കൂട്ടത്തിൽ നേർച്ചയായി തലയിൽ ചെറിയ കല്ലു വഹിച്ചു മലകയറുന്നവരും ഉണ്ടായിരുന്നു.
രാത്രിയിലാണ് മലകയറുന്നതിനായി തീർഥാടകർ കൂടുതലായി എത്തിയത്. ഉയിർപ്പുദിനമായ ഇന്നും പുതുഞായർ തിരുനാൾ വരെയും തീർഥാടകരുടെ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ.വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മലയാറ്റൂരിലേക്കുള്ള നടപ്പാതയിൽ കഞ്ഞിയും ചോറും മറ്റു ഭക്ഷണ പദാർഥങ്ങളും നേർച്ചയായി നൽകുന്നുണ്ട്.
വീടുകൾക്കു മുന്നിൽ കുടിവെള്ളവും നൽകിവരുന്നു. വാഹനങ്ങൾ മലയാറ്റൂർ അടിവാരത്തുനിന്നു വണ്‍വേയായി തിരിച്ചുവിട്ടതിനാൽ ഗതാഗതം സുഗമമായിരുന്നു. മലയാറ്റൂർ-കോടനാട് പാലവും ഒട്ടേറെ തീർഥാടകർക്ക് ആശ്വാസമായി.
കുരിശുമുടിയിൽ തിരുക്കർമങ്ങൾക്കു കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ആന്റണി വട്ടപ്പറന്പിൽ കാർമികത്വം വഹിച്ചു. ഇന്നു പുലർച്ചെ ഉയിർപ്പു തിരുക്കർമങ്ങൾ നടന്നു. രാവിലെ 5.30, 6.30, 7.30, 9.30 ന് ദിവ്യബലി. സെന്റ് തോമസ് പള്ളിയിൽ (താഴത്തെ പള്ളി) വികാരി ഫാ. വർഗീസ് മണവാളൻ തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു.
ഇന്നു പുലർച്ചെ ഉയിർപ്പു തിരുക്കർമങ്ങൾ നടന്നു.