ക്രൈസ്തവ വിശ്വാസികള്‍ക്ക് മാത്രമല്ല മനുഷ്യകുലം മുഴുവനും പ്രത്യാശയുടെയും സന്തോഷത്തിന്റെയും അനുഭവം പകര്‍ന്നുകൊടുക്കുന്ന ഈശോമിശിഹായുടെ ഉയിര്‍പ്പുതിരുനാള്‍ ഒരിക്കല്‍കൂടി വന്നണയുകയാണല്ലോ. ഉത്ഥിതനായ ഈശോ നമുക്കു നല്‍കുന്ന സമാധാനം നമ്മിലും ലോകം മുഴുവനിലും നിറയുകയും പ്രത്യാശയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യട്ടെ എന്ന് സ്‌നേഹത്തോടെ ആശംസിക്കുന്നു.
ഉയിര്‍പ്പുതിരുനാളിനൊരുക്കമായിട്ടാണ് ക്രൈസ്തവരായ നാം വലിയ നോമ്പ് ആചരിച്ചത്. കര്‍ത്താവും രക്ഷകനുമായ ഈശോമിശിഹായുടെ ജീവിതത്തിന്റെയും സഹനത്തിന്റെയും മരണത്തിന്റെയും അന്തിമഫലമാണ് ഉയിര്‍പ്പ് അഥവാ പുനരുത്ഥാനം. ഈശോയുടെ ജീവിതത്തിന്റെ ഓശാന ഞായര്‍ മുതലുള്ള ആഴ്ചയെ പെസഹാവാരം എന്ന് നാം വിശേഷിപ്പിക്കുന്നു. ഈ വലിയ ആഴ്ചയില്‍ അവിടുത്തെ ജീവിതത്തിലെ ഏറ്റവും തീവ്രമായ അനുഭവങ്ങളാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്. ഓശാന തിരുനാള്‍, പെസഹാവ്യാഴം, ദുഖ:വെള്ളി, ഉയിര്‍പ്പ് ഞായര്‍ എന്നിങ്ങനെ അവിടുത്തെ ജീവിതത്തിന്റെ അവസാന ദിവസങ്ങളിലെയും മണിക്കൂറുകളിലെയും സംഭവങ്ങളാണ് പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും വിഷയമാകുന്നത്.
പെസഹാ എന്ന വാക്കിന്റെ അര്‍ത്ഥം ‘കടന്നുപോകല്‍’ എന്നാണ്. പെസഹാവാരത്തിലെ സംഭവങ്ങളിലൂടെയാണ് കര്‍ത്താവ് ഈ ലോകത്തില്‍നിന്ന് പിതാവിന്റെ പക്കലേയ്ക്ക് കടന്നുപോകുന്നത്. അവിടുന്ന് അപ്രകാരം കടന്നുപോയപ്പോള്‍ മനുഷ്യവംശത്തെയും അവിടുന്ന് തന്നിലൂടെ പിതാവിന്റെ പക്കലേയ്ക്ക് കൊണ്ടു പോയി എന്ന ചിന്ത ക്രൈസ്തവ വിശ്വാസത്തിന്റെ ഒരു അടിസ്ഥാനപ്രമാണമാണ്. മിശിഹാ എല്ലാ മനുഷ്യരുടെയും രക്ഷകനാണെന്ന് ഈ അര്‍ത്ഥത്തില്‍ നാം വിശ്വസിക്കുന്നു. ക്രൈസ്തവര്‍ അല്ലാത്തവര്‍ അത് അംഗീകരിക്കണമെന്നില്ല. എങ്കിലും മിശിഹായില്‍ എല്ലാ മനുഷ്യരെയും സമഭാവനയോടെ കാണുവാനും എല്ലാവരെയും സാഹോദര്യത്തില്‍ ഉള്‍ക്കൊള്ളാനും എല്ലാവരോടും സഹകരിച്ച് ഈ ലോകത്തില്‍ ജീവിക്കുവാനും ഈ അടിസ്ഥാനവിശ്വാസം ക്രൈസ്തവരെ പ്രേരിപ്പിക്കുന്നു.
ഓശാനതിരുനാള്‍ ക്രിസ്തുവിന്റെ പരസ്യജീവിതത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമായിട്ട് കാണാം. അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടും ഉപമകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ദൈവസ്‌നേഹത്തിന്റെ വിവിധങ്ങളായ വശങ്ങള്‍ പ്രഘോഷിച്ചുകൊണ്ടും ക്രിസ്തു നടന്നുനീങ്ങിയപ്പോള്‍ ജനങ്ങള്‍ അവിടുന്നില്‍ ആകൃഷ്ടരായി. ഒരവസരത്തില്‍ അവനെ രാജാവാക്കുവാന്‍ പോലും അവര്‍ ആഗ്രഹിച്ചു. ‘ഇവന്‍ തീര്‍ച്ചയായും വരാനിരിക്കുന്ന പ്രവാചകന്‍’ ആണെന്ന് അവരില്‍ ചിലര്‍ പറഞ്ഞു. ‘നമ്മുടെ റബ്ബിമാരെപ്പോലെയല്ല ഇവന്‍ സ്വന്തം അധികാരാത്താലാണ് സംസാരിക്കുന്നത്’ എന്ന് ജനം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ഈ പൊതുവായ അഭിപ്രായമാണ് ക്രിസ്തുവിന്റെ ആഘോഷപൂര്‍വ്വകമായ ജറുസലേം പ്രവേശനത്തില്‍ പ്രകടമായത്. ജനങ്ങള്‍ ആര്‍ത്തുവിളിച്ചു: ‘ദാവീദിന്റെ പുത്രന് ഓശാന. കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍. ഉന്നതങ്ങളില്‍
ഹോസാന’.
ഈ ജൈത്രയാത്രയില്‍ ഈശോ സഞ്ചരിച്ചത് കഴുതപുറത്താണ്. വിനയാന്വിതനായി കഴുതപുറത്ത് യാത്ര ചെയ്ത ദൈവപുത്രന്‍! നമ്മുടെ സന്തോഷങ്ങള്‍ക്ക് വിനയഭാവം ഉണ്ടാകണമെന്ന് ഈശോ പഠിപ്പിക്കുകയാണ്. നമ്മുടെ ജീവിതങ്ങളിലും വിജയങ്ങളുടെ അവസരങ്ങള്‍ ഉണ്ടാകുമല്ലോ. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മാമ്മോദീസ, വിവാഹം, വിളി സ്വീകരിക്കുന്നവര്‍ക്ക് പൗരോഹിത്യ സ്വീകരണം, സന്ന്യാസസമര്‍പ്പണം, ജൂബിലി ആഘോഷങ്ങള്‍ എല്ലാം ഓശാനകളാണ്. പരീക്ഷകളിലെ വിജയം, ഉദ്യോഗലബ്ധി, ഉദ്യോഗകയറ്റം, ബിസിനസ്സിലെ ജയം, തിരഞ്ഞെടുപ്പിലെ വിജയം ഇങ്ങനെയൊക്കെ സ്വകാര്യ ഓശാനകളും ഉണ്ട്. ഇത്തരം ഓശാനകളുടെ സന്ദര്‍ഭത്തില്‍ നമ്മുടെ ആഘോഷങ്ങളും സന്തോഷപ്രകടനങ്ങളും സമചിത്തതയോടെ ആയിരിക്കണമെന്ന് ഈശോ പഠിപ്പിക്കുന്നു.
ഓശാനയ്ക്ക് ശേഷം മൂന്ന് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ കര്‍ത്താവായ ഈശോ തന്റെ പെസഹാ ആഘോഷിച്ചു. തന്റെ കടന്നുപോകലിന്റെ അര്‍ത്ഥം തന്റെ ശിഷ്യരെ പഠിപ്പിച്ചുകൊണ്ട് അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിലുള്ള തന്റെ സമര്‍പ്പണത്തിന്റെയും സാന്നിദ്ധ്യത്തിന്റെയും അടയാളമായ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചു. തന്റെ സമര്‍പ്പണത്തിന് സദൃശ്യമായ ഒരു ജീവിതസമര്‍പ്പണം അനുദിനമെന്നോണം ഇതരര്‍ക്ക് നല്‍കുന്ന ശുശ്രൂഷകളിലൂടെ നിര്‍വ്വഹിക്കണമെന്ന സന്ദേശവും അവിടുന്ന് ശിഷ്യന്മാര്‍ക്ക് നല്‍കി.
സെഹിയോന്‍ ഊട്ടുശാലയിലെ ഈ മംഗളകര്‍മ്മത്തിന് ശേഷം ആരംഭിക്കുന്നു ഈശോയുടെ സഹനയാത്ര. ഗത്സെമന്‍ തോട്ടത്തിലെ പ്രാര്‍ത്ഥന മുതല്‍ കദനത്തിന്റെ കഥ ചുരുളഴിയുന്നത് നാം കാണുന്നു. സഹനത്തിന്റെ പരിസമാപ്തിയാണ് കുരിശുമരണം. കര്‍ത്താവിന്റെ സഹനങ്ങളുടെ തീവ്രത മനുഷ്യജീവിതത്തില്‍ ഉണ്ടാ കാവുന്ന സഹനങ്ങളെ മനസ്സിലാക്കാന്‍ നമുക്ക് സഹായകമാണ്. ഇന്നു നാം കേള്‍ ക്കുന്ന ക്രൂരതയുടെ കഥകള്‍ കര്‍ത്താവിന്റെ സഹനങ്ങളെ നമ്മുടെ ഓര്‍മ്മയില്‍ കൊണ്ടുവരുന്നവയാണ്. മര്‍ദ്ദനങ്ങളും പീഢനങ്ങളും നരഹത്യകളും വീടുകളിലും സമൂഹത്തിലും ഇന്ന് വര്‍ദ്ധിച്ചുവരുകയാണല്ലോ.
ഈശോ ഒറ്റികൊടുക്കപ്പെട്ടു, നിന്ദിതനായി, ചാട്ടവാറടിയേറ്റു, മുള്‍മുടി ധരിപ്പിക്കപ്പെട്ടു, ഭാരമായ കുരിശും വഹിച്ച് കാല്‍വരിവരെ യാത്ര ചെയ്തു. ശത്രുക്കളാല്‍ അവഹേളിക്കപ്പെട്ട് കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ചു. സഹനത്തിന്റെ തീവ്രതയും മനുഷ്യന്റെ ക്രൂരതയും ക്രിസ്തുവിന്റെ മരണത്തില്‍ നമുക്ക് കാണാം. ഇത്രയും കഠിനമായ പീഡനങ്ങള്‍ ഏല്‍ക്കുമ്പോഴും ഈശോയുടെ ഉള്ളില്‍ ഒരു ആത്മ സംതൃപ്തിയുണ്ട്. താന്‍ ദൈവഹിതം നിറവേറ്റുകയാണ് എന്ന ബോധ്യമാണ് ഈ സംതൃപ്തിയുടെ അടിസ്ഥാനം. കഴിയുമെങ്കില്‍ ഈ കാസ എന്നില്‍നിന്ന് അകന്മ്‌പോകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുവെങ്കിലും, അടുത്ത നിമിഷത്തില്‍ ‘എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ’ എന്ന് പിതാവിനോട് പറഞ്ഞതില്‍ ഈശോ പ്രകടിപ്പിച്ച ആത്മ സംതൃപ്തിയാണിത്. മരണവേളയിലും അവിടുന്ന് അത് വ്യക്തമാക്കി. ‘എല്ലാം പൂര്‍ത്തിയായി’. ‘പിതാവേ, നിന്റെ തൃക്കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു’. സഹനങ്ങളിലും മരണത്തിലും നാം പാലിക്കേണ്ട ആത്മവിശ്വാസവും പ്രതീക്ഷയും ഈശോയുടെ സഹനത്തിലും മരണത്തിലും നമുക്ക് കാണാം.
സഹനങ്ങളിലും മരണത്തിന്റെ സാഹചര്യങ്ങളിലും നമ്മുടെ സഹോദരീസഹോദരന്മാരോട് നമുക്കുണ്ടായിരിക്കേണ്ട സഹാനുഭൂതിയുടെയും ശുശ്രൂഷാ മനോഭാവത്തിന്റെയും ആവശ്യകത ഇവിടെ വ്യക്തമാകുന്നു. ആവശ്യക്കാരന് നല്ല അയല്‍ക്കാരനാകുവാന്‍ നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ പഠിപ്പിച്ച കര്‍ത്താവ് ഈ പാഠവും തന്റെ ജീവിതത്തിലൂടെ നമുക്ക് വ്യക്തമാക്കി തന്നു.
ഈശോയുടെ പുനരുത്ഥാനം അവിടുത്തെ ജീവിതത്തിന്റെ മഹത്വീകരണമാണ്. മരണത്തില്‍ വേര്‍പെട്ട അവിടുത്തെ ദേഹീദേഹങ്ങള്‍ ദൈവാത്മാവിന്റെ ശക്തിയാല്‍ പുന:സംയോജിക്കപ്പെട്ട് മഹത്വീകരിക്കപ്പെടുന്ന സംഭവമാണ് അവിടുത്തെ പുന:രുത്ഥാനം. അവിടുന്നില്‍ വിശ്വസിക്കുന്നവരെല്ലാം അവിടുത്തോടൊപ്പം ഉയിര്‍പ്പിക്ക പ്പെട്ടിരിക്കുന്നു എന്നും പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടരാക്കപ്പെട്ടിരിക്കുന്നു എന്നുമാണ് വി. പൗലോസ് പറയുന്നത്. അങ്ങനെ ഉത്ഥാനമഹത്വവും ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അവകാശമായി ലഭിക്കുന്നു. ഈ അവകാശം സ്വന്തമാക്കാന്‍ അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ ക്രിസ്തുവിന് സദൃശ്യമായ ഒരു ജീവിതം നയിക്കേ ണ്ടിയിരിക്കുന്നു.
ജീവന്‍ ഹനിക്കപ്പെടുന്ന സംഭവങ്ങള്‍ ഇന്ന് പെരുകുന്നുണ്ട്. ഭ്രൂണഹത്യ, ശിശുക്കളോടും കുട്ടികളോടുമുള്ള ക്രൂരതകള്‍, കാരുണ്യവധം, ആത്മഹത്യ, കൊലപ തകങ്ങള്‍ എന്നിങ്ങനെ ജീവഹാനികള്‍ സമൂഹത്തില്‍ വര്‍ദ്ധിക്കുന്നു. ജീവന്റെ സംരക്ഷണം എല്ലാവരും സ്വന്തം ഉത്തരവാദിത്വമെന്നതുപോലെ മനസ്സിലാക്കി പ്രവര്‍ ത്തിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. അംഗവൈകല്യമുള്ളവര്‍, കാഴ്ചപരിമിതര്‍, ബധിരമൂകര്‍, മനസ്സിന്റെ വളര്‍ച്ച കുറഞ്ഞവര്‍ എന്നിങ്ങനെ ഭിന്നശേഷിക്കാരായ നമ്മുടെ സഹോദരങ്ങള്‍ക്കും സമൂഹത്തില്‍ തുല്യസ്ഥാനം ലഭിക്കേണ്ടിയിരിക്കുന്നു. ഇതും ജീവന്റെ സംരക്ഷണത്തില്‍ ഉള്‍പ്പെടുന്നവയാണ്.
എല്ലാവര്‍ക്കും ഉത്ഥിതനായ ക്രിസ്തുവിന്റെ മഹത്വത്തോടുകൂടി ഒരേ കൂട്ടായ്മയില്‍ ദൈവമക്കളായി ജീവിക്കാനും, സന്തോഷിക്കുവാനും സാധിക്കണം. ഈശോ പ്രസംഗിച്ച സുവിശേഷത്തിന്റെ സന്ദേശം ഏവര്‍ക്കും നല്‍കുവാന്‍ നമുക്ക് കഴിയണം. വേദനകളിലും നൊമ്പരങ്ങളിലും മനസ്സ് തളരാതെ ദുഃഖവെള്ളിയുടെ ദു:ഖപൂര്‍ണ്ണമായ ഏകാന്തതയ്ക്കുശേഷം വിശ്വാസിയുടെ ജീവിതത്തില്‍ ഉയിര്‍പ്പിന്റെ പള്ളിമണികള്‍ മുഴങ്ങുമെന്നും തിന്മയെ നന്മ കീഴടക്കുമെന്നും അനുദിന ജീവിതാനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുവാന്‍ നമുക്ക് സാധിക്കട്ടെ. ഇത് വായിക്കുന്ന ഏവര്‍ക്കും ഉയിര്‍പ്പുതിരുനാളിന്റെ മംഗളങ്ങള്‍ ആശംസിക്കുന്നു. ഉത്ഥിതനായ ഈശോയുടെ സമാധാനവും സന്തോഷവും നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ!