Darsanam Homilies

ഉയിർപ്പ് ഞായർ

 

റവ.ഫാ. ടോമി ലെയ്ൻ

 

‘മിശിഹാ മരിച്ചവരിൽനിന്ന് ഉത്ഥാനംചെയ്തു’ ഇത് നാം കേട്ട് തഴമ്പിച്ച കാര്യമാണ്. ഇതേക്കുറിച്ച് എല്ലാം അറിയാം എന്ന് നാം കരുതുന്നു. ഈ നിസ്സംഗത ഈ വിശുദ്ധ ദിവസത്തിന്റെ കൃപ നമുക്ക് നഷ്ടപ്പെടുത്തി കളയുന്നു. പക്ഷേ ചിന്തിക്കുന്നവർക്ക് ഈശോയുടെ മരണത്തിൽ നിന്നുള്ള ഉത്ഥാനം, മരണം ഒരു അവസാനമല്ല എന്ന ബോധ്യം നൽകുന്നു. അത് നിത്യതയിലേക്കുള്ള വാതിൽ ആണ്. ‘ഈശോയുടെ ഉത്ഥാനത്തിനു ‘ നമ്മുടെ ജീവിതത്തിൽ ഇടംകിട്ടാതെ നിരാശപ്പെടേണ്ടി വരരുത്. പകരം ഈശോയുടെ മരണോത്ഥാനങ്ങൾ നമ്മുടെ ജീവിതത്തിൻറെ കേന്ദ്രമായി മാറണം.

നമ്മൾ ഈ നിമിഷത്തിനായി സഹസ്രാബ്ദങ്ങളായി കാത്തിരിക്കുകയായിരുന്നു. ചരിത്രം ദൈവീക പദ്ധതിയുടെ ചാലകം ആയിരുന്നുവെന്ന് പഴയനിയമം നമുക്ക് വെളിപ്പെടുത്തി തരുന്നു. എന്നാൽ ഈ ദൈവിക പദ്ധതിയുടെ ഉന്നതസ്ഥാനം ഈശോയുടെ ഉത്ഥാനമാണ്. ഈസ്റ്റർ ആണ് സഭയുടെ ഏറ്റവും വലിയ ആഘോഷം. കല്ലറയ്ക്ക് അപ്പുറത്ത് ജീവിതമുണ്ടെന്ന് ഈശോയുടെ ഉത്ഥാനം നമ്മെ ഓർമിപ്പിക്കുന്നു. നമുക്ക് കണ്ണുകൾ കൊണ്ട് കാണാൻ കഴിയുന്നതിലും അധികം കാര്യങ്ങൾ നമുക്കായി നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു എന്ന് ഈശോയുടെ ഉത്ഥാനം നമ്മെ അനുസ്മരിപ്പിക്കുന്നു. നമുക്കും അമർത്യമായ ഒരു ആത്മാവുണ്ട് എന്നുള്ളതാണ് ഈസ്റ്ററിന്റെ ഏറ്റവും വലിയ ഓർമ്മപ്പെടുത്തൽ.

ജീവിതത്തിൻറെ ലക്ഷ്യം എന്താണ്? ജീവിതത്തിന് ആത്യന്തികമായി ഒരു ലക്ഷ്യമേ ഉള്ളൂ നിത്യ ജീവിതത്തിനുവേണ്ടി തയ്യാറെടുക്കുക. നിങ്ങളുടെ ഉത്ഥാനത്തിനു വേണ്ടി നിങ്ങൾ തയ്യാറെടുക്കുന്നില്ലെങ്കിൽ നിങ്ങൾ പാളം തെറ്റിയ തീവണ്ടി പോലെയാണ്. പാളം തെറ്റിയ തീവണ്ടി ഒരിടത്തും പോകുന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ വീട് സ്വർഗ്ഗത്തിൽ കൊണ്ടുപോകുവാൻ സാധിക്കുമോ?. പിന്നെ നിങ്ങൾ എന്തിനാണ് വീട് മോടിപിടിപ്പിക്കുന്നതിനെ പറ്റി ഇത്രയധികം ചിന്തിക്കുന്നുന്നത്?

നിങ്ങൾക്ക് നിങ്ങളുടെ കാറ് സ്വർഗ്ഗത്തിൽ കൊണ്ടുപോകാൻ സാധിക്കുമോ? പിന്നെ നിങ്ങൾ എന്തിന് ഏറ്റവും പുതിയ മോഡൽ കാറുകളെ കുറിച്ച് മാത്രം ചിന്തിക്കുന്നു? നിങ്ങൾക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സ്വർഗ്ഗത്തിൽ കൊണ്ടുപോകാൻ സാധിക്കുമോ? പിന്നെ എന്തുകൊണ്ട് നിങ്ങളുടെ സമ്പാദ്യത്തിന്റെ ഒരുഭാഗം സുവിശേഷ പ്രവർത്തനത്തിനായി ചെലവഴിക്കുന്നില്ല? പ്രാർത്ഥിക്കാൻ ആവാത്ത വിധം എന്ത് തിരക്കാണ് നിങ്ങൾക്കുള്ളത്?. ഇതേ ദൈവത്തെ അടുത്ത ജീവിതത്തിൽ കണ്ടുമുട്ടാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ? ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറയുകയും പ്രാർത്ഥിക്കാതെ ഇരിക്കുകയും ചെയ്യുന്നതിൽ എന്തർത്ഥമാണുള്ളത്. അത് പരസ്പര വൈരുദ്ധ്യമാണ്. നമുക്ക് ശോഭനമായ ഒരു ഭാവി നമ്മുടെ മുമ്പിലുണ്ട്. നമ്മുടെ കർത്താവിനെ പോലെ തന്നെ നമ്മൾ ഉത്ഥാനം ചെയ്യും.

നമ്മുടെ ശോഭനമായ ഭാവിയെ കുറിച്ച് ചിന്തിക്കുക. പൗലോസ് ശ്ലീഹാ ഫിലിപ്പിയർ ലേഖനം 3 ; 20 ൽ ഇപ്രകാരം എഴുതുന്നു

ഭൗമികമായതുമാത്രം അവര്‍ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്‌; അവിടെനിന്ന്‌ ഒരു രക്‌ഷകനെ, കര്‍ത്താവായ യേശുക്രിസ്‌തുവിനെ, നാം കാത്തിരിക്കുന്നു.

ഫിലിപ്പി 3 : 20

നമ്മളും മിശിഹായെ പോലെ മഹത്വത്തിൽ രൂപാന്തരപ്പെടും. ഇതുപോലെ മഹത്തരമായ ഒരു ഭാവിയിൽ ജീവിക്കേണ്ടവരാണ് എന്ന ചിന്തയോടെ കൂടിയാണോ നമ്മളിപ്പോൾ പെരുമാറുന്നത്? അങ്ങനെയാണെങ്കിൽ ഈ ലോകത്തിൽ ഉള്ളതിനെ എല്ലാം നമുക്ക് പുതിയ ഒരു കാഴ്ചപ്പാടിലൂടെ കാണാൻ സാധിക്കും. അപ്പോൾ നമ്മൾ നമ്മളുടെ കൈവശ വസ്തുക്കൾക്ക് നമ്മൾ അടിമകൾ ആവുകയില്ല. മഹത്വത്തിൽ രൂപാന്തരപ്പെടേണ്ട നമുക്ക് എന്തുകൊണ്ട് ഇപ്പോൾതന്നെ പ്രാർത്ഥനയിൽ അവനോട് ഒന്ന് ചേരാൻ സാധിക്കുന്നില്ല?. നമ്മുടെ പല പ്രശ്നങ്ങൾക്കും പ്രധാനകാരണം പ്രാർത്ഥനയുടെ അഭാവമാണ്.

യോഹന്നാൻറെ ഒന്നാം ലേഖനം 3:2 ൽ ഇപ്രകാരം വായികുന്നു.

പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്‍െറ മക്കളാണ്‌. നാം എന്തായിത്തീരുമെന്ന്‌ ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നുപ്രത്യക്‌ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന്‌ ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും.

(1 യോഹ 3 : 2)

നമ്മൾ എന്തുകൊണ്ട് ഇതുപോലൊരു മഹത്തരമായ ഭാവി പ്രതീക്ഷിക്കണം. അത് നമ്മൾ മാമോദിസാ സ്വീകരിച്ചവർ ആയതുകൊണ്ടാണ്. മാമോദിസ വഴി നമ്മൾ ദൈവപുത്രരരായി ദത്തെടുക്കപ്പെടുന്നു. 1യോഹ 3:1 ൽ നാം ഇപ്രകാരം വായിക്കുന്നു

കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത്‌ അവിടുത്തെ അറിഞ്ഞിട്ടില്ല.

(1 യോഹ3 : 1)

നമ്മുടെ മാമോദിസ വഴി നമ്മൾ പഴയ ജീവിതത്തിന് മരിച്ചവർ ആകുന്നു. നമ്മൾ പുതിയ ജീവിതത്തിലേക്ക് ജനിക്കുകയും ചെയ്തിരിക്കുന്നു . നാല് സുവിശേഷങ്ങളിലും ഉത്ഥാനത്തെ കുറിച്ചുള്ള വിവരണങ്ങളിൽ വ്യത്യാസമുണ്ട്. മാർക്കോസിന്റെ സുവിശേഷത്തിൽ മൂന്നു സ്ത്രീകൾ കല്ലറയിൽ എത്തുമ്പോൾ യോഹന്നാൻറെ സുവിശേഷത്തിൽ മഗ്ദലന മറിയവും പത്രോസും യോഹന്നാനും ആണ് കല്ലറയിൽ എത്തുന്നത്. എന്നാൽ എല്ലാ ഉത്ഥാന വിവരണങ്ങളിലും പൊതുവായ ഒരു കാര്യമുണ്ട്.

കല്ലറയുടെ വാതിൽക്കലെ കല്ല് ഉരുട്ടി മാറ്റപ്പെട്ടിരിക്കുന്നു. .ഉത്ഥിതനെ കാണുന്നതിന് ഈ കല്ല് ഒരു തടസ്സമായിരുന്നു. നമ്മുടെ ജീവിതത്തിൽ ഉത്ഥിതനെ കണ്ടുമുട്ടുന്നതിന് നമ്മൾ ഏതെങ്കിലും കല്ലുകളെ തടസ്സം ആക്കി വെച്ചിട്ടുണ്ടോ എന്ന് ചിന്തിച്ചു നോക്കാം. നമ്മുടെ വസ്തുവകകളും നമുക്കുള്ളതും എല്ലാം കർത്താവിങ്കലേക്കുള്ള മാർഗ്ഗമദ്ധ്യേ തടസ്സമായ കല്ലായി ഉരുട്ടി വെച്ചിരിക്കുകയാണോ. നമ്മൾ സ്വീകരിച്ച മാമ്മോദീസായുടെ ചൈതന്യത്തിന് അനുസൃതമായിട്ടാണ് നമ്മൾ ജീവിക്കുവാൻ ആഗ്രഹിക്കുന്നതെങ്കിൽ ഈ കല്ല് എത്രയും പെട്ടെന്ന് ഉരുട്ടി മാറ്റേണ്ടതായിട്ടുണ്ട്. നമ്മൾ ദൈവത്താൽ ദത്തെടുക്കപ്പെട്ടവരാണ്. ഇത് ദൈവം നമുക്ക് നൽകിയിരിക്കുന്ന വലിയ ദാനമാണ്. കർത്താവിനെ ജീവിതത്തിൽ കണ്ടുമുട്ടിയവർക്ക് മാത്രമേ ഈ ദൈവീക ദാനത്തിന്റെ വില മനസ്സിലാവുകയുള്ളൂ കർത്താവിനെ കണ്ടുമുട്ടിയില്ലെങ്കിൽ കല്ലുരുട്ടി മാറ്റൂ തീർച്ചയായും അവിടുത്തെ കണ്ടുമുട്ടും.

 

വിവർത്തനം
ഫാ.ജയിംസ് കൊക്കാവയലിൽ

ദർശനം ന്യൂസ് വാട്ട്സാപ്പ് പത്രം ദിവസേന അതിരാവിലെ ലഭിക്കാൻ മൊബൈലിൽ നിന്നും ഈ ലിങ്കിൽ ക്ലിക് ചെയ്യുക Follow

this link to join my WhatsApp group: https://chat.whatsapp.com/HTu9RnLnx20FkxQ9xGt6H3