ആമുഖം

ക്രിസ്മസ് എന്താണെന്ന് ചോദിച്ചാലും ഒരു കുട്ടി പോലും ചാടി എണീറ്റ് ഉത്തരം പറയും. ജീസസിന്റെ Birthday ആണെന്ന്. കാരണം Birthday എന്താണെന്ന് അവനറിയാം.
Easter എന്താണെന്ന് ചോദിച്ചാൽ ശരിക്കുള്ള ഉത്തരം പറയാൻ മടിക്കും. കാരണം ആ അനുഭവത്തിലൂടെ നാം ആരും കടന്നു പോയിട്ടില്ല.

ചില ഉയിർപ്പു വിചാരങ്ങൾ

എന്താണ് ഈശോയുടെ ഉത്ഥാനത്തിന്റെ അർത്ഥം? നമ്മുടെ ഉയിർപ്പ് സാധ്യമോ?
മരിച്ചയാൾ ജീവിതത്തിലേയ്ക്ക് വരാൻ 3 സാധ്യതകൾ ഉണ്ട്.

1. പുനരുജ്ജീവനം – ഒരു ആൾ മരിച്ചാൽ പുനർജീവിച്ച് ആങ്ങൾ തന്നെ ആയി മാറുന്നു. ഉദാ: ലാസർ
2. പുനർജന്മം- ചില മതങ്ങളിൽ ഈ വിശ്വാസം നിലനിൽക്കുന്നു. അടുത്ത ജന്മത്തിൽ ഈ ജന്മത്തിലെ കർമ്മങ്ങളുടെ ഫലമനുസരിച്ച് മനുഷ്യനായോ, കഴുതയായോ ഒക്കെ ജനിക്കാം.
3. പുനരുത്ഥാനം

ശ്ലീഹമാരുടെ വിശ്വാസ പ്രമാണത്തിൽ നാം ഇപ്രകാരം ചൊല്ലുന്നു.
വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാൻമാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു.

ആരുടെ ശരീരത്തിന്റെ ഉയിർപ്പിൽ?
ക്രിസ്തീയ വിശ്വാസമനുസരിച്ച് ആത്മാവു മാത്രമല്ല നിത്യതയിലെന്നുന്നത്, ശരീരം കൂടി നിത്യത അവകാശപ്പെടുത്തും.
ശരീരം എങ്ങനെയാണ് ഉയിർപ്പിക്കപ്പെടുക?
അത് ഈശോയുടെ രണ്ടാമത്തെ ആഗമനത്തിലാണ്.
വി. പൗലോസ് ശ്ലീഹ പഠിപ്പിക്കുന്നു:

“ഇതാ, ഞാന്‍ നിങ്ങളോട്‌ ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്രപ്രാപിക്കുകയില്ല.
അവസാനകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്‌ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്‌ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും” (1 കോറി. 15,51-52).

കർത്താവിന്റെ രണ്ടാമത്തെ ആഗമന സമയത്ത് 2 കാര്യങ്ങൾ സംഭവിക്കും.

1. ജീവിച്ചിരിക്കുന്നവരുടെ ശരീരങ്ങൾ കണ്ണിമ വയ്ക്കുന്ന വേഗത്തിൽ നിത്യതയിലേയ്‌ക്കെടുക്കപ്പെടുന്ന ശരീരമായി രൂപാന്തരപ്പെടും.
2. മരിച്ചവർ ഉയിർത്തെഴുന്നേല്ക്കും.

നമ്മൾ കർത്താവിനോടു കടി പുതിയ ആകാശത്തിലും ഭൂമിയിലും വാഴാൻ പോകുന്നത് ശരീരത്തോടുകൂടിയാണ്. ആ ശരീരത്തിന്റെ പ്രത്യേകത അറിയാൻ ഉയിർപ്പിക്കപ്പെട്ട ഈശോയുടെ ശരീരത്തിന്റെ പ്രത്യേകതകളെ അറിയണം. സുവിശേഷങ്ങളിലെ ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷപ്പെടലുകളിൽ ഇത് ദൃശ്യമാണ്.

1. “ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട്‌ ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന്‌ കതകടച്ചിരിക്കെ, യേശു വന്ന്‌ അവരുടെ മധ്യേ നിന്ന്‌ അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!” (യോഹ. 20,19).

കതകടച്ചിരുന്നാലും അകത്തു കയറാം. എവിടെയും പെട്ടെന്ന് എത്താം.

2. ഉയിർപ്പിക്കപ്പെട്ട ശരീരത്തിന് പഴയ ശരീരവുമായി സാമ്യമുണ്ട്, വ്യത്യാസവുമുണ്ട്.
സാമ്യം: സ്വർഗ്ഗാരോഹണം ചെയ്ത് പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ഈശോയുടെ കൈകളിൽ ആണിപ്പഴുതുകൾ ഉണ്ട് . ആളെ കണ്ടാൽ മാറിപ്പോവുകയില്ല.

വ്യത്യാസം : പണ്ടു കണ്ടതു പോലെയല്ല. തേജസ് മാറി. എമ്മാവൂസിലേയ്ക്ക് പോയ ശിഷ്യർക്ക് ഈശോയെ നേരത്തേ പരിചയമുണ്ട്, എന്നിട്ടും തിരിച്ചറിയുന്നില്ല.
തേജസ്സുള്ള ശരീരം.
ആ ശരീരരത്തെ തൊടാം. മഗ്ദലന മറിയത്തോട് ഉത്ഥിതൻ പറയുന്നു എന്നെ തൊടരുത്… എന്തെന്നാല്‍, ഞാന്‍ പിതാവിന്‍െറ അടുത്തേക്ക്‌ ഇതുവരെയും കയറിയിട്ടില്ല.
തോമാശ്ലീഹായോട് മറ്റൊരവസരത്തിൽ തൊടുക എന്നും പറയുന്നു.

വി.പൗലോസിന്റെ ഉദ്ബോധനം നാം കേൾക്കണം:

“ആരെങ്കിലും ചോദിച്ചേക്കാം: മരിച്ചവര്‍ എങ്ങനെയാണ്‌ ഉയിര്‍പ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടെയായിരിക്കും അവര്‍ പ്രത്യക്‌ഷപ്പെടുക?
വിഡ്‌ഢിയായ മനുഷ്യാ, നീ വിതയ്‌ക്കുന്നത്‌ നശിക്കുന്നില്ലെങ്കില്‍ അതു പുനര്‍ജീവിക്കുകയില്ല.
ഉണ്ടാകാനിരിക്കുന്ന പദാര്‍ഥമല്ല നീ വിതയ്‌ക്കുന്നത്‌; ഗോതമ്പിന്‍െറ യോ മറ്റു വല്ല ധാന്യത്തിന്‍െറ യോ വെറുമൊരു മണിമാത്രം.
എന്നാല്‍, ദൈവം തന്‍െറ ഇഷ്‌ടമനുസരിച്ച്‌ ഓരോ വിത്തിനും അതിന്‍േറ തായ ശരീരം നല്‍കുന്നു.
എല്ലാ ശരീരവും ഒന്നുപോലെയല്ല. മനുഷ്യരുടേത്‌ ഒന്ന്‌, മൃഗങ്ങളുടേതു മറ്റൊന്ന്‌, പക്ഷികളുടേത്‌ വേറൊന്ന്‌, മത്‌സ്യങ്ങളുടേതു വേറൊന്ന്‌.
സ്വര്‍ഗീയ ശരീരങ്ങളുണ്ട്‌; ഭൗമികശരീരങ്ങളുമുണ്ട്‌; സ്വര്‍ഗീയശരീരങ്ങളുടെ തേജസ്‌സ്‌ ഒന്ന്‌; ഭൗമിക ശരീരങ്ങളുടെ തേജസ്‌സ്‌ മറ്റൊന്ന്‌ ” (1 കോറിന്തോസ്‌ 15,35-40).

ഇപ്പോഴുള്ള ഈ ശരീരം പുഴുവും, കീടവും നശിപ്പിക്കും. എന്നാൽ ഉണ്ടാകാനിരിക്കുന്ന ഒരു ശരീരം ഉണ്ട്.
സ്വർഗീയ ശരീരമുണ്ട്, ഭൗതിക ശരീരവുമുണ്ട്.
കർത്താവ് വരുമ്പോൾ ഉയിർപ്പിക്കപ്പെടുന്നത് ആത്മീയ ശരീരം. അതുകൊണ്ടാണ് ശരീരത്തിന്റെ വിശുദ്ധി പാലിക്കണമെന്ന് പറയുക:
“നിങ്ങളോരോരുത്തരം സ്വന്തം ശരീരത്തെ വിശുദ്‌ധിയിലും മാന്യതയിലും കാത്തുസൂക്‌ഷിക്കേണ്ടതെങ്ങനെയെന്ന്‌ അറിയണം” (1 തെസ.4 ,4).
ഈ ശരീരത്തിന് വിലയുണ്ട്.
ഈശോ രണ്ടാമത് വരുമ്പോൾ ജീവിച്ചിരിക്കുന്നവരുടെയും, മരിച്ചവരുടെയും ശരീരങ്ങൾ സ്വർഗ്ഗീയ ശരീരമായി രൂപാന്തന്തരപ്പെടും.
 

ഈശോ ഉയിർപ്പിക്കപ്പെട്ടോ?

നിരീശ്വരവാദികൾ മാത്രമല്ല പലരും ഉയർത്തുന്ന ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താം.

ഈശോ ഉയിർത്തെഴുന്നേൽക്കുന്നത് ആരും കണ്ടിട്ടില്ല. അവർ ജനിച്ചു എന്ന് മറിയത്തിനു പറയാം, ജീവിച്ചിരുന്നു എന്ന് കൂടെ ഉണ്ടായിരുന്ന ശിഷ്യർക്ക് പറയാം, മരിച്ചു എന്നും ദൃക്സാക്ഷികൾക്ക് പറയാം.
പക്ഷെ ഉയിർപ്പിന്റെ സാക്ഷികൾ ആരും ഇല്ല. ആകെ അവർ കണ്ടത് ശൂന്യമായ കല്ലറ ആണ്.
അപ്പോൾ എന്താണ് ഉയിർപ്പിന്റെ അർത്ഥമായി മനസിലാക്കേണ്ടത്?

1. ശൂന്യമായ കല്ലറ- കല്ലറ ശൂന്യമാണെങ്കിൽ പിന്നെ കർത്താവിന്റെ മൃതശരീരം എവിടെ?

2. ആദിമസഭയിൽ യഹൂദരിൽ നിന്നും ക്രിസ്ത്യാനികളായവർ അവരുടെ സാബത്ത് ദിവസമായ ശനിയാഴ്ചയെ ഈശോ ഉയിർത്ത ദിവസമായ, ആഴ്ചയുടെ ആദ്യ ദിനമായ, ഞായറാഴ്ചയിലേയ്ക്ക് മാറ്റി.
ഈശോ ഞായറാഴ്ചയാണ് ഉയിർപ്പിക്കപ്പെട്ടത് എന്ന അവരുടെ ദൃഢമായ വിശ്വാസമാണ് ഈ മാറ്റത്തിനു കാരണം.

3. ശിഷ്യർക്ക് അവൻ പ്രത്യക്ഷപ്പെട്ടതായി കണ്ടവർ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.
5000-ൽ അധികം തിരുവെഴുത്തുകളിൽ, കൈയെഴു പ്രതികളിൽ ഈ കാര്യം വ്യക്തമാണ്. ലോകത്തിൽ ഇന്ന് ഇത് നിലവിൽ ഉണ്ട്.അതായത്
പ്രത്യക്ഷപ്പെട്ട ആളുകളുടെ ദൃക്സാക്ഷി വിവരണം.
കോറിന്തോസിലെ സഭയ്ക്ക് വി.പൗലോസ് ഒന്നാം ലേഖനമെഴുതുന്ന സമയത്ത്, അതായത് ആദിമസഭയിലെ 100 കണക്കിനാളുകൾ ഉത്ഥിതനെ നേരിട്ടു കണ്ടിട്ടുണ്ട്.
” ക്രിസ്‌തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തു.
അവന്‍ കേപ്പായ്‌ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്‌ഷനായി.
അതിനുശേഷം ഒരുമിച്ച്‌ അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്‌ഷനായി. അവരില്‍ ഏതാനുംപേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്‌.
പിന്നീട്‌ അവന്‍ യാക്കോബിനും, തുടര്‍ന്ന്‌ മറ്റെല്ലാ അപ്പസ്‌തോലന്‍മാര്‍ക്കും കാണപ്പെട്ടു.
ഏറ്റവും ഒടുവില്‍ അകാലജാതന്‌ എന്നതുപോലെ എനിക്കും അവിടുന്നു പ്രത്യക്‌ഷനായി” (1 കോറി. 15, 4-8).

അവർ ഉയിർത്തെഴുന്നേറ്റത് കണ്ടില്ല എന്നാൽ ഉയിർത്തെഴുന്നേറ്റതിന് ശേഷം കണ്ടു.

അന്ന് ഉയിർത്തവൻ ഇന്നും ജീവിക്കുന്നവനായി സഭയിൽ ഉണ്ട്. ആരൊക്കെ സഭയ്ക്കെതിരെ ആഞ്ഞടിച്ചാലും, എന്തൊക്കെ ദുഷ്ടശക്തികൾ സഭയ്ക്കെതിരെ ഉണ്ടായാലും ഉത്ഥിതൻ കൂടെ ള്ളതുകൊണ്ട് സഭ തളരില്ല, പതറില്ല. സഭയിൽ ഈ ജീവിക്കുന്ന ക്രിസ്തുവിന്റെ ഓർമ്മയാണ് ഉള്ളത്.

4. യഹൂദരോടു ഭയം നിമിത്തം കതകടച്ചിരുന്ന വർ, ഒളിവിലായിരുന്നവർ ഉത്ഥിതനെ കണ്ടു കഴിഞ്ഞപ്പോൾ ധൈര്യപൂർവ്വം പുറത്തിറങ്ങി സുവിശേഷം പ്രസംഗിച്ചു.
ആദിമ നൂറ്റാണ്ടിൽ പത്രോസ്, യൂദാസ് , പീലിപ്പോസ് എന്നിവരെ ക്രൂശിലേറ്റിയാണ് കൊല്ലുന്നത്. ആരും സുവിശേഷം പ്രസംഗിക്കുന്നതിൽ നിന്നും, ജീവിക്കുന്നതിൽ നിന്നും പിന്മാറിയില്ല.
ജീവിക്കുന്ന ഒരുവൻ – ഉത്ഥിതൻ – അവർക്കിടയിലൂടെ ശക്തി കൊടുത്തുകൊണ്ട് കടന്നു പോയി.

പലതരത്തിലുള്ള ശിക്ഷാവിധികനാണ് അധികാരികൾ നടപ്പിലാക്കിയിരുന്നതെന്ന് ആദിമസഭയുടെ ചരിത്രം പരിശോധിക്കുമ്പോൾ നാം മനസിലാക്കും.

എല്ലാ സഹനങ്ങളിലും അവർ പച്ചയ്ക്ക് നിന്നത് ജീവിക്കുന്ന ദൈവം അവർക്ക് ശക്തി കൊടുത്തതു കൊണ്ടാ.

“ക്രിസ്‌തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്‌. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം” (1 കോറി. 15, 14).

സമാപനം

പോകാൻ ഒരിടം, കാത്തിരിക്കാൻ ഒരാൾ ഇത്രയും ആയാൽ ജീവിതം സഫലമായി.
ക്രിസ്തുവിലുള്ള വിശ്വാസത്തിനായി മരിച്ചാലും ആത്മാവ് ദൈവസന്നിധിയിലെത്തുമ്പോൾ കാത്തിരിക്കാനും, ആശ്ലേഷിക്കാനും ഒരു ദൈവം ജീവിച്ചിരുപ്പുണ്ട് എന്ന ഉറപ്പിന്മേൽ ആണ് ആദിമസഭ സഹനങ്ങളിലൂടെ കടന്നുപോയത്. നമ്മെയും സഹനങ്ങൾ ഏറ്റെടുക്കാൻ പ്രചോദിപ്പിക്കേണ്ട സത്യവും ഇതുതന്നെ: ഈശോ ഉയിർത്തെഴുന്നേറ്റു എന്നതിന്റെ അർത്ഥം അവൻ ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്ന എന്നാണ്.
 

ജെന്നിയച്ചന്‍
അവലംബം: പ്രഭാഷണം-ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍