ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ അനുസ്മരണമായ ഈസ്റ്റർ വിശുദ്ധിയുടെ ഓർമപ്പെടുത്തലുമായി മൂന്നാറിൽ ഈസ്റ്റർ ലില്ലികൾ പൂത്തുലയുന്നു. ഉത്ഥാനകാലത്തു നക്ഷത്രശോഭ വിടർത്തി വിശുദ്ധിയുടെ പരിമളം പരത്തുന്ന ഈസ്റ്റർ ലില്ലി നോയന്പു കാലങ്ങളിലാണു പൂക്കുന്നത്. പഴയമൂന്നാറിലെ സിഎസ്ഐ ദേവാലയത്തിനു സമീപത്തുള്ള പുൽമേടുകളിലാണു ലില്ലികൾ പൂത്തുലഞ്ഞു നിൽക്കുന്നത്.
നൂറുകണക്കിനു പൂവുകളുള്ള ലില്ലി കുടുംബത്തിലെ പിങ്ക് ബെല്ലാഡോണ പൂക്കളാണ് ഇപ്പോൾ പൂവിട്ടിരിക്കുന്നത്. മൊട്ടിട്ടുകഴിഞ്ഞാൽ 15 ദിവസം മാത്രമാണ് ഈ പൂക്കൾ നിലനിൽക്കുക. 15 ദിവസം കഴിഞ്ഞാൽ പൂക്കൾ വിടർന്നുനിന്നിരുന്ന ഭാഗങ്ങളിൽ ഇത്തരമൊരു പൂവുണ്ടായിരുന്നതിന്റെ അടയാളം പോലുമുണ്ടാകുകയില്ല.
ചരിത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ ലില്ലിയെക്കുറിച്ച് ഒരുപാട് ഗവേഷണങ്ങളും നടക്കുന്നുണ്ട്. ക്രിസ്തു ഉത്ഥാനം ചെയ്തതിനു ശേഷം ഗത്സെമൻ തോട്ടത്തിൽ പ്രാർഥിച്ചിരുന്ന സ്ഥലത്ത് ഈ പൂക്കൾ പൂവിട്ടിരുന്നത്രേ. യേശുവിന്റെ വിയർപ്പു കണങ്ങൾ വീണ സ്ഥലത്താണ് ഈ പൂക്കൾ മൊട്ടിട്ടതെന്നാണു വിശ്വാസം. പിങ്കുനിറവും നക്ഷത്രംപോലെ തോന്നിക്കുന്ന ആകൃതിയും ഇതിന്റെ പ്രത്യേകതകളാണ്.
നിലത്തുനിന്ന് 80 സെന്റീമീറ്റർ വരെ ഉയരമുണ്ടാകുന്ന ചെടിയുടെ വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങാതെ തിരശ്ചീനമായാണ് പടർന്നിറങ്ങുന്നത്. ലില്ലികൾ വളരുന്നതിന് ഏറെ ജലം ആവശ്യമുള്ളതിനാൽ ചതുപ്പുനിലങ്ങളിലും നദീതീരങ്ങളിലുമാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്.
അമേരിക്കയിലും കാനഡയിലുമുള്ള വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലുള്ള നദീതീരങ്ങളിലാണ് ഇത്തരത്തിലുള്ള ലില്ലികളെ വ്യാപകമായി കണ്ടുവരുന്നത്. അമാറില്ലിസ് ബെല്ലാഡോണയെന്നാണ് ഇവയുടെ ശാസ്ത്രനാമം.