ന്യൂയോർക്കിലെ പ്രശസ്തമായ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ പെട്രോൾ ജാറുകളുമായി എത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി സ്വദേശിയാണ് രണ്ടു പെട്രോൾ ജാറുകളും ലൈറ്ററുമായി കത്തീഡ്രലിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച വൈകുന്നേരം 7.55 നായിരുന്നു സംഭവം.
കത്തീഡ്രൽ ജീവനക്കാരൻ ഇയാളെ തടഞ്ഞതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. അടുത്തിടെയാണ് കത്തീഡ്രലിൽ പുനർനിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്. സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
പാരീസിലെ ചരിത്രപ്രസിദ്ധമായ നോട്ടർഡാം കത്തീഡ്രലിന്റെ മേൽക്കൂരയും ഗോപുരവും തിങ്കളാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചിരുന്നു. ഇതൊരു ആക്രമണശ്രമമാണോയെന്ന് സംശയിക്കുന്നതിനിടെയാണ് സെന്റ് പാട്രിക്സ് കത്തീഡ്രലിൽ പെട്രോൾ ജാറുകളുമായി എത്തിയ ഒരാൾ പിടിയിലായിരിക്കുന്നത്.