ക്രിസ്തുവിന്റെ കാൽകഴുകൽ ശുശ്രൂഷയുടെയും അന്ത്യഅത്താഴത്തിന്റെയും അനുസ്മരണ ദിനമായ ഇന്നു മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) പെസഹാ അനുസ്മരണ തിരുക്കർമങ്ങൾ നടക്കും. കുരിശുമുടിയിൽ രാവിലെ ഏഴിന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവയ്ക്ക് കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ആന്റണി വട്ടപ്പറന്പിൽ കാർമികനാകും. ഫാ. ജോസഫ് കണ്ണനായ്ക്കൽ വചനസന്ദേശം നൽകും. തുടർന്ന് ആരാധന, വൈകിട്ട് ആറിന് ആരാധന സമാപനം.
സെന്റ് തോമസ് പള്ളിയിൽ (താഴത്തെ പള്ളി) രാവിലെ 6.30ന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവയ്ക്ക് വികാരി ഫാ. വർഗീസ് മണവാളൻ കാർമികനാകും. തുടർന്ന് ആരാധന. വൈകുന്നേരം നാലിന് നേർച്ചക്കാരുടെ കാൽകഴുകൽ ശുശ്രൂഷ, ഏഴു മുതൽ എട്ടുവരെ പൊതുആരാധന.
ഇന്നലെ മലയാറ്റൂർ കുരിശുമുടിയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാപകൽ വ്യത്യാസമില്ലാതെ കാവിവസ്ത്രം ധരിച്ചു കൈയിൽ മരക്കുരിശുമേന്തി ആയിരങ്ങളാണ് കുരിശുമുടിയിലെത്തുന്നത്.
14 പീഢാനുഭവ സ്ഥലങ്ങളിലും മെഴുകുതിരികൾ കത്തിച്ചു പ്രാർഥിച്ചാണ് വിശ്വാസികളുടെ മലകയറ്റം.ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയെ വകവയ്ക്കാതെയാണ് വിശ്വാസികൾ മലകയറിയത്. മഴ പെയ്തതിനാൽ ചൂടിൽനിന്ന് ആശ്വാസം ലഭിച്ചു. വലിയ വാഹനങ്ങളിൽ ഇതരസംസ്ഥാനങ്ങളിൽനിന്നും ഭക്തർ എത്തുന്നുണ്ട്. വ്രതമെടുത്തു വലിയ ഭാരമുള്ള കുരിശുവഹിച്ചാണു ചിലർ മല കയറുന്നത്. പീഢാനുഭവ വെള്ളിയാഴ്ചയായ നാളെ തീർഥാടകരുടെ പ്രവാഹം അതിന്റെ പാരമ്യത്തിലെത്തും.
ഇന്നും നാളെയും വാഹനങ്ങൾക്കു വണ്വേ സന്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്. അടിവാരത്തുനിന്നു തിരിച്ചുപോകുന്ന വാഹനങ്ങൾ യൂക്കാലി-നടുവട്ടം-മഞ്ഞപ്ര ചന്ദ്രപ്പുര വഴി കാലടി, അങ്കമാലി ഭാഗത്തേക്കു തിരിഞ്ഞു പോകണം. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു സെന്റ് ജോസഫ്സ് സ്കൂൾ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് സ്കൂൾ, വിമലഗിരി ന്യൂമാൻ അക്കാഡമി, ഇല്ലിത്തോട് കിൻഫ്രാ, അച്ചൻപറന്പ്, വാണിഭത്തടം എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.