Darsanam Homilies
പെസഹാ വ്യാഴം, ഏപ്രില്‍ 18,2019
യോഹന്നാന്‍ 13,1-14+മത്തായി 26,26-30
വി.കുർബാനയെ അകമഴിഞ്ഞ് സ്നേഹിക്കാൻ, പൗരോഹിത്യത്തെ മനം നിറഞ്ഞ് വിലമതിക്കാൻ,
സ്നേഹത്തിന്റെ പ്രമാണത്തെ ഹൃദയത്തിലേറ്റുവാങ്ങാൻ
എളിമയുടെ പാഠങ്ങൾ ജീവിതത്തിൽ അഭ്യസിക്കാൻ, പങ്കുവയ്ക്കലിന്റെ സംസ്കാരം വളർത്താൻ ഇതാ ഒരു പെസഹാ കൂടി.
ജീവിതമേശയെ ഒരുക്കി ഈപെസഹാ ദിനം നമുക്ക് അനുഗ്രഹപ്രദമാക്കാം .
1. നമ്മോടു കൂടെ ആയിരിക്കാൻ അവൻ മനുഷ്യനായി നമ്മുടെ ഉള്ളിലിരിക്കാൻ അവൻ ദിവ്യകാരുണ്യമായി . ഉള്ളിലിരുന്നു കൊണ്ട് നമ്മെ സ്നേഹിക്കാൻ കൊതിക്കുന്ന തമ്പുരാൻ അതിനായി കണ്ടു പിടിച്ച മാർഗ്ഗമാണ് ദിവ്യകാരുണ്യം.
ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്ത ദൈവസ്നേഹത്തെ സ്വന്തം കരൾ പകുത്തു നൽകി കൊണ്ട് വാത്സല്യ വിരുന്നാക്കുന്ന അപ്പത്തിന്റെ മേശ.
മദർ തെരേസ – ” ക്രൂശിതനിലേയ്ക്ക് നീ നോക്കുമ്പോൾ ഈശോ നിന്നെ അന്ന് എത്രമാത്രം സ്നേഹിച്ചു എന്ന് നീ മനസിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേയ്ക്ക് നോക്കുമ്പോൾ ഈശോ ഇന്ന് എത്ര മാത്രം നിന്നെ സ്നേഹിക്കുന്നു എന്ന് നീ മനസ്സിലാക്കും”.
എടുത്തു വാഴ്ത്തി മുറിച്ചു നൽകുന്ന അപ്പത്തെ അനുഭവവേദ്യമാക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിനർത്ഥം ഗോതമ്പുമണി പോലെ നിലത്തു വീണഴിയാൻ കഴിയുന്നില്ല എന്നതു തന്നെ.
ദൈവാലയത്തിൽ ദൈവത്തിന് വില കൊടുക്കാൻ മറക്കുന്നോ നാം?
2. ഉയരങ്ങളിലേയ്ക്ക് കണ്ണുകൾ ഉയർത്തി മാത്രം ദൈവത്തെ നോക്കാൻ ശീലിച്ച മനുഷ്യനെ പാദത്തിങ്കൽ കാൽ കഴുകി ചുംബിക്കാനിരിക്കുന്ന സ്നേഹം.
“നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്‌പരം പാദങ്ങള്‍ കഴുകണം”
(യോഹന്നാന്‍ 13 : 14).
അന്നുവരെ ദാസൻ ചെയ്തിരുന്നത് യജമാനൻ ചെയ്യുന്നു.
“തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍െറ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീരുന്നു”
(ഫിലിപ്പി 2 : 7).
ആരാണ് വലിയവൻ എന്ന് നിരന്തരം തർക്കിക്കുന്ന ശിഷ്യർക്കു യജമാനന്റെ മേലങ്കിയേക്കാൾ ഒരു കച്ചമുണ്ടും, കുറച്ചു വെള്ളവും, തുവാലയും കൊണ്ട്, എളിമയുടെ പ്രവൃത്തികൾ കൊണ്ട് ഗുരുവിന്റെ മറുപടി.
അധികാരത്തിന്റെ അംഗവസ്ത്രങ്ങളൂരി, അടിമയുടെ അരക്കച്ച ധരിക്കുന്ന ഈശോ നമ്മോട് പറയുന്നു: അപരന്റെ പാദത്തോളം താഴണം നീ.
“നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക ” (പ്രഭാഷകന്‍ 3 : 18).
കുടുംബ ജീവിതത്തിൽ, സമൂഹ ജീവിതത്തിൽ ചില താഴ്ന്നു കൊടുക്കലുകൾ, പരാതികളില്ലാതെയുള്ള തോറ്റുകൊടുക്കലുകൾ, സ്വയം പരിത്യജിക്കലുകൾ, ഇല്ലാതാകലുകൾ – സ്നേഹത്തിന്റെ പൂർണ്ണതയായക്രിസ്തു നമ്മളറിയാതെ നമ്മിലേയ്ക്ക് കടന്നു വരും.
3. സ്നേഹത്തിന്റെ പ്രായോഗിക ഭാഷ ശുശ്രൂഷയുടേതാണ്.
എളിമപ്പെടുമ്പോഴേ കുടുംബത്തിലുള്ള ആരുടെയും കുറവിനെ സ്നേഹിക്കാന്‍ പറ്റൂ.
അപരനെ വളർത്താൻ, സമാശ്വസിപ്പിക്കാൻ, കണ്ണീരൊപ്പാൻ, മഹത്വം നൽകാൻ – ഞാൻ ചെറുതാകുമ്പോൾ- ഈശോയുടെ സ്നേഹത്തിന്റെ പ്രമാണം എന്നിലായി. സ്നേഹത്തിന്റെ ചില അടയാളങ്ങൾ എന്റെ വ്യക്തി ജീവിതത്തിൽ, ഞാനായിരിക്കുന്ന കുടുംബത്തിൽ ഉണ്ടാകട്ടെ.
ഉള്ളിൽ മാത്രം സ്നേഹം ഉള്ള മനുഷ്യരെ കൊണ്ട് നിറയുന്നുവോ ഈ ലോകം!
പുറമെ കാണിക്കാത്ത സ്നേഹം സ്നേഹമാണോ?
സ്നേഹം പ്രവൃത്തികളിലൂടെ പൂത്തുലയട്ടെ…
ജോലിക്ക് പോകുന്നതിന് മുമ്പ് ജീവിത പങ്കാളിക്ക് സ്നേഹചുംബനം നൽകുന്ന ഭർത്താവ് / ഭാര്യ…
സ്കൂളിലേയ്ക്ക് പോകുന്ന മക്കളെ തലയിൽ കൈവച്ചനുഗ്രഹിച്ച് നെറ്റിയിൽ കുരിശടയാളം വരയ്ക്കുന്ന അമ്മ…
സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം പരസ്പരം സ്തുതി ചൊല്ലി ഈശോയുടെ മുത്തം കൊടുക്കൽ…
വൈകിട്ട് അത്താഴത്തിന് ഒരുമിച്ചു ഇരിക്കുമ്പോൾ ഒരു ഉരുള പരസ്പരം വായിൽ വച്ച് കൊടുക്കുന്ന കുടുംബാംഗങ്ങൾ…
എന്റെ സ്നേഹത്തിന് ദിനംപ്രതി ചില അടയാളങ്ങൾ ഉണ്ടാകട്ടെ… എന്റെ കുടുംബത്തെ സ്വർഗ്ഗതുല്യമാക്കുന്ന ചില അടയാളങ്ങൾ.
സ്വന്തമായതിനെ നഷ്ടപ്പെടുത്താതെ നമുക്ക് എങ്ങനെ വിഭജിച്ചു നൽകാൻ സാധിക്കും. എന്റെ കുടുംബത്തെ സ്വർഗ്ഗമാക്കാൻ വേണ്ടി ഞാൻ എടുക്കുന്ന ത്യാഗം ആണ് എന്റെ കുടുംബത്തിന്റെ, ജീവിതത്തിന്റെ അനുഗ്രഹം.
“ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്‌ഠരായി കരുതണം”(ഫിലിപ്പി 2 : 3).
നമുക്കൊരു പെസഹ സംസ്ക്കാരം വളർത്താം.
അത്താഴ മേശയിൽ നിന്ന് അനുദിനം അവന്റെ ശരീരമാകുന്ന അപ്പത്തിൽ പങ്കപറ്റുന്ന നാം സ്നേഹത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിഞ്ഞ് ജീവിതത്തിലൂടെ അടയാളപ്പെടുത്താം.
അത് ഈശോ അഴിച്ചു വച്ച മേലങ്കി എടുത്തണിഞ്ഞു കൊണ്ടല്ല, കച്ചയണിഞ്ഞുകൊണ്ട്.
പുൽക്കൂടുതൽ ഉത്ഥാനം വരെ അവൻ കൂടെ കൊണ്ടു നടന്ന കച്ച- പിള്ളക്കച്ച, അരക്കച്ച, തിരുക്കച്ച-ഉത്ഥാനാനന്തരം അവൻ ഉപേക്ഷിച്ചിട്ട് പോകുന്നത് ഞാൻ എടുത്തണിയാനാ.
എളിമയുടെ, വിനയത്തിന്റെ, കാരുണ്യത്തിന്റെ, കരുതലിന്റെ, സ്നേഹത്തിന്റെ, ആർദ്രതയുടെ, പങ്കുവയ്ക്കലിന്റെ കച്ചകളെ
ജീവിതത്തിൽ അണിയാം.
അധികാരത്തിന്റെ കൈ കഴുകൽ അല്ല (ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറൽ, മറ്റുള്ളവരെ പ്രീതിപ്പെടുത്തൽ)
പരസ്പരം കാൽ കഴുന്ന ശുശ്രൂഷയുടെ ക്ഷാളനം നമ്മുടെ ജീവിതമേഖലകളിൽ ഉണ്ടാകട്ടെ.
“മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രെ”
(മര്‍ക്കോസ് 10 : 45).
പെസഹാ തിരുനാൾ ആശംസകൾ
ജെന്നിയച്ചൻ