കുരിശിലെ ഈശോ- ദൈവപുത്രന്‍

ശോ പീഡിപ്പിക്കപ്പെടുന്നു… കാൽവരിയിലേയ്ക്കു കുരിശും വഹിച്ചുള്ള യാത്ര… അവനെ ക്രൂശിക്കുന്നു…
ഈശോയെ ക്രിസ്തുവായി മാത്രം മനസിലാക്കുന്ന ആരും അവന്റെ മരണവഴിയിൽ കൂടെ ഇല്ല. 6 മണിക്കൂർ അവൻ കുരിശിൽ കിടക്കുന്നു. അതിൽ ആദ്യ 3 മണിക്കൂർ അവൻ മറ്റുള്ളവർക്കായി മാറ്റിവയ്ക്കുന്നു. (പിതാവ്, നല്ല കള്ളൻ, പ. അമ്മ, യോഹന്നാൻ) ബാക്കി സമയം തന്നിലേക്ക് തന്നെ തിരിയുന്നു.
ഇതാ സുവിശേഷത്തിന്റെ മറ്റൊരു ലക്ഷ്യം സാധിക്കാൻ പോകുന്നു. ശതാധിപൻ – മരണം ഉറപ്പാക്കി അവനെ കുഴിച്ചിടാൻ ഉത്തരവാദിത്വമുള്ളവരുടെ നേതാവ്. അവൻ എല്ലാം വീക്ഷിക്കുന്നു… അവന്റെ ഇടംവലം കള്ളന്മാർ പറയുന്നതെല്ലാം…അതിലെ കടന്നു പോയവർ പറഞ്ഞു: “നീ ദൈവപുത്രനാണെങ്കില് കുരിശില്നിന്നിറങ്ങി വരുക” (മത്തായി 27, 40).
ദൈവപുത്രനാണെങ്കിൽ കുരിശിൽ നിന്നിറങ്ങി വരണം എന്നതാണ് അവരുടെ അറിവ്. കുരിശിൽ കിടന്നു പിടയുന്ന പീഡകളുടെ ആൾ പുത്രനല്ല എന്നതാണ് അവരുടെ കാഴ്ചപ്പാട്.
3 വർഷങ്ങൾക്ക് മുമ്പ് ആരാണ് ഈ ചോദ്യം ചോദിക്കുന്നത്?
പിശാച് പറഞ്ഞു: പ്രലോഭകന് അവനെ സമീപിച്ചു പറഞ്ഞു: “നീ ദൈവപുത്രനാണെങ്കില് ഈ കല്ലുകള് അപ്പമാകാന് പറയുക” (മത്താ. 4,3; ലൂക്ക 4,3).
കുരിശിൽ നിന്ന് ഇറങ്ങി വരാൻ അയാളെ പ്രേരിപ്പിക്കുന്ന ഘടകം അയാളിലെ പിശാചാണ്. ഈശോയെ ദൈവപുത്രനായി അംഗീകരിക്കണമെങ്കിൽ നിന്റെ ജീവിതത്തിന്റെ പീഡകൾ ഇല്ലാതാക്കി തരണമെന്നതാണോ demand. അങ്ങനെയെങ്കിൽ ഈശോയെ പൂർണ്ണതയിൽ മനസിലാക്കിയ വ്യക്തിയല്ല നീ. പീഡകളെ മാറ്റി കുരിശിൽ നിന്നിറങ്ങി വരുന്നതാണ്, കുരിശുകളെ ഒഴിവാക്കുന്നതാണ് വിശ്വാസത്തിന്റെ അന്തർധാര എന്നത് തെറ്റായ വിലയിരുത്തലാണ്.
ഈശോ കുരിശിൽ മരിക്കുന്നു: “യേശു ഉച്ചത്തില് നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില് എന്‍െറ ആത്മാവിനെ ഞാന് സമര്പ്പിക്കുന്നു. ഇതു പറഞ്ഞ് അവന് ജീവന് വെടിഞ്ഞു” (ലൂക്കാ 23,46). പീഡകൾ ഒഴിവാക്കി കുരിശിൽനിന്നവൻ ഇറങ്ങിയില്ല, പീഡകൾ ഏറ്റെടുത്ത് കുരിശിൽ കിടന്ന് പിടഞ്ഞു മരിച്ചു. അപ്പോൾ ഒരു സംഭവമുണ്ടായി: “അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്, അവന് ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന് ദൈവപുത്രനായിരുന്നു” (മര്ക്കോ. 15, 39).
ക്രിസ്തു ശിഷ്യർക്ക് പറയാൻ കഴിയാത്തത് ശത്രുപക്ഷത്തിന്റെ നേതാവിനെ കൊണ്ട് പറയിപ്പിക്കുകയാണ് മർക്കോസ്.
ഈശോയെ ക്രിസ്തുവായി മാത്രം കണ്ട് അനുധാവനം ചെയ്യുന്ന ആരും മാഹാത്മ്യങ്ങളുടെ അപ്പക്കഷണങ്ങൾക്കു വേണ്ടി കെഞ്ചി നടക്കുന്നവനാണ്. പീഡകൾ ഏറ്റെടുക്കുന്നവനാണ് ദൈവപുത്രൻ. ജീവിതത്തിൽ ആലങ്കാരികമായി ഏറ്റെടുത്ത 50 ദിനങ്ങൾ പൂർത്തിയാ കുവാ…
ജീവിതത്തിലെ പ്രതീകാത്മകമായ ക്ലേശങ്ങളോട് നിനക്ക് കൂറുണ്ട്. പക്ഷെ അനു ദിന ജീവിതത്തിന്റെ കുരിശുകളെ, ക്ലേശങ്ങളെ ഒഴിവായി കിട്ടാനാണോ ഞാൻ കു രിശിന്റെ വഴിയിൽ നടുറോഡിൽ മുട്ടുകുത്തുന്നത്. ഒന്നും ലഭിക്കുമെന്ന് ഉറപ്പില്ലാത്തപ്പോഴും അവനെ അനുഗമിക്കാനാവണം. ഈശോയെപ്പോലെ ജീവിതത്തിന്റെ കുരിശുകളിൽ കിടന്നു പിടയുവാനാകുമോ… എങ്കിൽ നിന്നെയും ദൈവപുത്രൻ എന്ന് ലോകം അടയാളപ്പെടുത്തും. നാം ദൈവത്തെ മഹത്വപ്പെടുത്തുന്നത് ദൈവപുത്രനാകുമ്പോഴാണ്.
ആരാണ് ഈശോയെ വധിച്ചത്?

അവിടുത്തെ മരണത്തിന്റെ യഥാർത്ഥ്യം എന്ത്?

വനു ക്ഷതമേല്ക്കണമെന്നത് കര്ത്താവിന്‍െറ ഹിതമായിരുന്നു.
അവിടുന്നാണ് അവനെ ക്ലേശങ്ങള്ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്പ്പിക്കുമ്പോള് അവന് തന്‍െറ സന്തതിപരമ്പരയെ കാണുകയും ദീര്ഘായുസ്സു പ്രാപിക്കുകയും ചെയ്യും; കര്ത്താവിന്‍െറ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും”
(ഏശയ്യാ 53 ,9-10). “എന്തെന്നാല്, അവനില് വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്‍െറ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ.3, 16).
നൂറ്റാണ്ടുകൾക്ക് മുമ്പേ തിരുവെഴുത്തിൽ, പ്രവാചകന്മാരിൽ, സങ്കീർത്തനങ്ങളിൽ എഴുതപ്പെട്ടത് പൂർത്തീകരിക്കപ്പെടുന്നു. തന്റെ മരണത്തിന്റെ തീയതി, കാലം, സമയം, സ്ഥലം, സാഹചര്യം എല്ലാം തീരുമാനിച്ചത് അവിടുന്ന് തന്നെയാണ്. അത് ദൈവം ഒരുക്കിയ പദ്ധതിയാണ്. എന്റെ ജീവിതത്തിനും ഒരു ദൈവീക പസതിയുണ്ട്, അവിടുത്തേയ്ക്ക് മാത്രം അറിയാവുന്ന പദ്ധതി, എന്റെ ക്ഷേമത്തിനായുള്ള പദ്ധതി.

അരമത്തിയാക്കാരൻ ജോസഫ്

കുരിശിൽ മരിച്ചവരുടെ മൃതശരീരം ബെൻ ഹിന്നോൻ താഴ് വരയിൽ എറിഞ്ഞു കളയുക എന്നതാണ് യഹൂദ രീതി.
എന്നാൽ പിതാവിന്റെ പദ്ധതി പ്രകാരം അരമത്തിയാക്കാരൻ ജോസഫിനെ അവിടുന്ന് ഒരുക്കി നിർത്തി.

“യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്‍െറ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന് ജോസഫ് യേശുവിന്‍െറ ശരീരം എടുത്തു മാറ്റാന് പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്കി. അവന് വന്ന് ശരീരം എടുത്തു മാറ്റി” (യോഹ.19,38).
മൃതശരീരം സംസ്ക്കരിക്കുന്നതിന് മുമ്പ് വലിയ കച്ച കൊണ്ട് പാദം മുതൽ നെഞ്ച് വരെയും ചെറിയ തുവാല കൊണ്ട് തല മുതൽ നെഞ്ചു വരെയും പൊതിയാറുണ്ട്. (“കച്ച അവിടെ കിടക്കുന്നതും തലയില് കെട്ടിയിരുന്നതൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന് കണ്ടു” യോഹ. 20,7). ഒപ്പം സുഗന്ധദ്രവ്യങ്ങളും പൂശുന്ന പതിവുണ്ട്. ബഥാനിയായിലെ തൈലാഭിഷേക സമയത്ത് ഈശോയുടെ വാക്കുകൾ നാം ഇവിടെ ഓർക്കണം. “ഈശോ പറഞ്ഞു: അവളെ തടയേണ്ടാ. എന്‍െറ ശവസംസ്കാരദിനത്തിനായി ഇതു ചെയ്തുവെന്ന് അവള് കരുതിക്കൊള്ളട്ടെ” (യോഹ. 12, 7).
ഈശോയുടെ രഹസ്യശിഷ്യനായ ജോസഫ് ധനികനായിരുന്നു. “അവന് ഒരു അതിക്രമവും ചെയ്തില്ല… എന്നിട്ടും…ധനികരുടെയും ഇടയില് അവന് സംസ്കരിക്കപ്പെട്ടു” (ഏശയ്യാ 53,9). തനിക്കു വേണ്ടി തന്നെ തന്റെ പൂന്തോട്ടത്തിൽ ഒരു പുതിയ കല്ലറ പണിതിട്ടിരുന്നു. ആ കല്ലറയിൽ ആണ് ഈശോയെ സംസ്ക്കരിച്ചത്. “ജോസഫ് ശരീരമെടുത്ത് ശുചിയായ ഒരു തുണിയില് പൊതിഞ്ഞ്, പാറയില്വെട്ടിയുണ്ടാക്കിയ തന്‍െറ പുതിയ കല്ലറയില് സംസ്കരിച്ചു” (മത്താ. 27, 59-60).

ഈശോയുടെ ഉയിർപ്പ്

ല്ലറയിൽ അടക്കപ്പെട്ടുകിടക്കുമ്പോൾ ഈശോ എന്തു ചെയ്തു? അവിടുത്തെ മനുഷ്യാത്മാവ് വേർപ്പെട്ടു. ദൈവാത്മാവാണ് അവിടുത്തെ ഉയിർപ്പിച്ചത്. പത്രോസ് ശ്ലീഹ പഠിപ്പിക്കുന്നു: “എന്തുകൊണ്ടെന്നാല്, ക്രിസ്തുതന്നെയും പാപങ്ങള്ക്കുവേണ്ടി ഒരിക്കല് മരിച്ചു; അതു നീതിരഹിതര്ക്കുവേണ്ടിയുള്ള നീതിമാന്‍െറ മരണമായിരുന്നു. ശരീരത്തില് മരിച്ച് ആത്മാവില് ജീവന് പ്രാപിച്ചുകൊണ്ടു നിങ്ങളെ ദൈവസന്നിധിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു അത്. ആത്മാവോ ടുകൂടെചെന്ന് അവന് ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു” (1 പത്രോ.3,18-19).
കുരിശ് പുഷ്പിച്ച ദിവസമാണ് ഈസ്റ്റർ. എന്റെ എല്ലാ വേദനകൾക്കും അപ്പുറം ഒരു സന്തോഷമുണ്ടെന്ന് ഈശോയുടെ ഉയിർപ്പ് എനിക്ക് പ്രത്യാശ നല്കുന്നു.
ഏവര്ക്കും ഉയിര്പ്പുതിരുാളിന്റെ മംഗളങ്ങള് ആശംസിക്കുന്നു.
“നിങ്ങള് ദുഃഖിതരാകും; എന്നാല്, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും” (യോഹ.16 : 20).

സമാപിച്ചു

ജെന്നിയച്ചൻ