കാക്കനാട്: സീറോമലബാര്‍ സഭയുടെ വിവിധ മാധ്യമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 2019 ജനുവരി 18 ന് സമാപിച്ച സീറോമലബാര്‍ സഭയുടെ സിനഡ് രൂപം നല്കിയ മീഡിയ കമ്മീഷന്‍ പുതിയ ഭാരവാഹികളെയും വക്താക്കളുടെ സമിതിയെയും നിയമിച്ചു. റവ. ഡോ. എബ്രാഹം കാവില്‍പുരയിടത്തില്‍ പി.ആര്‍.ഒ. ആയും റവ. ഫാ. ആന്റണി തലച്ചെല്ലൂര്‍ മീഡിയാ കമ്മീഷന്‍ സെക്രട്ടറിയായും നിയമിതരായി. വക്താക്കളുടെ സമിതിയിലേയ്ക്ക് റവ. ഡോ. ആന്റു ആലപ്പാടന്‍, റവ. ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, ഡോ. മേരി റജീന, ഡോ. കൊച്ചുറാണി ജോസഫ്, ഡോ. രേഖ ജിജി കൂട്ടുമ്മേല്‍, ഡോ. ചാക്കോ കാളംപറമ്പില്‍, അഡ്വ. അജി ജോസഫ് കോയിക്കല്‍, അഡ്വ. ബിജു പറയന്നിലം, ആന്റണി പട്ടാശേരി, സാജു അലക്‌സ്, സിജോ അമ്പാട്ട് എന്നിവരെ നിയമിച്ചു. ഇനി മുതല്‍ സീറോമലബാര്‍ സഭയുടെ ഔദ്യോഗിക പ്രതിനിധികളായി മാധ്യമങ്ങളില്‍ ഇടപെടുന്നത് മേല്‍പറഞ്ഞ വക്താക്കളായിരിക്കും.

ചങ്ങനാശേരി അതിരൂപതയുടെ പബ്ലിക്ക് റിലേഷന്‍സ്-ജാഗ്രതാസമിതി കോഡിനേറ്റര്‍, അതിരൂപതാ ബുള്ളറ്റിന്‍ & വെബ്‌സൈറ്റ് എഡിറ്റര്‍, അതിരൂപതാ അക്കൗണ്ടിങ്ങ് സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, അതിരൂപതയിലെ വെളിയനാട് സെന്റ് ഗ്രിഗോരിയോസ് കേസറിയ, വെളിയനാട് സെന്റ് ജോസഫ് എന്നീ ഇടവകകളിലെ വികാരി എന്നീ മേഖലകളില്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫാ. ആന്റണിയുടെ പുതിയ നിയമനം.

പള്ളാത്തുരുത്തി സെന്റ തോമസ് ഇടവക തലചെല്ലൂര്‍ ജോസഫ് – അന്നമ്മ ദമ്പതികളുടെ മകനായ അദ്ദേഹം 2012 ഡിസംബര്‍ 29 ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച് ചങ്ങനാശേരി അതിരൂപതയില്‍ വിവിധങ്ങളായ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.