പ്രവചനങ്ങളുടെ നിറവേറൽ

സ്നേഹചുംബനം കൊണ്ട് യൂദാസ് ഈശോയെ ഒറ്റികൊടുക്കുന്നു. പട്ടാളക്കാർ അവനെ ബന്ധിച്ചു.
ഈശോയുടെ പീഡാനുഭവമരണത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ പൂർത്തിയാകാൻ പോകുന്നു.
“ദൈവമായ കര്‍ത്താവ്‌ എന്‍െറ കാതുകള്‍ തുറന്നു. ഞാന്‍ എതിര്‍ക്കുകയോ പിന്‍മാറുകയോ ചെയ്‌തില്ല”
(ഏശയ്യാ 50,5)
“തൈച്ചെടിപോലെ, വരണ്ട ഭൂമിയില്‍ നില്‍ക്കുന്ന മുളപോലെ, അവന്‍ അവിടുത്തെ മുന്‍പില്‍ വളര്‍ന്നു. ശ്രദ്‌ധാര്‍ഹമായരൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്‌ദര്യമോ അവനുണ്ടായിരുന്നില്ല”.
(ഏശയ്യാ 53,2)
“ഒഴിച്ചുകളഞ്ഞവെള്ളംപോലെയാണു ഞാന്‍, സന്‌ധിബന്‌ധങ്ങള്‍ ഉലഞ്ഞിരിക്കുന്നു; എന്‍െറ ഹൃദയം മെഴുകുപോലെയായി; എന്‍െറ ഉള്ളില്‍ അത്‌ ഉരുകിക്കൊണ്ടിരിക്കുന്നു”.
(സങ്കീ. 22 : 14)
“ഉഴവുകാര്‍ എന്‍െറ മുതുകില്‍ ഉഴുതു; അവര്‍ നീളത്തില്‍ ഉഴവുചാലു കീറി”.
സങ്കീ. 129 : 3

വിചാരണയും വിധിയും

രു മരണ യാത്രക്ക് അവൻ തയ്യാറെടുക്കുകയാ. രാത്രിയായാൽ പിന്നെ ആരെയും വിധിക്കാൻ പാടില്ല എന്ന് യഹൂദ നിയമം. എന്നാൽ ആ രാത്രിയിൽ 4 കോടതികൾ അവനെ വിസ്തരിച്ചു.
സാൻഹദ്രിൻ സംഘം, പീലാത്തോസ്, ഹേറോദേസ്, വീണ്ടും പീലാത്തോസ്.
ആദ്യവിസ്താരം നടന്നത് സാൻഹദ്രിൻ സംഘത്തിന്റെ മുമ്പാകെ . പ്രധാന പുരോഹിതൻ കയ്യാഫാസിന്റെ മുമ്പിൽ നിൽക്കുന്ന ഈശോ.
വിചാരണയിൽ പ്രശ്നങ്ങൾ ഉണ്ട്.
1. യഹൂദ നിയമപ്രകാരം ഒരാളെ വധിക്കണമെങ്കിൽ മരണകരമായ ഒരു കുറ്റം അയാളിൽ ഉണ്ടായിരിക്കണം.ഈശോ അങ്ങനെ ഒരു കുറ്റം ചെയ്തിട്ടില്ല. എന്നാൽ വിചാരണ സമയത്ത്
ഈശോയുടെ മേൽ അങ്ങനെയൊരു അവർ ചാർത്തുന്നു, ദൈവദൂഷണം (മർക്കോ. 14,63-64).

2. അവർക്ക് വിധിക്കാനേ അധികാരമുള്ളൂ. കൊല്ലാൻ അധികാരമില്ല. (യോഹ. 18,31). റോമൻ ഭരണാധികാരിയാണ് കൊല്ലാൻ ഉത്തരവിടുന്നത്. എന്നാൽ റോമൻ നിയമപ്രകാരം ദൈവദൂഷണം മരണകരമായ ഒരു കുറ്റമല്ല. അതിനാൽ പീലാത്തോസിന്റെ അടുക്കൽ ഈശോയെ കൊണ്ടുവരുമ്പോൾ അവർ രാജ്യദ്രോഹക്കുറ്റം അവന്റെ മേൽ ആരോപിക്കുന്നു. (ലൂക്കാ 23, 1-5).

ഈശോ ഗലീലിയക്കാരനാണെന്നറിഞ്ഞ് ഹേറോദേസിന്റെ പക്കലേക്ക് അയയ്ക്കുന്നു. ഹേറോദേസ് ഈശോയെ പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്റെ പക്കലേയ്ക്ക് തിരിച്ചയയ്ക്കുന്നു. (ലൂക്കാ 23,11).

ഈശോയിൽ കുറ്റമൊന്നും കാണായ്കയാൽ അവനെ ചമ്മട്ടികൊണ്ടടിച്ച് വിട്ടയക്കാൻ പീലാത്തോസ് തീരുമാനിക്കുന്നു (ലൂക്കാ 23 15-16).
എന്നാൽ മൂന്നു പ്രാവശ്യവും തന്റെ തീരുമാനത്തിന് യഹൂദ പ്രമാണികളും ജനക്കൂട്ടവും എതിര് നിന്നു കൊണ്ടു അവനെ ക്രൂശിക്കുക എന്ന് വിളിച്ചു പറയുമ്പോൾ അവരുടെ ഇംഗിതത്തിന് പീലാത്തോസ് വഴങ്ങുന്നു.
പീലാത്തോസിന്റെ ഭാര്യയുടെ ഇടപെടൽ ഇതിനിടയിൽ ഉണ്ടാകുന്നുണ്ട്.

“അവന്‍ ന്യായാസനത്തില്‍ ഉപവിഷ്‌ടനായിരിക്കുമ്പോള്‍, അവന്‍െറ ഭാര്യ അവന്‍െറ അടുത്തേക്ക്‌ ആളയച്ച്‌ അറിയിച്ചു: ആ നീതിമാന്‍െറ കാര്യത്തില്‍ ഇടപെടരുത്‌. അവന്‍ മൂലം സ്വപ്‌നത്തില്‍ ഞാന്‍ ഇന്നു വളരെയേറെ ക്‌ളേശിച്ചു “.
(മത്താ. 27,19).
എന്നാൽ പീലാത്തോസ് ജനങ്ങളുടെ മുമ്പിൽ വച്ച് കൈ കഴുകി അതിൽ നിന്ന് ഒഴിഞ്ഞു മാറി.
“ബഹളം വര്‍ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്‌സിലാക്കിയ പീലാത്തോസ്‌ വെള്ളമെടുത്ത്‌ ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്‍െറ രക്‌തത്തില്‍ എനിക്കു പങ്കില്ല”
(മത്താ. 27, 24).

ഈശോയും ബറാബ്ബാസും

തിനടയിൽ ഈശോയെ രക്ഷിക്കാൻ വളരെ വിഫലമായ ഒരു ശ്രമം പീലാത്തോസ് നടത്തുന്നുണ്ട്.

“അവന്‍ വീണ്ടും യഹൂദരുടെ അടുത്തേക്കു ചെന്ന്‌ അവരോടു പറഞ്ഞു: അവനില്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല. എന്നാല്‍ പെസഹാദിവസം ഞാന്‍ നിങ്ങള്‍ക്കൊരുവനെ സ്വതന്ത്രനായി വിട്ടുതരുന്ന പതിവുണ്ടല്ലോ; അതിനാല്‍ യഹൂദരുടെ രാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരട്ടെയോ?”
(യോഹ. 18,39).
അവരുടെ മറുപടി ഈ മനുഷ്യനെ അല്ല, ബറാബ്ബാസിനെ ഞങ്ങൾക്ക് വിട്ടുതരിക എന്നതായിരുന്നു.

ആരാണ് ബറാബ്ബാസ്? ബറാബ്ബാസ്‌ കൊള്ളക്കാരനായിരുന്നു. പാപിയായ മനുഷ്യൻ. ബർ എന്നാൽ Son (പുത്രൻ) എന്നാണ് അർത്ഥം. ആബ്ബാ എന്നാൽ പിതാവ് എന്നും. അപ്പോൾ ബറാബ്ബാസ് എന്ന പേരിന്റെ അർത്ഥം പിതാവിന്റെ പുത്രൻ.
പീലാത്തോസിന്റെ ഇടത് വശത്ത് ബറാബ്ബാസിനെ നിർത്തിയിരിക്കുന്നു. വലതു വശത്ത് ഈശോയെയും. പീലാത്തോസിന്റെ ചോദ്യം നിങ്ങൾക്ക് ആരെ വേണം?
ജനത്തിന്റെ മറുപടി ബറാബ്ബാസിനെ വേണം.

ഇതിന്റെ യഥാർത്ഥ ധ്വനി എന്താണ്. ക്രിസ്തീയ സുവിശേഷത്തിന്റെ സാരസംഗ്രഹം നമുക്ക് ഇവിടെ ദർശിക്കാം
ബറാബ്ബാസ് നിൽക്കുന്നത് ലോകത്തിലെ എല്ലാ പാപികളുടെയും പ്രതിനിധിയായിട്ടാണ്. ബറാബ്ബാസിന്റ പുറകിൽ എല്ലാ പാപികളും നിൽക്കുന്നു. പിതാവിന്റെ പാപികളായ എല്ലാ പുത്രന്മാരെയും രക്ഷിക്കാൻ
പിതാവിന്റെ സ്വന്തം ഏകജാതനായ ഈശോ ബലിയായ് തീരുന്നു. പാപപങ്കിലമായ മനുഷ്യരാശിക്കു വേണ്ടി ഈശോ പാപപരിഹാര ബലിയായി മാറി, പിതാവിന്റെ മക്കളെ രക്ഷിച്ചു.
(തുടരും…)

ജെന്നിയച്ചൻ