സാന്‍ഹദ്രിന്‍ സംഘവും യൂദാസും
ഈശോയെ വധിക്കാൻ പുരോഹിത പ്രമുഖന്മാരും, ഫരിസേയരും ആലോചന സംഘം (സാൻഹദ്രിൻ സംഘം) വിളിച്ചു കൂട്ടിയിരുന്നു. (യോഹ.11, 48-50) “ആ വര്ഷത്തെ പ്രധാന പുരോഹിതനുമായ കയ്യാഫാസ് പറഞ്ഞു: നിങ്ങള്ക്ക് ഒന്നും അറിഞ്ഞുകൂടാ. ജനം മുഴുവന് നശിക്കാതിരിക്കാനായി അവര്ക്കുവേണ്ടി ഒരുവന് മരിക്കുന്നതുയുക്തമാണെന്നു നിങ്ങള് മനസ്സിലാക്കുന്നുമില്ല” (യോഹ.11,50). 70 പേര് അടങ്ങുന്ന സാന്ഹദ്രിന് സംഘത്തില് 2 പേര് ഈശോയുടെ കൂട്ടുകാര് ആണ്. രാത്രിയില് ഈശോയെ കാണാനെത്തിയ നിക്കൊദേമൂസും (യോഹ.3,1-2), അരമത്തിയാക്കാരന് ജോസഫും (യോഹ.20,38).
ഈശോയെ പിടിക്കാന് പുരോഹിത പ്രമുഖന്മാരും, ഫരിസേയരും ആഗ്രഹിച്ചെങ്കിലും അവര്ക്ക് അതിനു സാധിച്ചില്ല. കാരണം അവര് ജനങ്ങളെ ഭയപ്പെട്ടു (മത്താ.26,5; മര്ക്കോ.14,2; ലൂക്ക 22,2). എന്നാല് അവരുടെ സഹായത്തിനു യൂദാസ് എത്തുന്നു (മത്താ.26,14-16; മര്ക്കോ.14,10-11; ലൂക്ക 22,3-6). 30 വെള്ളി നാണയങ്ങള്ക്ക് ഈശോയെ ഒറ്റിക്കൊടുക്കാമെന്ന് യൂദാസ് സമ്മതിക്കുന്നു.
പുതിയ ഉടമ്പടി, ഗത്സമനി പ്രാര്‍ത്ഥന
പെസഹാതിരുനാള് ദിനം എത്തി. ശിഷ്യന്മാരോടൊപ്പം ഈശോ പെസഹാ ആചരിക്കുന്നു. അപ്പവും വീഞ്ഞും എടുത്ത് വാഴ്ത്തി തന്റെ ശരീരവും രക്തവുമായി ശിഷ്യര്ക്ക് നല്കി സ്നേഹത്തിന്റെ പുതിയ ഉടമ്പടി സ്ഥാപിക്കുന്നു. പെസഹാ ആചരണത്തിനു ശേഷം ഈശോ ഗത്സമനിയില് പ്രാര്ത്ഥിക്കുന്നു.
അവന് പറഞ്ഞു: ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില് നിന്നു മാറ്റിത്തരണമേ! എന്നാല് എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം( മര്ക്കോ. 14 ,36).
അവന് തീവ്രവേദനയില് മുഴുകി കൂടുതല് തീക്ഷ്ണമായി പ്രാര്ഥിച്ചു. അവന്റ വിയര്പ്പു രക്തത്തുള്ളികള്പോലെ നിലത്തുവീണു (ലൂക്കാ 22 ,44).
എന്താണ് ഈശോയുടെ തീവ്രവേദന? എന്തുകൊണ്ടാണ് ഈശോയുടെ വിയര്പ്പുതുള്ളികള് രക്തതുള്ളികളായി മാറിയത്? തീര്ച്ചയായും ഈശോയുടെ തീവ്രവേദന തന്നെയാണ് വിയര്പ്പുതുള്ളികള് രക്തതുള്ളികളായ തിനു കാരണം. സാധാരണഗതിയില് ചിന്തിച്ചാല് പിറ്റെദിവസം അവന് കടന്നുപോകാനിരിക്കുന്ന പാടുപീഡകളെ ഓര്ത്തിട്ടാണ് ഈ തീവ്രവേദന എന്ന് തോന്നാം.
എന്നാല് അതു കൂടുതല് വ്യക്തമാകേണ്ടതുണ്ട്.
അനേകം പാപികളുടെ സ്ഥാനത്ത് ഈശോ തന്നെതന്നെ കാണുന്നു. ഈശോ കുരിശില് മരിക്കാന് പോകുന്നത് പാപികളായ എല്ലാ മനുഷ്യര്ക്കും വേണ്ടിയാണ്. ദൈവത്തോടുള്ള ബന്ധം നഷ്ടപ്പെടുന്ന ഒരു പാപി കടന്നുപോകുന്ന അനുഭവം കുരിശില് കിടക്കുമ്പോള് താന് അനുഭവിക്കും. ഈശോയുടെ കാര്യത്തില് അവന് എല്ലാ പാപികളെയും രക്ഷിക്കാനായിട്ടാണ് കുരിശില് കിടക്കുന്നത്്, പാപിയെപ്പോലെ മരിക്കുന്നത്. പാപിക്കു ദൈവവുമായി ബന്ധമില്ല. പാപിയുടെ നിലവിളിയാണ് ദൈവമേ എന്നുള്ളത്. പാപിക്ക് പിതാവേ എന്ന് വിളിക്കാന് പറ്റില്ല, മകനേ പറ്റൂ.തന്റെ ജീവിതത്തില് ഉടനീളം ഈശോ പിതാവിനെ ആബ്ബാ പിതാവേ എന്നാണ് വിളിച്ചിരുന്നത്്. ഇതാ ഒരു നിമിഷത്തേയ്ക്ക് പിതാവുമായുള്ള തന്റെ ബന്ധം മുറിയാന് പോകുന്നു.
ഒമ്പതാം മണിക്കൂറായപ്പോള് യേശു ഉച്ചത്തില് നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റ ദൈവമേ, എന്െറ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? (മര്ക്കോ. 15 , 34)
ആ വേദന ഈശോയുടെ ചങ്കില് വരുമ്പോള് അവന്റെ വിയര്പ്പുതുള്ളികള് രക്തുള്ളികളാകുന്നു. പാപിയല്ലാതിരുന്നിട്ടും പാപിയെപ്പോലെ കുരിശിൽ കിടക്കേണ്ടി വരുന്നവൻ.ഒരു നിമിഷ നേരത്തേക്ക് ഈശോ മറ്റുള്ളവരുടെ പാപം ഏറ്റെടുക്കുന്നു. പാപിയെപ്പോലെ കരിശിൽ കിടക്കുന്നു.
(തുടരും…)
ജെന്നിയച്ചൻ