ഈശോ ആരാണ്?

ഹൂദ ജനം റോമൻ ഭരണത്തിൽ കീഴിലായിരിക്കുന്ന സമയം. ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാളും ഒരു രക്ഷകനെ, മിശിഹായെ പ്രതീക്ഷിച്ചിരിക്കുന്ന സമയം. എല്ലാ ബന്ധനങ്ങിൽ നിന്നും അടിമത്തത്തിൽ നിന്നും സമ്പൂർണ്ണ മോചനം നേടിത്തരുന്ന മിശിഹാ. ഒരു രാഷ്ട്രം തന്നെ അവന്റെ നാമത്തിൽ രൂപപ്പെട്ട് രാഷ്ട്രീയമായ അടിമത്വത്തിൽ നിന്നു പോലും സമ്പൂർണ്ണ മോചനം തരുന്ന ഒരാൾ.
ആ മിശിഹായുടെ ലക്ഷണങ്ങൾ ലൂക്കാ 4,18-19 – ൽ കാണാം. “ബന്ധിതര്ക്ക് മോചനവും അന്ധര്ക്കു കാഴ്ചയും അടിച്ചമര്ത്തപ്പെട്ടവര്ക്കു സ്വാതന്ത്യ്രവും കര്ത്താവിനു സ്വീകാര്യമായ വത്സരവും…”ലൂക്കാ 4 : 18-19
പരിപൂർണമായ സൗഖ്യം, സമാധാനം, മോചനം ഇവയൊക്കെ നൽകാൻ കഴിവുള്ളവനായിരിക്കും മിശിഹ എന്ന ചിന്ത ജനങ്ങൾക്കിടയിൽ പ്രബലം. നേട്ടങ്ങൾ മാത്രം സ്വപ്നം കാണുന്ന മനുഷ്യന്റെ ഇടയിലേയ്ക്കാണ് ദൈവരാജ്യത്തിന്റെ സുവിശേഷവുമായി ഈശോ കടന്നു വരുന്നത്. അതുകൊണ്ട് തന്നെ ഈശോ എന്തു പറഞ്ഞാലും ഇങ്ങനെയുള്ള ലക്ഷണങ്ങളാണ് ഈശോയിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. മർക്കോസിന്റെ സുവിശേഷം ആദ്യ അധ്യായങ്ങളിലെല്ലാം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഈശോയെ നാം കണ്ടുമുട്ടുന്നു. പിശാച് ബാധിതനെ സുഖപ്പെടുത്തുന്നു, ശിമയോന്റ അമ്മായിയമ്മയെ, കുഷ്ഠരോഗിയെ, തളർവാത രോഗിയെ സുഖപ്പെടുത്തുന്നു. സാബത്തിൽ രോഗശാന്തി നല്കുന്നു, കടലിനെ ശാന്തമാക്കുന്നു, അപ്പം വർദ്ധിപ്പിക്കുന്നു.

ഇവൻ ആരെന്ന് അറിയിക്കാൻ അത്ഭുതങ്ങളുടെ ഒരു ലോകം തീർക്കുന്നു മർക്കോസ്. അത്ഭുത പ്രവർത്തകനായിട്ടാണ് എല്ലാവരും ഈശോയെ മനസിലാക്കിയത്. പക്ഷെ അവൻ ഒരു അത്ഭുതം പോലും തനിക്കു വേണ്ടി പ്രവർത്തിച്ചില്ല. നന്മ ചെയ്ത് കടന്നു പോയി. എല്ലാ മേഖലകളുടെ മേലും ആധിപത്യമുള്ള ഒരാളായി ഈശോയെ അവതരിപ്പിക്കുകയാണ്.
രോഗത്തിന്റെ മേൽ അധികാരം, പിശാചിന്റെ മേൽ അധികാരം, സാബത്തിന്റെ മേൽ, നിയമത്തിന്റെ മേൽ അധികാരം, പ്രകൃതി ശക്തികളുടെമേൽ അധികാരം, എല്ലാവർക്കും മനസിലായി അവൻ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ക്രിസ്തുവാണ്. ഇതൊക്കെ ചെയ്തിട്ട് ആളുകൾക്ക് തന്നെ മനസ്സിലാകുന്നുണ്ടോ എന്നറിയാൻ ഈശോ ചോദിച്ചു.നാട്ടുകാർ ഒക്കെ എന്താ എന്നെ കുറിച്ച് പറയുന്നത്. (മർക്കോ .8, 27) ശിഷ്യർ, പലരും പറയുന്ന കാര്യം പറഞ്ഞു. ഒടുവിൽ താൻ ലക്ഷ്യം വച്ച കാര്യം കുറിക്കു കൊണ്ടിട്ടുണ്ടോ എന്നറിയാൻ ഈശോ ചോദിച്ചു ശിഷ്യരോട് ഞാൻ ആരെന്നാണ് നിങ്ങൾ എന്താ പറയുന്നത് (മർക്കോ.8, 29 ) ശിഷ്യപ്രമുഖൻ പത്രോസിന്റെ മറുപടി ” നീ ക്രിസ്തുവാണ് ”

മർക്കോസ് തന്റെ രചനയുടെ ഒരു ലക്ഷ്യം കൃത്യം മധ്യത്തിൽ സ്ഥാപിക്കുന്നു അവൻ ക്രിസ്തുവാണ് 16 അധ്യായങ്ങളുള്ള മർക്കോസിന്റെ സുവിശേഷത്തിലെ 8-ാം അദ്ധ്യായം 29-ാം വാക്യത്തിൽ അതായത് കണ്ണായ സ്ഥലത്ത്, ചങ്കിൽ കുറിച്ചിട്ടിരിക്കുന്നു “നീ ക്രിസ്തുവാണ”.

ക്രിസ്തു വിശ്വാസത്തിൽ പാതി വഴിമാത്രം പിന്നിട്ട വിശ്വാസികളെ കൊണ്ട് നിറഞ്ഞുവോ ഈ ലോകം. അത്ഭുതങ്ങളുടെ ക്രിസ്തുവിന്റെ പുറകേ പോകുന്ന വിശ്വാസികൾ ! അനുഗ്രഹങ്ങളുടെ സൂപ്പർ മാർക്കറ്റുകളിലേക്ക് ക്രിസ്തുവിനെ തേടിപ്പോകുന്നവർ. അവന്റെ മരണത്തിന്റെ പേരിൽ പോലും അവന്റെ പിന്നാലെ കൂടുന്നത് എന്തോ മുന്നിൽ കണ്ടു കൊണ്ടാണോ? അവരുടെ മനസ് അനുഭൂതിയുടെ ലോകത്താണെന്ന് അറിഞ്ഞ ഈശോ തീരുമാനിക്കുന്നു ഇനി അത്ഭുതങ്ങൾ കാട്ടിയാൽ ശരിയാകില്ല എന്ന്.
ക്രിസ്തു അനുഭവം മാത്രമല്ല ദൈവ വിശ്വാസം. അത് ദൈവപുത്ര അനുഭവം കൂടി ചേരുന്നതാണ്.
ഖേദകരമെന്ന് പറയട്ടെ പല മനഷ്യർക്കും ക്രിസ്തു അനുഭവത്തിൽ മാത്രം നിൽക്കാനേ കഴിയുന്നുള്ളൂ. വചന പ്രഘോഷകർ പോലും മനുഷ്യരെ ഈ തലത്തിൽ നിർത്താനുള്ള ശ്രമമാണ് നടത്തുന്നത്.

മർക്കോസ് തന്റെ രീതി മാറ്റി. ചെപ്പടിവിദ്യകൾ കാട്ടിയാൽ ശരിയാവില്ല എന്നറിഞ്ഞ ഈശോ പറയും മനഷ്യപുത്രൻ സഹിക്കണം, മരിക്കണം. (മർക്കോ. 8, 31) ശിഷ്യൻ പറഞ്ഞു. നീ ക്രിസ്തുവാണ് മരിക്കാൻ പാടില്ല. അബദ്ധം പറയരുത്. അപ്പോൾ ക്രിസ്തു കൃത്യമായി അവനെ തിരിച്ചറിഞ്ഞു ( മർക്കോ .8, 33). മാസ്മരിക ലോകത്ത് മാത്രം അവനെ അനുധാവനം ചെയ്യുന്നവരെ നോക്കി ഈശോ പറഞ്ഞു. സാത്താനേ, നീ എന്റെ മുമ്പിൽ നിന്ന് പോകൂ. മുന്നിൽ നിൽക്കുന്ന ഇടർച്ചയുടെ പാറയാണ് അത്ഭുതലോകത്ത് വ്യാപരിക്കുന്ന യേശു വിശ്വാസം. ഇടർച്ചയുടെ പാറ…വിശ്വാസത്തിന്റെ പാറയാകേണ്ട പത്രോസ് തട്ടി വീഴ്ത്തുന്ന ഇടർച്ചയുടെ പറയാകുന്നു. പിശാചിന്റെ രൂപം ധരിച്ച വിശ്വാസി. ക്രിസ്തു വല്ലാതെ ഉലഞ്ഞു.
ഈശോ തന്റെ പീഡാനുഭവ ഉത്ഥാനത്തെക്കുറിച്ച് പ്രവചനങ്ങൾ നടത്തുമ്പോൾ… പീഡകളെക്കുറിച്ച് പറയുമ്പോൾ തൊട്ടടുത്ത് അത് മനസിലാക്കാത്ത ക്രിസ്തു ശിഷ്യരെയും (ആരാധകരെ) മർക്കോസ് കാണിക്കുന്നു(മർക്കോ. 9,32).

ആദ്യ പ്രവചനത്തിൽ പത്രോസ് ആണ് തടസ്സമെങ്കിൽ രണ്ടാം പ്രവചനത്തിനു ശേഷം ശിഷ്യരെ കാണുന്നത് തങ്ങളിൽ ആരാണ് വലിയവൻ എന്നതിനെക്കറിച്ചുള്ള വഴിയിൽ വച്ചുള്ള തർക്കത്തിലാണ്. പീഡകൾ ഏറ്റെടുക്കുന്നതിന്റെ വലുപ്പചെറുപ്പമല്ല… മൂന്നാം പ്രവചനത്തിന് ശേഷം സെബദി പുത്രന്മാരായ യാക്കോബും, യോഹന്നാന്നും അമ്മയുമായി വന്നിരിക്കുകയാ അവന്റെ വലതും ഇടതും സ്ഥലം ചോദിച്ചു കൊണ്ട്.
ചോദ്യം ഇതാണ്…
ഈശോയിൽ വിശ്വസിക്കാൻ കാരണമുണ്ടോ നിനക്ക്? ഉണ്ട്. എന്താ കാരണം?
അവൻ എന്റെ രോഗങ്ങൾ സുഖപ്പെടുത്തി… വിദേശത്തേയ്ക്ക് വിസ തന്നു… എന്റെ വീട്, ദൈവം തന്ന വീടാ… എന്റെ വാഹനം ദൈവം തന്ന വാഹനമാ… ഈശോയെ അനുധാവനം ചെയ്യാൻ ഒരു കാരണം തേടുന്ന വ്യക്തിയാണ് നീ എങ്കിൽ ആ ഈശോ നിനക്ക് ക്രിസ്തു മാത്രമാണെന്നറിയുക. സുവിശേഷം എഴുതപ്പെട്ടതിന്റെ ലക്ഷ്യം അതു മാത്രമല്ലല്ലോ. ഈശോ ക്രിസ്തു മാത്രമാണെന്ന് വിശ്വസിച്ച് വിശ്വാസത്തിന്റെ പടി അടിച്ചാൽ മാസ്മരിക ലോകത്ത് മാത്രം നിൽക്കുന്ന, ഉലയുന്ന മനഷ്യനാകും… ദൈവത്തിന്റെ ലക്ഷ്യം സാധിക്കപ്പെടാത്ത ഒരാൾ.

ജറുസലേമിലേക്കു രാജകീയ പ്രവേശനം‍

ഹൂദരുടെ പെസഹാ തിരുനാളിന് സമയമായി. “യഹൂദരുടെ പെസഹാത്തിരുനാള് അടുത്തിരുന്നു. ഗ്രാമങ്ങളില്നിന്നു വളരെപ്പേര് തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിനായി പെസഹായ്ക്കുമുമ്പേജറുസലെമിലേക്കു പോയി ” (യോഹ.11, 55).
നീസാൻ മാസം 14-ാം തീയതി ആണ് പെസഹ തിരുനാൾ. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷം. ഈശോ ജറുസലേമിലേയ്ക്ക് പോകുന്നു. പെസഹാ തിരുനാളിൽ ലക്ഷക്കണക്കിന് യഹൂദരാണ് ജറുസലമിൽ ഒരുമിച്ചു കൂടുക. ആ ദിവസം കലാപം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് പീലാത്തോസിനറിയാം. പീലാത്തോസും പടയാളികളും ജറുസലേം ഗേയ്റ്റിന്റെ വലതു വശത്തായി സുരക്ഷയൊരുക്കി നിലകൊള്ളുന്നു.
ഈശോ രാജകീയമായി ജറുസലേമിൽ പ്രവേശിക്കുന്നു (മത്താ 21, 1 – 11). ഈശോ കഴുതപ്പുറത്ത് കയറി. വിവിധയിടങ്ങളിൽ നിന്ന് എത്തിയ (ഗലീലി, ന സ്രത്ത്, ബത്സയ്ദ etc) ജനങ്ങൾ ഹോസാന വിളി ഉയർത്തി. അവർക്ക് അവൻ അത്ഭുത പ്രവർത്തകനാണ്. റോമൻ പട്ടാളക്കാരുടെ കൈയിൽ നിന്നും തങ്ങളെ രക്ഷിക്കുന്ന വിമോചകൻ… ഹോസാന എന്നത് അവർക്ക് വിപ്ലവഗാനമായിരുന്നു. അവിടെ വന്നുകൂടിയിരിക്കുന്ന ജനങ്ങളുടെയെല്ലാം ആഗ്രഹവും പ്രത്യാശയും അവര് ഹോസാന വിളിക്കുന്ന അത്ഭുത പ്രവര്ത്തകനായ ക്രിസ്തു ഗേയ്റ്റ് കടന്ന് വലതു വശത്തോട്ട് ചെന്ന്പീലാത്തോസിനെയും പടയാളികളെയും തോല്പിച്ച് തങ്ങള്ക്ക് രാജ്യം പുനസ്ഥാപിച്ചു നല്കുമെന്നാണ്.പക്ഷെ ജനം പ്രതീക്ഷിച്ചപോലെ അല്ല സംഭവിച്ചത്. ഈശോ ഗേയ്റ്റ് കടന്ന് ഇടതു വശത്തേയ്ക്കാണ് പോയത്. ഇടതു വശത്താണ് ജറുസലേം ദൈവാലയം. ഈശോ ദൈവാലയം ശുദ്ധീകരിക്കുന്നു (മത്താ. 22,12).
പിന്നീട് ദൈവാലയത്തില് നിന്നും എല്ലാദിവസവും ഈശോ ബഥാനിയ എന്ന ഗ്രാമത്തിലേയ്ക്കാണ് പോയത് (മത്താ. 21,17). ഈശോ ഓരോ ദിവസവും ദൈവാലയത്തിലെത്തി പ്രധാന പുരോഹിതന്മാരും ജനപ്രമാണികളോടും (മത്താ. 21,23), സദുക്കായരോടും (മത്താ.22, 23), ഫരിസേയരോടും(മത്താ.22,34)വാഗ്വാദത്തില് ഏര്പ്പെട്ടു. നിയമഞ്ജരുടെയും ഫരിസേയരുടെയും ക്പടനാട്യത്തെ ഈശോ നിശിതമായി വിമര്ശിച്ചു (മത്താ.23,1-36).
(തുടരും…)

ജെന്നിയച്ചൻ