മുന്നൂറ് വർഷത്തെ ഇടവേളയ്ക്കുശേഷം തുറന്നുകൊടുത്ത, ക്രിസ്തുനാഥന്റെ പാദസ്പർശമേറ്റ ‘സ്‌കാലാ സാങ്റ്റാ’ (വിശുദ്ധ പടവുകൾ) സന്ദർശിച്ച് പ്രാർത്ഥിക്കാൻ വത്തിക്കാനിലേക്ക് തീർത്ഥാടക പ്രവാഹം. ഈശോയെ വിചാരണയ്ക്കും മരണവിധി പ്രസ്താവിക്കുന്നതിനുമായി കൊണ്ടുപോയി എന്ന് വിശ്വസിക്കുന്ന വിശുദ്ധ പടവുകൾ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇക്കഴിഞ്ഞ ദിവസമാണ് തുറന്നുകൊടുത്തത്.
ജറുസലേമിൽ പൊന്തിയോസ് പീലാത്തോസിന്റെ അരമനയോട് ചേർന്നുണ്ടായിരുന്ന ഈ പടിക്കെട്ട്, കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ ഹെലന രാജ്ഞി നാലാം നൂറ്റാണ്ടിൽ വത്തിക്കാനിൽ എത്തിച്ചു എന്നാണ് കരുതപ്പെടുന്നത്. 28 പടികളുള്ള ഈ പടിക്കെട്ട് സെന്റ് ജോൺ ദ ലാറ്ററൽ ബസിലിക്കയ്ക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന ഓൾഡ് പേപ്പൽ ലാറ്ററൽ പാലസിന്റെ ഭാഗമായ കെട്ടിടത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
വത്തിക്കാനിലെ തിരുശേഷിപ്പുകളും ദൈവാലയങ്ങളും സന്ദർശിച്ച് പ്രാർത്ഥിക്കാൻ തീർത്ഥാടകർ എത്തിത്തുടങ്ങിയ മധ്യകാലഘട്ടത്തിലാണ് ‘സ്‌കാലാ സാങ്റ്റാ’ പ്രശസ്തിയിലേക്ക് ഉയർന്നത്. 1724ൽ സിക്സ്റ്റസ് അഞ്ചാമന്റെ കാലത്താണ് പടിക്കെട്ടുകൾ വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. പടിക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാൻ പിൽക്കാലത്ത് മരംകൊണ്ടുള്ള കവചം നിർമിക്കുകയായിരുന്നു. ഈശോയുടെ പീഡാസഹനം ധ്യാനിച്ച് 28 പടികൾ മുട്ടുകുത്തി കയറുന്നതിനാണ് വിശ്വാസികൾ പ്രാധാന്യം നൽകിയത്.
ഏപ്രിൽ 11മുതൽ ജൂൺ ഒൻപതുവരെയാണ് വിശ്വാസികൾക്ക് പൊതുദർശനത്തിനുള്ള സൗകര്യമുള്ളത്. റോം രൂപതാ വികാരി ജനറൽ കർദിനാൾ ആഞ്ചലോ ഡി ഡൊണാട്ടിസാണ് കൂദാശാകർമം നിർവഹിച്ച് വിശ്വാസികൾക്ക് തുറന്നുകൊടുത്തത്. സന്നിഹിതരായിരുന്ന വിശ്വാസീഗണത്തെ സാക്ഷിയാക്കി ആദ്യ പടയിൽ ചുംബിക്കുകയുംചെയ്തു അദ്ദേഹം.
വിശുദ്ധ സ്ഥലങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ വിദഗ്ദ്ധനായ പൗലോ വിയോലിനിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. പഴയ തടി നീക്കം ചെയ്താണ് പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. പൊട്ടസ്റ്റന്റ് സഭാ സ്ഥാപകൻ മാർട്ടിൻ ലൂഥർ, ക്ലാസിക്കൽ കൃതികളുടെ കർത്താവായ ചാൾസ് ഡിക്കൻസ് ഉൾപ്പെടെയുള്ള പ്രമുഖരും വിശുദ്ധ പടവുകൾ സന്ദർശിച്ച് പ്രാർത്ഥന നടത്തിയിട്ടുണ്ട്.
കടപ്പാട് : സീറോ മലബാര്‍ ചര്‍ച്ച്