പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന് ആരോപിച്ച് കിഴക്കന്പലത്തെ ട്വന്റി-20 സംഘടനയ്ക്കെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്കി. യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ ചിത്രം ഉപയോഗിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ബെന്നിക്ക് വോട്ടില്ല എന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്ന പോസ്റ്റർ പ്രചരിപ്പിച്ചതിനെതിരേയാണ് ചീഫ് ഇലക്ടറൽ ഓഫീസർ, മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ, ജില്ലാ കളക്ടർ എന്നിവർക്കു പരാതി നല്കിയിരിക്കുന്നത്.
ബെന്നി ബെഹനാൻ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് ചിത്രം സഹിതം പ്രചരിപ്പിച്ചതും ഒരു സ്ഥാനാർഥിക്ക് വോട്ടു ചെയ്യരുത് എന്ന് പേരു പറഞ്ഞ് ആഹ്വാനം ചെയ്യുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.