ഓറശ്ലേമില് പെസഹാത്തിരുന്നാളിനെത്തിയ ജനക്കൂട്ടം ‘ഹോസാന’ സ്തുതികളാല്‍ ഈശോയെ ആഘോഷമായി എതിരേല്ക്കുന്ന സംഭവത്തിന്റെ അനുസ്മരണവും ആചരണവുമാണല്ലോ ‘ഹോസാന’ത്തിരുന്നാളാഘോഷം. ഈശോയില്‍ രക്ഷക പ്രതീക്ഷ വാനോളം ഉയര്‍ന്ന് അവനെ ആഘോഷപൂര്‍വ്വം എതിരേറ്റ് ആനയിച്ച ഓറശ്ലേമില്‍ത്തന്നെയാണ് നാലുദിവസങ്ങള്‍ക്കുശേഷം ‘അവനെ ക്രൂശിക്കുക’ എന്ന അട്ടഹാസം ഉയര്‍ന്നതും, ‘അവനെ കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ’ എന്നുള്ള പീലാത്തോസിന്റെ ശിക്ഷാവിധി ഉണ്ടായതും. ശിക്ഷാവിധി ഏറ്റുവാങ്ങിയ ഈശോ കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ചെങ്കിലും മൂന്നാം ദിവസം ഞായറാഴ്ച എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട്, മരണത്തെയും പരാജയപ്പെടുത്തി ഉയിര്‍ത്തെഴുന്നേറ്റു. വിശ്വാസികള്‍ ഈശോയെ ജീവദാതാവും ലോകരക്ഷകനുമായി അംഗീകരിച്ചേറ്റുപറഞ്ഞു. രക്ഷകനായ ഈശോയെ ആരാധനാസമൂഹം ലിറ്റര്‍ജിയില്‍ കണ്ടുമുട്ടുകയും രക്ഷാനുഭവം കൈവരിക്കുകയും ചെയ്യുന്നു.
മരണത്തില്‍ നിന്ന് ജീവനിലേക്കുള്ള ഈശോയുടെ കടന്നുപോകല്‍, പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തില്‍ നിന്ന് നിത്യജീവനിലേയ്ക്കുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ കടന്നുപോകലിനും നിദാനമായി. ഈശോയുടെ സഹനവും മരണവും മനുഷ്യകുലത്തിന്റെ പാപപ്പരിഹാരത്തിനായുള്ള ആത്മബലിയായിരുന്നു. പിതാവായ ദൈവം തന്റെ ഏകപുത്രനെ ഏല്പ്പിച്ച രക്ഷാകരദൗത്യം അവന്‍ വിജയകരമായി പൂര്‍ത്തീകരിച്ചു എന്നതിന്റെ തെളിവാണ് ഉയിര്‍പ്പുസംഭവം. മിശിഹായില്‍ പൂര്‍ത്തീകരിക്കപ്പെട്ട ഈ രക്ഷാകരസംഭങ്ങളെ പെസഹാരഹസ്യം, പെസഹാസംഭവം, മിശിഹാസംഭവം, മിശിഹാരഹസ്യം എന്നൊക്കെ വിളിക്കുന്നു.
ശനിയാഴ്ച വൈകുന്നേരം റംശായോടുകൂടി ഹോസാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. റംശായ്ക്കുശേഷം ജാഗരണപ്രാര്‍ത്ഥനയാണ്. രാത്രിയിലെ വിവിധയാമങ്ങളിലെ പ്രാര്‍ത്ഥനകള്‍ (ലെലിയ, ഖാലേദ് സഹ്‌റാ) കേന്ദ്രീകരിച്ച് ആരാധനാസമൂഹം പ്രാര്‍ത്ഥനാനിരതമാകുന്നു. തുടര്‍ന്ന് പ്രഭാതത്തില്‍ സപ്രായും, അതിനുശേഷം വിശുദ്ധ കുര്‍ബാനയും കുര്‍ബാനയുടെ പ്രാരംഭഭാഗത്ത് ഓലവെഞ്ചരിപ്പും ദൈവാലയത്തിലേക്കുള്ള പ്രദക്ഷിണവും. ദാവീദിന്റെ ഗോത്രത്തില്‍ നിന്നുള്ള വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായാണ് ഈശോ എന്നുള്ള വിശ്വാസം ആഹ്‌ളാദപൂര്‍വ്വം പ്രഘോഷിക്കുകയാണ് ഈ കര്‍മ്മാനുഷ്ഠാനങ്ങളിലൂടെ.