ക്രൈസ്തവ ജീവിതത്തിലെ ഏറ്റവും അപകടകരമായ മനോഭാവം എന്താണെന്ന് നിങ്ങൾക്കറിയാമോ? ചോദ്യം ഉന്നയിച്ചത് മറ്റൊരുമല്ല, ഫ്രാൻസിസ് പാപ്പതന്നെ. അത് എന്താണെന്നറിയാൻ കാതുകൾ കൂർപ്പിച്ച വിശ്വാസീസമൂഹത്തിനു മുമ്പിൽ പാപ്പ വെളിപ്പെടുത്തി: അഹംഭാവംതന്നെ. തനിക്ക് ദൈവമുമായുള്ള എല്ലാക്കാര്യങ്ങളും ഭദ്രമാണെന്നു കരുതി അവിടത്തെ മുന്നിൽ നിൽക്കുന്നവന്റെ ഭാവമാണതെന്നുകൂടി പറഞ്ഞ പാപ്പ മറ്റൊന്നുകൂടി ഓർമിപ്പിച്ചു:
‘ദൃശ്യവും അദൃശ്യവുമായ പാപങ്ങൾ ഉണ്ട്. കോലാഹലങ്ങൾ ഉണ്ടാക്കുന്ന പാപങ്ങളുണ്ട്, അതുപോലെതന്നെ നാം അറിയുകപോലും ചെയ്യാതെ നമ്മുടെ ഹൃദയത്തിൽ കൂടുകൂട്ടുന്ന കുടിലപാപങ്ങളുമുണ്ട്. ഇവയിൽ ഏറ്റവും അപകടകരമാണ് അഹംഭാവം,’ പൊതുസന്ദർശനത്തിൽ പങ്കെടുക്കാനെത്തിയ വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്യവേ പാപ്പ ഓർമിപ്പിച്ചു.
സുവിശേഷത്തിൽ കാണുംപോലെ, ദൈവാലയത്തിൽ പ്രാർത്ഥിക്കയാണെന്ന് കരുതുകയും എന്നാൽ ദൈവത്തിന്റെ മുന്നിൽ ആത്മപ്രശംസ നടത്തുകയും ചെയ്യുന്ന ഫരിസേയന് സമാനനാണ് അഹംഭാവി. എന്നാൽ, ഈ ഫരിസേയന് വിപരീതമായി, എല്ലാവരാലും നിന്ദിതനായ ചുങ്കക്കാരനാകട്ടെ ദൈവാലയത്തിലേക്കു പ്രവേശിക്കാൻ അയോഗ്യനെന്നു കരുതി ദൈവാലയ വാതിൽക്കൽ നിൽക്കുകയും ദൈവികകാരുണ്യത്തിന് സ്വയം സമർപ്പിക്കുകയും ചെയ്യുന്നു.
ചുങ്കക്കാരൻ ആ ഫരിസേയനെക്കാൾ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങിയെന്ന് യേശു പറയുന്നു. കാരണം അവന് അഹംഭാവം ഇല്ലായിരുന്നു, സ്വന്തം കുറവുകളും പാപങ്ങളും അവൻ തിരിച്ചറിഞ്ഞു. പാപം സഹോദര്യഭാവത്തെ പിളർക്കുന്നു, അപരനെക്കാൾ മെച്ചപ്പെട്ടവനാണ് താനെന്നു ചിന്തിക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്നു. നാം ദൈവത്തെപ്പോലെയാണെന്ന് പാപം നമ്മെ ചിന്തിപ്പിക്കുന്നു.
എന്നാൽ ദൈവത്തിനുമുന്നിൽ നാമെല്ലാം പാപികളാണ്, ദൈവാലയത്തിൽ മാറിനിന്നുകൊണ്ട് മാറത്തടിച്ചു പ്രാർത്ഥിച്ച ചുങ്കക്കാരനെപ്പോലെ മാറത്തടിക്കേണ്ടവരാണ് നാം. നമുക്കു പാപമില്ലെന്നു നാം പറഞ്ഞാൽ അത് ആത്മവഞ്ചനയാകും. തീക്ഷ്ണമായ സമർപ്പിതജീവിതം നയിക്കുന്നവരെയും ബാധിക്കാൻ സാധ്യതയുള്ള അവസ്ഥയാണ് അഹംഭാവമെന്നും പാപ്പ കൂട്ടിച്ചേർത്തു.