Darsanam Homilies

ഓശാന ഞായർ

നോമ്പുകാലം ഏഴാം ഞായർ (ഏപ്രിൽ 14)

മത്താ 21:1-17 .

 

സ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ സുഡാനിൽ നിന്ന് 2011 ൽ സ്വാതന്ത്ര്യം നേടിയ ചെറിയ ഒരു ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമാണ് സൗത്ത് സുഡാൻ. ക്രിസ്തീയ ഭൂരിപക്ഷ രാഷ്ട്രമാണങ്കിലും കർത്താവിന്റെ സന്ദേശം എത്രമാത്രം ഉൾക്കൊള്ളാൻ അവർക്കു സാധിച്ചു എന്ന് സംശയമുണ്ട്. കാരണം അവിടുത്തെ രണ്ടു പ്രധാന ക്രൈസ്തവ ഗോത്രങ്ങൾ പരസ്പരം നിരന്തരം കലഹത്തിലാണ്. നിരന്തരമായ ആക്രമണങ്ങളിലും ലഹളകളിലും ഇതുവരെ 4 ലക്ഷത്തിൽ അധികം പേരാണ് മരണമടഞ്ഞത്. ഞങ്ങളെ രക്ഷിക്കൂ ഞങ്ങളെ രക്ഷിക്കൂ (ഓശാന എന്ന വാക്കിന്റെ അർത്ഥം) എന്ന് അവിടുത്തെ ജനങ്ങൾ നിരന്തരം നിലവിളിച്ചു. ലോക രാഷ്ട്രങ്ങൾ പല ശ്രമങ്ങളും നടത്തിയിരിക്കാം.

UN സമാധാന ചർച്ചകൾ നടത്തുകയോ, ലോക പോലീസായ അമേരിക്ക സൈന്യത്തെ ഇറക്കി ഭീഷണിയുടെയും ബലപ്രയോഗത്തിന്റെയും മാർഗ്ഗങ്ങൾ അവലംബിക്കുകയോ ചെയ്തിരിക്കാം. പക്ഷേ ഒരു ശ്രമവും ഇതുവരെവിജയിച്ചില്ല. അക്രമവും കൊലപാതകവും നിരന്തരം തുടർന്നുകൊണ്ടിരുന്നു. അവസാന ശ്രമം ഫ്രാൻസിസ് മാർപ്പാപ്പയുടെത് ആയിരുന്നു. ഗോത്ര നേതാക്കളായ പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ടിനെയും ധ്യാനത്തിനു വത്തിക്കാനിൽ വിളിച്ചു വരുത്തി. ധ്യാനത്തിന്റെ അവസാന ദിവസം ആ രാഷ്ട്ര നേതാക്കളെ മാത്രമല്ല ലോകം മുഴുവനെയും അമ്പരപ്പിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പ അവരുടെ മുമ്പിൽ മുട്ടുകുത്തി ഭൂമിയോളം കുനിഞ്ഞ് അവരുടെ പാദങ്ങളിൽ ചുംബിച്ചു കൊണ്ട് സമാധാനത്തിനായി യാചിച്ചു..സ്വൽപമെങ്കിലും മനസാക്ഷി ഉണ്ടങ്കിൽ ആ രാഷ്ട്ര നേതാക്കൾക്ക് ഇനി അക്രമത്തിലേക്ക് മടങ്ങി പോകാൻ സാധിക്കില്ല.കാരണം അത്രമേൽ വലിയ എളിമയാണ് ലോക ബഹുമാന്യനായ ഫ്രാൻസിസ് മാർപാപ്പ അവരുടെ മുൻപിൽ പ്രകടിപ്പിച്ചത്.

ഇതാണ് പ്രിയപ്പെട്ടവരെ യഥാർത്ഥത്തിൽ ഓശാനയുടെ സന്ദേശം. എളിമയിലൂടെ ലോകത്തെ കീഴടക്കുക എന്ന സന്ദേശം. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഓശാന, ഓശാന, ഞങ്ങളെ രക്ഷിക്കൂ, ഞങ്ങളെ രക്ഷിക്കു എന്ന് ആർത്തലച്ച ജന കൂട്ടത്തിന്റെ മുമ്പിൽ ഈശോ പകർന്നു തന്ന സന്ദേശം. കഴുത കുട്ടിയുടെ പുറത്ത് വിനീതനായി ജറുസലേമിലേക്ക് യാത്ര ചെയ്തപ്പോൾ അവിടുന്ന് നമ്മുടെ പറഞ്ഞുതന്നത് ഇതാണ് .എളിമയുടെ വിപ്ലവം. അക്രമത്തിന്, കലഹത്തിന്, കൊലപാതകങ്ങൾക്ക് ലോകത്തെ കീഴടക്കുവാൻ സാധിക്കുകയില്ല. ലോകം വെട്ടിപ്പിടിക്കുവാൻ എളിമയ്ക്കും ക്ഷമയ്ക്കും വിട്ടുവീഴ്ചയ്ക്കും മാത്രമേ സാധിക്കുകയുള്ളൂ കാരണം അവ വഴിയാണ് ഹൃദയങ്ങളെ കീഴടക്കാൻ സാധിക്കുന്നത്. ഹൃദയങ്ങളെ കീഴടക്കാതെ ആർക്കും ലോകത്തെ കീഴടക്കാൻ സാധിക്കുകയില്ല.

ഓശാനയിൽ ആർത്ത് വിളിച്ച ജനക്കൂട്ടത്തിന് മുന്നിൽ മാത്രമല്ല ഇന്നും അനേകം കോടി ഹൃദയങ്ങളിൽ ഈശോ രാജാവായി വാഴുന്നു എങ്കിൽ അവിടുന്ന് പ്രകടിപ്പിച്ച എളിമയുടെ മാതൃകയാണ് അതിൻറെ ഒരു കാരണം എളിമ യിലൂടെ ഹൃദയങ്ങൾ കീഴടക്കുക ,ഹൃദയങ്ങൾ കീഴടക്കി ലോകം കീഴടക്കുക, അങ്ങനെ സമാധാനത്തിന്റെ സാമ്രാജ്യം സ്ഥാപിക്കുക ഇതാണ് ഓശാന നൽകുന്ന സന്ദേശം. ഈ സന്ദേശം അനുവർത്തിക്കാൻ ഉള്ള വലിയ പരിശ്രമമാണ് ഫാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം നടത്തിയത്. അഹങ്കാരത്തിനും ഗർവിനും ആക്രോശങ്ങൾക്കും ഉപരിയായി എളിമയുടെയും ശാന്തതയുടെയും സന്ദേശം ഉൾക്കൊള്ളാൻ നമുക്ക് പരിശ്രമിക്കാം. ഗർവിന്റെ ഘോഷാരവം മുഴക്കുന്ന കുതിരയെക്കാൾ നിശബ്ദതയോടെ ഭാരം ചുമക്കുന്ന കഴുതയെ അവിടുന്ന് തെരഞ്ഞെടുത്തത് ഈ പ്രതീകാത്മകത സൂചിപ്പിക്കുന്നതിനു വേണ്ടിയിട്ടാണ്. എളിമയുടെയും വിട്ടുവീഴ്ചയുടെയും ചൈതന്യം പുലർത്തിക്കൊണ്ട് നമ്മുടെ ചുറ്റുപാടുകളിൽ നമുക്ക് ശാന്തിയുടെയും സമാധാനത്തിന്റെയും വാഹകരാകാൻ പരിശ്രമിക്കാം. എളിമയുടെ രാജാവ് എളിമപ്പെടാനുള്ള കൃപ നമുക്ക് പ്രദാനം ചെയ്യട്ടെ. എളിമയുടെ വിപ്ലവം വിജയിക്കട്ടെ. ആമ്മേൻ

ഫാ.ജയിംസ് കൊക്കാവയലിൽ

ദർശനം ന്യൂസ് വാട്ട്സാപ്പ് പത്രം ദിവസേന അതിരാവിലെ ലഭിക്കാൻ മൊബൈലിൽ നിന്നും ഈ ലിങ്കിൽ ക്ലിക് ചെയ്യുക Follow this link to join my WhatsApp group: https://chat.whatsapp.com/HTu9RnLnx20FkxQ9xGt6H3