അമിത് ഷായുടെ വയനാട് പരാമർശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. എല്ലാം വർഗീയമായ രീതിയിൽ കാണുന്നത് ആർഎസ്എസിന്റെ രീതിയാണെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
ആർഎസ്എസിന്റെ പ്രചാരണം തടയാൻ യുഡിഎഫിന് കഴിയുന്നില്ല. പാക്കിസ്ഥാന്റെ പതാകയല്ല വയനാട്ടിൽ ഉപയോഗിച്ചതെന്ന് മുസ്ലിംലീഗിന്റെ നേതാക്കൾ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ വയനാട്ടിൽ മത്സരിപ്പിക്കുന്പോൾ ആർഎസ്എസ് വർഗീയ പ്രചാരണം നടത്തുമെന്ന് കോണ്ഗ്രസ് ശ്രദ്ധിക്കണമായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേർത്തു.
സഖ്യകക്ഷികൾക്കു വേണ്ടി രാഹുൽ ബാബ കേരളത്തിലേക്കു പോയി. എഴുന്നള്ളിപ്പു കാണുന്പോൾ ഇത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നു തിരിച്ചറിയാൻ കഴിയുന്നില്ല. എന്തിനാണ് അങ്ങനെ ഒരു സീറ്റിലേക്ക് അദ്ദേഹം പോയതെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു അമിത് ഷാ പ്രതികരണം.