വാങ്കെഡെയില്‍ കത്തിക്കയറിയ കീറോൺ പൊള്ളാർഡിന്റെ കരുത്തിൽ ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് മൂന്നു വിക്കറ്റ് ജയം. പഞ്ചാബിന്റെ 197 റൺസ് വിജയലക്ഷ്യം മുംബൈ അവസാന പന്തിൽ മറികടന്നു. അവസാന പന്തില്‍ രണ്ടു റണ്‍സ് നേടിയ അല്‍സാരി ജോസഫ് മുംബൈയെ വിജയത്തിലെത്തിച്ചു.
പരിക്കേറ്റ രോഹിത് ശർമയുടെ അഭാവത്തിൽ മുംബൈയെ നയിച്ച പൊള്ളാർഡിന്റെ അവിശ്വസനീയ പോരാട്ടമാണ് മുംബൈയെ വിജയത്തിൽ എത്തിച്ചത്. വെറും 31 പന്തുകളിൽ 10 സിക്സും മൂന്നു ബൗണ്ടറിയും സഹിതം 83 റണ്‍സെടുത്ത് അവസാന ഓവറിലാണ് പൊള്ളാര്‍ഡ് പുറത്തായത്. അങ്കിത് രജ്പുത് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. ആ ഓവറില്‍ ഒരു സിക്സും ബൗണ്ടറിയും നേടിയ ശേഷമാണ് പൊള്ളാൾഡ് പുറത്താകുന്നത്. 13 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ജോസഫ് പുറത്താകാതെ നിന്നു.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെന്തിയ മുംബൈയുടെ തുടക്കം മെല്ലേയായിരുന്നു. ഓപ്പണർമാരായ ക്വിന്റോൺ ഡിക്കോക്ക്(23 പന്തിൽ 24), സിദ്ദേഷ് ലാഡ്(13 പന്തിൽ 15) എന്നിവർ അധികം വൈകാതെ പുറത്തായി. പിന്നാലെയെത്തിയ സൂര്യകുമാർ യാദവ്(15 പന്തിൽ 21) ഇഷാൻ കിഷൻ(10 പന്തിൽ 7) നിലയുറപ്പിക്കാൻ സാധിക്കാതെ പുറത്തായി.
ഒറ്റത്ത് തകർത്തടിച്ച പൊള്ളാർഡിനൊപ്പം ഹർദിക്ക് പാണ്ഡ്യ എത്തിയതോടെ മുംബൈ ഇന്ത്യൻസിന് വിജയപ്രതീക്ഷ കൈവന്നു. 13 പന്തിൽ 19 റൺസെടുത്തു നിൽക്കെ ഹർദിക്ക് മുഹമ്മദ് ഷമിയുടെ പന്തിൽ മില്ലർക്ക് ക്യാച്ച് നൽകി മടങ്ങി. ക്രുനാല്‍ പാണ്ഡ്യ (1) വന്നപാടേ മടങ്ങി. എന്നാൽ പ്രതീക്ഷ കൈവിടാതെ പൊരുതിയ പൊള്ളാർഡ് മുംബൈയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. പഞ്ചാബിന് വേണ്ടി ഷമി മൂന്നു വിക്കറ്റ് നേടി. രാജ്പുത്, ആർ.അശ്വിൻ, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തു. 64 പന്തില്‍ ആറു വീതം സിക്സും ബൗണ്ടറിയുമായി 100 റണ്‍സെടുത്ത രാഹുല്‍ പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റിൽ ക്രിസ് ഗെയിൽ-രാഹുൽ സഖ്യം 116 റൺസാണ് അടിച്ചുകൂട്ടിയത്. പവർപ്ലേ ഓവറുകളിൽ ഇരുവരും റൺസുകൾ അടിച്ചുകൂട്ടി. ഗെയിലിനെ പുറത്താക്കി ജേസണ്‍ ബെഹറന്‍ഡോര്‍ഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഗെയിൽ വെറും 36 പന്തില്‍ നിന്ന് ഏഴു സിക്സും മൂന്നു ബൗണ്ടറിയുമടക്കം 63 റൺസെടുത്തു.
തുടർന്നെത്തിയ ഡേവിഡ് മില്ലർ ഏഴു റൺസുമായി കൂടാരം കയറി. കരുണ്‍ നായര്‍ (5), സാം കറന് (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മൻദീപ് സിംഗ്(7) പുറത്താകാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി ഹർദിക് പാണ്ഡ്യ രണ്ടും ജസ്പ്രീത് ബുംറെയും ബെഹറന്‍ഡോര്‍ഫും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.