റവ.ഫാ. ജോസി ഏറത്തേടത്ത് CMI

ലിയ നോമ്പ് ആചരണത്തിലൂടെ ഈശോയുടെ രക്ഷാകര പദ്ധതിയുടെ ക്ലൈമാക്‌സായ വിശുദ്ധവാരത്തിലേയ്ക്ക് നാം നടന്നടുക്കുകയാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ തുടക്കം സൃഷ്ടിയുടെ വിവരണത്തില്‍ ഉല്‍പത്തി 1-ാം ആദ്ധ്യായം 1 മുതലുള്ള തിരുവചനങ്ങളില്‍ നാം വായിക്കുന്നുണ്ട്. ദൈവം പഴയ ആകാശവും പഴയ ഭൂമിയും രൂപീകരിച്ച് തന്റെ സൃഷ്ടി പൂര്‍ത്തിയാക്കിയത് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കര്‍മ്മങ്ങളിലൂടെയാണെങ്കില്‍ ദൈവം പുതിയ ആകാശവും പുതിയ ഭൂമിയും രൂപീകരിച്ച് രക്ഷ പൂര്‍ത്തിയാക്കിയതും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിശുദ്ധ വാരത്തിലൂടെയാണ്. സൃഷ്ടി കര്‍മ്മത്തില്‍ രൂപരഹിതവും ശൂന്യവും അന്ധകാരം നിറഞ്ഞതുമായ ഭൂമിയില്‍ അവിടുന്ന് വചനമയച്ച് രൂപവും വെളിച്ചവും പകര്‍ന്നെങ്കില്‍ രക്ഷാകര്‍മ്മത്തില്‍ തന്റെ ഉത്ഥാനത്തിലൂടെ അവിടുന്ന് ലോകത്തിന് നിത്യപ്രകാശം പ്രദാനം ചെയ്തു. ഇങ്ങനെ പഴയ സൃഷ്ടിയില്‍ നിന്ന് പുതിയ സൃഷ്ടിയിലേയ്ക്കുള്ള പരിണാമം വി. ഗ്രന്ഥത്തിന്റെ ഏടുകള്‍ വിസ്മയനീയമായ വിധം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. അവയിലൂടെയുള്ള തീര്‍ത്ഥയാത്രയാണ് ഈ ലേഖനം.

ഏദനിലെ അറിവിന്റെ വൃക്ഷവും ഗാഗുല്‍ത്തായിലെ അനുഭവത്തിന്റെ വൃക്ഷവും

ഏദന്‍ തോട്ടത്തിന്റെ ഒത്ത നടുവില്‍ നന്മതിന്മകളെക്കുറിച്ചുള്ള ‘അറിവിന്റെ വൃക്ഷം’ നട്ട ദൈവം ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്റെയും ഒത്തനടുക്ക് ഗാഗുല്‍ത്താമലയില്‍ അനുഭവത്തിന്റെ വൃക്ഷം നട്ടു – പീഡാനുഭവത്തിന്റെ കുരിശുമരണം. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം തിന്നുന്ന ദിവസം നീ മരിക്കും (ഉത്പത്തി 1,17) എന്ന് മുന്നറിയിപ്പു കൊടുത്ത ദൈവം നന്മതിന്മകളെ വേര്‍തിരിച്ച് അനുഭവത്തിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്നവന്‍ എന്നേയ്ക്കും ജീവിക്കും എന്ന് അരുളിച്ചെയ്യുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു ആരെങ്കിലും ഈ അപ്പത്തില്‍നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും (യോഹ 6,51). അറിവിന്റെ വൃക്ഷത്തിന്റെ ഫലം ആസ്വാദ്യവും കണ്ണിനു കൗതുകവും ആയി തോന്നിയ ഹവ്വയുടെ സ്വീകാര്യതയായിരുന്നില്ല അനുഭവത്തിന്റെ വൃക്ഷത്തിന്റെ ഫലം കണ്ട മനുഷ്യന്റേത്. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു (ഏശയ്യ 53,3) എന്നു നാം വചനത്തില്‍ വായിക്കുന്നു. അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ച ആദിമാതാപിതാക്കള്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ നിന്നും മാറി മരങ്ങള്‍ക്കിടയില്‍ ഒളിച്ചു (ഉല്‍പത്തി 3,8). നഗ്നനായതുകൊണ്ട് ദൈവത്തിന്റെ മുമ്പില്‍ വരാന്‍ മടിച്ച് (ഉല്പ.3,10) മരത്തിനു മറഞ്ഞുനിന്ന ആദത്തിന്റെ മുമ്പില്‍ ദൈവം നഗ്നനായി മരത്തില്‍ കിടന്നു. അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ച് പറുദീസായില്‍ നിന്നും പുറത്താക്കപ്പെട്ടവരായ നാം അനുഭവത്തിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ച് ആ പറുദീസായിലേയ്ക്ക് തിരികെ പ്രവേശിച്ചിരിക്കുന്നു. വചനം പറയുന്നു, ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഇടയനും പാലകനുമായവന്റെ അടുത്തേയ്ക്ക് മടങ്ങിവന്നിരിക്കുന്നു (1 പത്രോ 2,25).

ഓശാനയെന്ന നിലവിളി

ഓശാന തിരുനാളിലൂടെ നാം വിശുദ്ധ വാരത്തിലേയ്ക്കു കടക്കുകയാണ്. കുരുത്തോലകള്‍ കൈകളിലേന്തി ഹോസാന ഗീതങ്ങളോടെ ദൈവാലയത്തിലേയ്ക്കു പ്രവേശിക്കമ്പോള്‍ മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റു പറഞ്ഞ് മഹത്ത്വപ്പെടുത്തുകയാണു നാം. ഹോസാന എന്ന പദം ഹോഷിയാന എന്ന പദത്തില്‍ നിന്നും രൂപപ്പെട്ടതാണ്. ‘കര്‍ത്താവേ രക്ഷിക്കണേ’ എന്നാണ് അതിന്റെ ആര്‍ത്ഥം. രക്ഷയ്ക്കായി ഒരു ജനതമുഴുവനും അലമുറയിടുമ്പോള്‍ കര്‍ത്താവിന്റെ നാമത്തില്‍ വന്ന രാജാവിന് അവരെ രക്ഷിക്കാതിരിക്കാനാവില്ലല്ലോ. യുദ്ധവീരന്മാരായ രാജാക്കന്മാരെ കുതിരപ്പുറത്ത് കണ്ടിരുന്ന ആ ജനത്തിന് കഴുതപ്പുറത്തു കയറിവരുന്ന സമാധാനരാജാവിന്റെ ഭാഷ സ്‌നേഹത്തിന്റെ ഭാഷയാണെന്ന് മനസ്സിലാക്കാന്‍ ആ രാജാവിന്റെ കുരിശുമരണം വരെ കാത്തിരിക്കേണ്ടിവന്നു. വാളുകൊണ്ടല്ല സ്‌നേഹംകൊണ്ടാണ് ഈ രാജാവിന്റെ വിജയം എന്നും യുദ്ധംകൊണ്ടല്ല സഹനംകൊണ്ടാണ് ഈ രാജാവിന്റെ ചെറുത്തുനില്‍പ്പെന്നും ഓശാനതിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

കടന്നുപോകാനല്ല കൂടെ വസിക്കാന്‍

പുതിയ പെസഹാ സംഹാരദൂതന്റെ കടന്നുപോകലല്ല മറിച്ച് ദൈവപുത്രന്റെ കടന്നുവരവും കൂടെ വസിക്കലുമാണ്. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന അപ്പം ഞാനാണ് എന്നു പറഞ്ഞുകൊണ്ട് എപ്പോഴും നമ്മുടെ കൂടെ ആയിരിക്കുവാന്‍ ഓരു ചെറുകാറ്റില്‍ പോലും പറന്നുപോകുന്ന ഗോതമ്പ് അപ്പത്തില്‍ കൊടുങ്കാറ്റിനെ ശാന്തമാക്കിയവന്‍ സ്വയം ചേര്‍ത്തുവച്ചത് അന്ന് ആ പെസഹാ തിരുനാളിലാണ്. പരി. കുര്‍ബാനയിലൂടെയും പൗരോഹിത്യത്തിലൂടെയും ഇന്നു മിശിഹാ നമ്മോടൊപ്പം വസിക്കുന്നു.

മോറിയമലയും ഗാഗുല്‍ത്താമലയും

പഴയനിയമത്തില്‍ വിശ്വാസികളുടെ പിതാവായ അബ്രാഹം ഇസഹാക്കിനെ ബലിയര്‍പ്പിക്കുവാനായി മോറിയാമലയിലേയ്ക്കു പോയപ്പോള്‍ ബലിക്കുള്ള കുഞ്ഞാട് താനാണെന്ന് അറിയാതെ ബലിപീഠത്തിനുവേണ്ട വിറകും ചുമലിലേറ്റി നടന്നുകയറിയ ഇസഹാക്കിനെപ്പോലെയല്ല പുതിയനിയമത്തിലെ പുത്രന്റെ മലകയറ്റം. ബലിയര്‍പ്പണത്തിനുള്ള വിറക് ചുമലില്‍ കുരിശമരത്തിന്റെ രൂപത്തില്‍ ചുമക്കുമ്പോള്‍ ബലിമൃഗത്തിന്റെ ആത്മസംഘര്‍ഷങ്ങള്‍ അവിടുത്തെ ഹൃദയത്തില്‍ മിന്നിമറഞ്ഞിരുന്നു. ബലിക്കുള്ള കുഞ്ഞാട് എവിടെ എന്ന് പിതാവിനോട് ഇസഹാക്ക് ചോദിച്ചപ്പോള്‍ അതു ദൈവം നമുക്ക് തരും എന്നു പറഞ്ഞ് ഒരു ആശ്വാസവാക്ക് പറയുവാന്‍ പിതാവായ അബ്രാഹമുണ്ടായിരുന്നെങ്കില്‍ ‘കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ’ എന്ന് പിതാവിനോട് അഭ്യര്‍ത്ഥിച്ച പ്രിയപുത്രന്റെ മുമ്പില്‍ മൗനമായിരുന്നു പിതാവായ ദൈവത്തിന്റെ മറുപടി. ആ മൗനത്തിന്റെ അര്‍ത്ഥം തന്റെ മകന്റെ രക്തംകൊണ്ട് ലോകത്തെ മുവുവന്‍ വീണ്ടെടുക്കുവാനുള്ള ഒരു പിതാവിന്റെ അടങ്ങാത്ത സ്‌നേഹമായിരുന്നു എന്ന് നമുക്കറിയാം. പൗരോഹിത്യ വിധിപ്രകാരം ധാന്യബലിയും ധൂപബലിയും പാപപരിഹാര ബലിയും അര്‍പ്പിച്ചിരുന്നവര്‍ക്കു മുമ്പില്‍ ബലിവസ്തുവും ബലിയര്‍പ്പികനുമായി തന്നെത്തന്നെ മാറ്റിക്കൊണ്ട് പുതിയ ബലിയര്‍പ്പണം പീഡാനുഭവതിരുനാള്‍ ദിവസം ഈശോ നടത്തുകയായിരുന്നു.

പുതിയ സൃഷ്ടി

വെളിച്ചം സൃഷ്ടിച്ച് അതിന് പകലെന്നും ഇരുളിന് രാത്രിയെന്നും ദൈവം പേരിട്ട ഒന്നാം ദിവസം, അഥവാ ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ സൂര്യനുദിച്ചപ്പോള്‍ തന്നെ അവര്‍ ശവകുടീരത്തിങ്കലേയ്ക്കു പോയി (മര്‍ക്കോ. 16,2). അവിടെ അവര്‍ ഒരു പുതിയ വെളിച്ചം കണ്ടു. ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടതായി കണ്ടത് പുത്തന്‍ സൂര്യോദയത്തിന്റെ തുടക്കമായിരുന്നു. നീതിസൂര്യനായ മിശിഹാ ജനതകളുടെമേല്‍ പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു.

ഉപസംഹാരം

എല്ലായിടത്തും അഭിനന്ദനങ്ങളും ജയ് വിളികളും സ്തുതിപാടലുകളും അംഗീകാരം കിട്ടലുകളും ഐശ്യര്യജീവിതവും നിറഞ്ഞു നില്‍ക്കുന്ന ഓശാന ഞായറാഴ്ചകളില്‍ ജീവിക്കുവാന്‍ എളുപ്പമാണ്. എന്നാല്‍ സ്വയം മുറിച്ചു വിളമ്പുവാനും സ്വയം ചെറുതാക്കി അപരന്റെ കാലുകഴുകുവാനും ഇടയാക്കുന്ന പെസഹാ വ്യാഴാഴ്ചകള്‍ നമ്മെ അലോരസപ്പെടുത്തും. നിസ്വാര്‍ത്ഥമായി സ്‌നേഹിച്ചും പകുത്തു നല്‍കിയും കൂടെ കൂടിയവര്‍ ഒറ്റിക്കൊടുത്തും കാലുവാരിയും കുറ്റം പറഞ്ഞും തള്ളിപ്പറഞ്ഞും നമ്മെ തനിച്ചാക്കുന്ന ദുഃഖവെള്ളികളില്‍ കര്‍ത്താവേ ഇവരോട് ക്ഷമിക്കണമേ എന്നു പ്രാര്‍ത്ഥിക്കുവാനും ആത്മാര്‍ത്ഥമായി ക്ഷമിക്കുവാനും നമുക്ക് കഴിയാറുണ്ടോ? ആത്മാര്‍ത്ഥമായി ക്ഷമിക്കുന്നിടത്തുനിന്നും ആത്മീയത ജനിക്കുകയാണ്. വലിയ ശനിയാഴ്ച പുത്തന്‍ പുലരിയുദിക്കുമ്പോള്‍ ഇന്നലെകളില്‍ ഒറ്റിക്കൊടുത്തവരെയും തള്ളി പറഞ്ഞവരെയും തിരസ്‌കരിച്ചവരെയും പുതിയ ആവേശത്തോടെ പൂര്‍ണ്ണമായി ക്ഷമിച്ചുകൊണ്ട് ചേര്‍ത്തു നിര്‍ത്താന്‍ പറ്റുന്നിടത്ത് മിശിഹായുടെ പുതുചൈതന്യം നിറയുകയാണ്. അവന്റെ പുനരുത്ഥാനം പാപത്തിന്റെ സകല ആധിപത്യങ്ങളുടെയും മേലുള്ള വിജയമായി മാറ്റുമ്പോള്‍ മരണത്തെ വിജയം ഗ്രസിച്ചു (1 കൊറി. 15,54) എന്നു നാം ഏറ്റു പറയും. പറുദീസായില്‍ അന്ന് കൈ നീട്ടിയപ്പോള്‍ വൃക്ഷം മനുഷ്യന് മരണം സമ്മാനിച്ചെങ്കില്‍ ഗാഗുല്‍ത്തായില്‍ കൈവിരിച്ചപ്പോള്‍ വൃക്ഷം മനുഷ്യന് ജീവന്‍ പ്രദാനം ചെയ്തു. അത് അന്ധകാരത്തിന്റെ എല്ലാ ആധിപത്യങ്ങളില്‍ നിന്നുമുള്ള ഉയിര്‍പ്പാണ്, പാപത്തിന്റെ എല്ലാ ചങ്ങലകളെയും പൊട്ടിച്ചുകൊണ്ടുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്, സ്വര്‍ഗ്ഗവും ഭൂമിയും ഒന്നായി ചേരലാണ്, ശത്രുതയുടെമേലുള്ള ക്ഷമയുടെ ഉയിര്‍പ്പാണ്. നഷ്ടപ്പെട്ട സഹോദരങ്ങളെ കണ്ടെത്തി തോളിലേറ്റുന്ന ദൈവിക ചൈതന്യമാണ്. ക്ഷമയുടെ ശക്തിയിലും ചൈതന്യത്തിലും നിറഞ്ഞ പുതിയ ആകാശവും പുതിയ ഭൂമിയും ഈ വിശുദ്ധവാരം നമുക്കു പ്രദാനം ചെയ്യട്ടെ.