സഹായിക്കുവാനും സഹകരിക്കുവാനും മടി കാട്ടുന്ന ഇന്നത്തെ സമൂഹത്തിന് ഒരു വലിയ ഉപദേശമാണ് നോമ്പിന്റെ മുപ്പത്തിയൊമ്പതാം ദിവസമായ ഇന്നത്തെ ഈ വചനഭാഗം. എനിക്കുള്ളവയും ഞാൻ നേടിയവയും എന്റേതുമാത്രമായിരിക്കണം എന്ന ദുഷിച്ച മനസ്തിതിയെ നമ്മിൽ വച്ചു പുലർത്താതെ എനിക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെയ്ക്കുവാനുള്ള നല്ല മനസിനുടമകളാകുവാൻ നമുക്ക് സാധിക്കണം. മുതിർന്നവരെ കണ്ടു പഠിക്കുന്ന വളർന്നു വരുന്ന തലമുറയ്ക്കുകൂടി മാതൃകയാകും വിധം പരസ്പരം സഹകരണ മനോഭാവം വച്ചു പുലർത്തുവാൻ നമുക്കോരോരുത്തർക്കും സാധിക്കണം. സമ്പാദ്യത്തിന്റെ അളവിലല്ല, മറിച്ച് ഉള്ളവയിൽ നിന്നും പങ്കുവയ്ക്കുവാനുള്ള മനോഭാവം വളർത്തുവാൻ നമുക്ക് സാധിച്ചാലെ നാം പോലും പ്രതീക്ഷിക്കാത്ത നന്മകൾ നമ്മുടെ ജീവിതത്തിലുണ്ടാവൂ. മറ്റുള്ളവരുടെ കുറവുകളെ പറയാതെ അറിയുവാനും മനസ്സറിഞ്ഞു കൊടുക്കുവാനും സാധിച്ചാൽ മാത്രമേ സർവവ്യാപിയായ ദൈവം നമ്മുടെ ജീവിതത്തിലെ കുറവുകളെ മനസിലാക്കി മറ്റു രൂപത്തിൽ അവയ്ക്കു പരിഹാരം നൽകുകയുള്ളു. അപ്രകാരം ഈശോ പഠിപ്പിച്ചതു പോലെ ആവശ്യങ്ങളറിഞ്ഞു സഹായിച്ച് നല്ല മനസിനുടമകളായി തീരുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ