റഫാൽ യുദ്ധ വിമാന ഇടപാടിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകൾ റഫാൽ യുദ്ധവിമാന ഇടപാടിൽ തെളിവായി സ്വീകരിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രഖ്യാപനം നടത്തിയത്.
പത്രം പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിൽ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്, ബിജെപി മുൻ നേതാക്കളായ യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പുനഃപരിശോധന ഹർജി പരിഗണിക്കാമെന്നും കോടതി പരാമർശിച്ചു. പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കുന്ന തീയതി പിന്നീട് തീരുമാനിക്കും.
റഫാൽ ഇടപാടിൽ മോദി സർക്കാരിനു ക്ലീൻചിറ്റ് നൽകിയ ഡിസംബറിലെ വിധി പുതിയ രേഖകളുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കാമോ എന്നാണ് കോടതി പരിശോധിച്ചത്. രഹസ്യരേഖകളാണ് ചോർത്തപ്പെട്ടിരിക്കുന്നതെന്നും അവ തെളിവായി സ്വീകരിക്കരുതെന്നും ഇത് രാജ്യ സുരക്ഷയുടെ ഭാഗമാണെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചിരുന്നു. ഇവ തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ദി ഹിന്ദു ചെയർമാൻ എൻ. റാമാണ് പ്രതിരോധ മന്ത്രാലയത്തിൽനിന്നു ചോർത്തിയ രേഖകൾ റിപ്പോർട്ട് ചെയ്തത്. ഇത് യഥാർഥ രേഖകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമ്മതിച്ചു. വിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥർ എതിർത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്.